Image

വകുപ്പു മാറ്റത്തില്‍ ചെന്നിത്തലയെ വിശ്വാസത്തിലെടുത്തില്ലെന്നാരോപിച്ച് പ്രതിഷേധം അറിയിക്കും

Published on 15 April, 2012
വകുപ്പു മാറ്റത്തില്‍ ചെന്നിത്തലയെ വിശ്വാസത്തിലെടുത്തില്ലെന്നാരോപിച്ച് പ്രതിഷേധം അറിയിക്കും
കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ വിശ്വാസത്തിലെടുത്തില്ലെന്നാരോപിച്ച് 'ഐ' വിഭാഗം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ച്.

വകുപ്പുമാറ്റം തിരക്കിട്ട് കൈക്കൊള്ളേണ്ടിവന്നതാണെന്ന നിലപാടാണ് മുഖ്യമന്ത്രിയോട് അടുത്തകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അനുമതിക്കുശേഷം ഇക്കാര്യം മുഖ്യമന്ത്രി ആദ്യം അറിയിച്ചത് കെ.പി.സി.സി. പ്രസിഡന്‍റിനെയാണെന്നും അവര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഇക്കാര്യത്തിലെ പ്രതിഷേധം കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല തന്നെ കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേയും അറിയിച്ചതായാണ് സൂചന.

മുസ്‌ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നായിരുന്നു. ഇതിനുള്ള ഉത്തരവാദിത്വം രമേശ് ഒഴിയുന്നില്ല. എന്നാല്‍, തന്നോട് കാര്യമായി ആലോചിക്കാതെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയെന്ന് അദ്ദേഹത്തിന് പരാതിയുണ്ട്. ഇതിനാല്‍ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന നിലപാടും അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്.

വകുപ്പുമാറ്റം സംബന്ധിച്ച് ആദ്യം അറിയിച്ചത് കെ.പി.സി.സി. പ്രസിഡന്‍റിനെയാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനേയും വിശാല 'ഐ' വിഭാഗം ചോദ്യം ചെയ്യുകയാണ്. മന്ത്രിസഭയിലെ മാറ്റം ആദ്യം പാര്‍ട്ടിയുമായി ആലോചിക്കേണ്ടതായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അങ്ങനെ ആലോചിച്ച് പോംവഴി ഉണ്ടാക്കിയശേഷം കേന്ദ്രനേതൃത്വത്തില്‍ നിന്നും അനുമതി വാങ്ങുകയാണ് വേണ്ടിയിരുന്നതെന്നും 'ഐ' വിഭാഗം നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസിലെ പുതിയ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്‍റും പരസ്പരം പരസ്യവിമര്‍ശനം നടത്തിയിട്ടില്ലെങ്കിലും പാര്‍ട്ടിയിലെ ഇരുവരുടേയും അനുയായികള്‍ ഒളിയമ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക