Image

ജനീവയില്‍ സൈറണ്‍ മുഴങ്ങുമ്പോള്‍...മുരളി തുമ്മാരുകുടി

Published on 05 February, 2019
ജനീവയില്‍ സൈറണ്‍ മുഴങ്ങുമ്പോള്‍...മുരളി തുമ്മാരുകുടി
എന്റെ ചെറുപ്പകാലത്ത് ആളുകള്‍ക്ക് വാച്ചുകള്‍ സര്‍വ്വ സാധാരണം ആയിരുന്നില്ല. എന്തിന് മിക്ക വീടുകളിലും ക്ലോക്കോ ടൈം പീസോ പോലും ഇല്ലായിരുന്നു. അച്ഛനും അമ്മാവനും വാച്ചുണ്ടായിരുന്നെങ്കിലും അവര്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ തുമ്മാരുകുടിയിലും സമയം അറിയാന്‍ മാര്‍ഗ്ഗം ഒന്നുമുണ്ടായിരുന്നില്ല.

അക്കാലത്ത് സമയം അറിയാന്‍ ഏറെ ഉപകാരപ്പെട്ടിരുന്നത് രാവിലെയും വൈകുന്നേരവും മുഴങ്ങുന്ന സൈറണ്‍ ആയിരുന്നു. രാവിലെ ഏഴു മണിക്കും വൈകീട്ട് അഞ്ചു മണിക്കും ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. സൈറണ്‍ കേട്ടാല്‍ ഉടന്‍ തന്നെ പാടത്തെ ജോലികള്‍ ഒക്കെ നിര്‍ത്തി ആളുകള്‍ വീട്ടില്‍ പോകാന്‍ നോക്കും.

എവിടെ നിന്നാണ് സൈറണ്‍ വരുന്നതെന്ന് ഞങ്ങള്‍ക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. പെരുമ്പാവൂരിലെ മുനിസിപ്പല്‍ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ ആവോ.

പില്‍ക്കാലത്ത് വാച്ചുകള്‍ സര്‍വ്വ സാധാരണം ആയി, ക്‌ളോക്കുകളുടെ വില ഏറെ കുറഞ്ഞു. ആരും സൈറണ്‍ നോക്കി സമയം അറിയാതെ ആയി. സൈറണ്‍ എന്നോ അങ്ങ് നിന്ന് പോയി, ആരും അന്വേഷിച്ചുമില്ല.

ആളുകളെ സമയം അറിയിക്കാനാണോ സൈറണ്‍ ഉണ്ടാക്കിയത് ?, എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഇതുണ്ടായിരുന്നോ ഇതൊന്നും എനിക്ക് അറിയില്ല. നിങ്ങളുടെ ചെറുപ്പ കാലത്ത് നിങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഒന്ന് പറയണം.

ഞാന്‍ ഇതൊക്കെ ഇന്ന് ഓര്‍ക്കാന്‍ കാരണം ഉണ്ട്. നാളെ ഉച്ചക്ക് സ്വിറ്റസര്‍ലാണ്ടില്‍ എങ്ങും സൈറണ്‍ മുഴങ്ങും. ഏതാണ്ട് കേരളത്തിന്റെ അത്രയും തന്നെ വിസ്തീര്‍ണ്ണം ഉള്ള സ്വിറ്റ്സര്‍ലണ്ടില്‍ മൊത്തം ഏഴായിര്‍ത്തി ഇരുന്നൂറ് സൈറണ്‍ ഉണ്ട്. അതെല്ലാം ഒറ്റയടിക്കാണ് മുഴങ്ങുന്നത്.

സ്വിറ്റ്സര്‍ലന്‍ഡില്‍ സൈറണ്‍ മുഴങ്ങുന്നതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് പൊതുവില്‍ ഉള്ള എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടെങ്കില്‍ അത് നാട്ടുകാരെ അറിയിക്കാന്‍. ഒച്ച കൂട്ടിയും കുറച്ചും ഒരു മിനുട്ട് നീണ്ടു നില്‍ക്കുന്ന സൈറണ്‍ ആണിത്. അഞ്ചു മിനുട്ടിനുള്ളില്‍ ഇത് ആവര്‍ത്തിക്കും. സൈറണ്‍ കേട്ടാല്‍ ഉടന്‍ ടി വി യും റേഡിയോയും ശ്രദ്ധിക്കണം. എന്താണ് വിഷയം എന്നും എന്താണ് ചെയ്യേണ്ടതെന്നും അധികാരികള്‍ പറയും. അതനുസരിച്ചു പ്രവര്‍ത്തിക്കണം. അടുത്ത വീട്ടില്‍ അന്വേഷിച്ച് അവര്‍ വിവരം അറിഞ്ഞോ, അവിടെ പ്രായമായവരോ, രോഗികളോ മറ്റേതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുള്ളവരോ ഉണ്ടെങ്കില്‍ അവരെ സഹായിക്കാനുള്ള ഏര്‍പ്പാട് ചെയ്യണം. ഇതാണ് പൗര ധര്‍മ്മം.

രണ്ടാമത് ഒരു തരത്തില്‍ കൂടി സൈറണ്‍ മുഴങ്ങാം. ഇരുപത് സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന ഉച്ചത്തില്‍ ഉള്ള സൈറണ്‍ ആണിത്. പത്തു സെക്കന്‍ഡ് കഴിയുമ്പോള്‍ ഇത് ആവര്‍ത്തിക്കും. ഇത് ജലനിരപ്പ് ഉയരുന്നു അല്ലെങ്കില്‍ ഡാമുകള്‍ തുറന്നു വിടാന്‍ പോകുന്നു എന്നതിന്റെ സിഗ്‌നല്‍ ആണ്. ഇത് കിട്ടിയാല്‍ ഉടന്‍ വെള്ളപ്പൊക്ക അപകട സാധ്യത ഉണ്ടെന്ന് മുന്‍കൂര്‍ അധികാരികള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഉള്ളവര്‍ സ്ഥലം വിട്ട് ഉയരങ്ങളിലേക്ക് പോകണം. അവിടെ പിന്നെ മുന്‍ പിന്‍ നോക്കരുത്.

രണ്ടാം ലോകമഹായുദ്ധ കാലത്താണ് സ്വിറ്റസര്‍ലണ്ടില്‍ ഇങ്ങനെ ഒരു സൈറണ്‍ സംവിധാനം ഉണ്ടാക്കിയത്. യുദ്ധത്തോട് അനുബന്ധിച്ചുള്ള ബോംബിങ്ങോ മറ്റു അടിയന്തിരാവസ്ഥയോ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ആയിരുന്നു. യുദ്ധം കഴിഞ്ഞപ്പോളും ഒട്ടും യുദ്ധ സാധ്യത ഇല്ലാഞ്ഞിട്ടും സ്വിസ്സ്‌കാര്‍ ഗുണകരമായ ഈ സംവിധാനം അഴിച്ചു മാറ്റിയില്ല.

നാളത്തെ സൈറണ്‍ ഇത് ടെസ്റ്റ് ചെയ്യുന്നതാണ്. സൈറണ്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ഒരു വശത്ത്. സൈറണ്‍ വന്നാല്‍ എന്ത് ചെയ്യണം എന്ന് കുട്ടികള്‍ ഉള്‍പ്പടെ ഉള്ളവരെ ഓര്‍മ്മിപ്പിക്കുക എന്നത് അടുത്തത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ട് എഴുപത്തി നാലു വര്‍ഷങ്ങള്‍ ആകുന്നു. എന്നിട്ടും വര്‍ഷാവര്‍ഷവും ആളുകളെ ഏത് അടിയന്തിരാവസ്ഥക്കും സജ്ജരാക്കി നിര്ത്തുന്നു.

കഴിഞ്ഞ ദുരന്ത കാലത്ത് ഡാമുകളുടെ പ്രവര്‍ത്തനത്തെ പറ്റി, അത് എപ്പോള്‍ ആണ് തുറന്നത്, അതിന് മുന്‍പ് എന്ത് നിര്‍ദ്ദേശങ്ങള്‍ ആണ് ആളുകള്‍ക്ക് ലഭിച്ചത് എന്നതിനെ പറ്റിയൊക്കെ ചര്‍ച്ച ഉണ്ടായല്ലോ. നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും എന്ത് ചെയ്യണം എന്നറിയാത്തവര്‍ ഏറെ ഉണ്ടായിരുന്നു. ദുരന്തം കഴിഞ്ഞു ആറുമാസം ആയിട്ടും നമുക്ക് പുതിയ സംവിധാനങ്ങള്‍ ഒന്നും ആയിട്ടില്ല. എങ്ങനെയാണ് ദുരന്തങ്ങള്‍ക്ക് തയ്യാറെടുക്കേണ്ടത് എന്നറിയാന്‍ ഏറെ ലോക മാതൃകകള്‍ ഉണ്ട്. ശ്രദ്ധിക്കാനും ഉപയോഗിക്കാനും നാം തയ്യാറായാല്‍ മാത്രം മതി.
ജനീവയില്‍ സൈറണ്‍ മുഴങ്ങുമ്പോള്‍...മുരളി തുമ്മാരുകുടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക