Image

പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയും രാഷ്ട്രീയത്തിലേക്ക്

Published on 06 February, 2019
പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയും രാഷ്ട്രീയത്തിലേക്ക്
ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയും രാഷ്ട്രീയത്തിലേക്ക്. സിന്ധ്യ രാജകുടുംബത്തിലെ മരുമകളായ പ്രിയദര്‍ശിനി രാഷ്ട്രീയത്തിന്റെ ഗ്ലാമറുകളില്‍നിന്നെല്ലാം വിട്ടുനിന്ന് കുടുംബിനിയായി കഴിയുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഭര്‍ത്താവിന്റെ മണ്ഡലത്തിലെ പ്രചാരണത്തിനു മാത്രമാണ് ഇവര്‍ പങ്കെടുത്തിരുന്നത്.അടുത്തിടെ ഒരു ദേശീയമാധ്യമത്തോടു സംസാരിക്കവെ പ്രിയദര്‍ശിനിയുടെ ലാളിത്യത്തെ മഹാരാഷ്ട്ര മന്ത്രി പ്രദും സിങ് തോമര്‍ പുകഴ്ത്തിയിരുന്നു. സംസ്ഥാനത്തു പാര്‍ട്ടിയുടെ ജനപ്രിയത പ്രിയദര്‍ശിനിയുടെ വരവോടെ കുതിച്ചുയരും. പ്രിയങ്കയെയും സിന്ധ്യയെയും യുപി കോണ്‍ഗ്രസിന്റെ ചുമതലയേല്‍പ്പിച്ചത് സംസ്ഥാനത്ത് പാര്‍ട്ടിക്കു കുതിപ്പേറ്റിയിരുന്നു. സമാന സാഹചര്യം മധ്യപ്രദേശിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും തോമര്‍ വ്യക്തമാക്കി. പ്രിയദര്‍ശിനിയുടെ വരവ് വനിതകള്‍ക്കും യുവത്വത്തിനും ആവേശമാകുമെന്നും സിന്ധ്യയുടെ വിശ്വസ്തനായ തോമര്‍ അഭിപ്രായപ്പെട്ടു.

അതേസമയം പ്രിയദര്‍ശിനി മത്സരിക്കുകയാണെങ്കില്‍ സിന്ധ്യ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ഗുണ- ശിവ്പുരി പാര്‍ലമെന്റ് സീറ്റിലായിരിക്കുമെന്നാണ് കരുതുന്നത്. നേരത്തേ രാജമാതാ വിജയ രാജെ സിന്ധ്യയും പിന്നാലെ ജ്യോതിരാദിത്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുമാണ് ഈ സീറ്റില്‍ മത്സരിച്ചിരുന്നത്. 2002 മുതല്‍ ഈ സീറ്റില്‍ വിജയിക്കുന്നത് ജ്യോതിരാദിത്യയാണ്. ഭാര്യയെ മത്സരരംഗത്തിറക്കുകയാണെങ്കില്‍ സിന്ധ്യ കുടുംബത്തിന്റെ സുരക്ഷിതമായ ഗുണ - ശിവ്പുരിയില്‍ പ്രിയദര്‍ശിനിയെ മത്സരിപ്പിച്ചു ജ്യോതിരാദിത്യ ഗ്വാളിയോറില്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

യുപിയിലെ 46 മണ്ഡലങ്ങളുടെ നിര്‍ണായക ചുമതലയാണു ജ്യോതിരാദിത്യയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനായി പൊതുതിരഞ്ഞെടുപ്പില്‍ മറ്റെവിടെനിന്നെങ്കിലും അദ്ദേഹത്തിനു മത്സരിക്കേണ്ടിവന്നാല്‍ പ്രിയദര്‍ശിനിയെ ഗുണയില്‍ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവായ യോഗേന്ദ്ര ലുംബ പറഞ്ഞു. ഗുണയില്‍ ആരെ മത്സരിപ്പിക്കണമെന്നു തീരുമാനിക്കാന്‍ തിങ്കളാഴ്ച പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. നിരവധി നേതാക്കള്‍ പ്രിയദര്‍ശിനിയുടെ സ്ഥാനാര്‍ഥിത്വം ഉന്നയിച്ചുവെന്നുമാണു റിപ്പോര്‍ട്ടുകള്‍.അതേസമയം, ഇക്കാര്യത്തെക്കുറിച്ചു സിന്ധ്യ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ജ്യോതിരാദിത്യയുടെയും പ്രിയദര്‍ശിനിയുടെയും മകന്‍ മഹാര്യമാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്വാളിയോര്‍, ശിവ്പുരി, ഗുണ മേഖലകളിലെ പൊതു യോഗങ്ങളില്‍ സ്ഥിര സാന്നിധ്യമാണ്.

ബറോഡയിലെ ഗെയ്ക്‌വാദ് രാജകുടുംബാഗമാണ് പ്രിയദര്‍ശിനി. കുമാര്‍ സംഗ്രംസിങ് ഗെയ്ക്‌വാദിന്റെയും ആശ രാജെ ഗെയ്ക്‌വാദിന്റെയും മകള്‍. നേപ്പാളിലെ റാണാ രാജകുടുംബത്തിന്റെ പിന്‍ഗാമിയാണ് അമ്മ ആശ. ഇന്ത്യയിലെ പ്രീമിയര്‍ ലക്ഷ്വറി വനിതാ മാസികയായ വെര്‍വിന്റെ 'ബെസ്റ്റ് ഡ്രെസ്ഡ് - 2008' പട്ടികയില്‍ ഇടംനേടിയിട്ടുള്ള പ്രിയദര്‍ശിനി ഫെമിന മാസികയുടെ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 പേരുടെ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.ജയ് വിലാസ് മഹല്‍, ഉഷ കിരണ്‍ കൊട്ടാരം എന്നിവയുടെ പുനരുദ്ധാരണത്തിലും കുട്ടികള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കുന്നതിലും പ്രിയദര്‍ശിനി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക