Image

യുഎഇ ജനതക്കു സ്വന്തം ഹൃദയം നല്‍കി മാര്‍പാപ്പ മടങ്ങി

Published on 06 February, 2019
യുഎഇ ജനതക്കു സ്വന്തം ഹൃദയം നല്‍കി മാര്‍പാപ്പ മടങ്ങി

അബുദാബി : ഇസ് ലാം മതത്തിന്റെ പുണ്യഭൂമിയിലൂടെ നൂറ്റാണ്ടുകള്‍ക്കിടയില്‍ സാഹോദര്യത്തിന്റെ ദിവ്യപ്രഭാവവുമായി ,ഒരു നറുപുഞ്ചിരിയുടെ നിലാവ് പരത്തി ,ലോക സമാധാനത്തിന് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സമ്മാനിച്ച് യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങി. 

ഒരു നിമിഷത്തെ ദര്‍ശനത്തിനായി കാത്തിരുന്നവര്‍ക്കും കണ്ടവര്‍ക്കും കേട്ടറിഞ്ഞവര്‍ക്കും പാപ്പാ നല്‍കിയത് സ്വന്തം ഹൃദയം തന്നെയാണ് . മഴയുടെ ലാഞ്ചന പോലുമില്ലാതിരുന്ന യു എ ഇ യുടെ തെളിഞ്ഞ മാനം കാര്‍മേഘങ്ങള്‍കൊണ്ട് മേഘാവൃതമാകുകയും ഊഷരഭൂവില്‍ മഴയുടെ കുളിര്‍മ അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങിയതും മാര്‍പാപ്പയുടെ സന്ദര്‍ശനപുണ്യമായി യു എ ഇ യിലെ ഓരോ നിവാസികളും അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍ . 

ദിവ്യബലിയില്‍ പങ്കുചേരാന്‍ പാസ് ലഭിച്ചവര്‍ക്ക് മാത്രമല്ല സാഹോദര്യത്തിന്റേയും കരുതലിന്റേയും ധന്യ ഭൂമിയില്‍ ജീവിക്കുന്ന ഓരോ പൗരന്മാര്‍ക്കും അനുഗ്രഹവര്‍ഷം സ്വന്തം ഹൃദയങ്ങളില്‍ പെയ്തുവീണ പുണ്യാനുഭവത്തിന്റെ ദിനങ്ങളാണ് കടന്നു പോയത്. അതുകൊണ്ടുതന്നെയാണ് യുഎഇ യിലെ പ്രമുഖ ദിനപത്രമായ ഖലീജ് ടൈംസ് അതിന്റെ തലവാചകം ' ഞങ്ങള്‍ അനുഗ്രഹീതരായിരിക്കുന്നു' എന്നു കുറിച്ചത്. 

മതസാഹോദര്യത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത മതനേതാക്കളുടെ സമ്മേളനം ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഉയര്‍ത്തുന്നത് സാഹോദര്യത്തിന്റെ പുതിയ രാഷ്ട്രീയം തന്നെയാണ്. ഉയരേണ്ടതു മതിലുകളല്ല സ്‌നേഹത്തിന്റെ വിശാലതകളാണെന്ന് മതനേതാക്കള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞപ്പോള്‍ ലോകജനത മനസുകൊണ്ടെങ്കിലും പ്രത്യാശയുടെ പുതിയ ദൂതിനെ സ്വീകരിച്ചുകാണും. 

യുദ്ധങ്ങള്‍ വിതക്കുന്ന കാലുഷ്യത്തിന്റെ കണ്ണീരുണങ്ങാത്ത യെമെനും സിറിയയും ഇറാഖും ലിബിയയും ഒക്കെ പ്രത്യേക പരാമര്‍ശം നേടി . ദിവ്യബലിയുടെ വേദിയിലും മാര്‍പാപ്പ പ്രത്യാശാപൂര്‍വം പറഞ്ഞതും പ്രാര്‍ഥിച്ചതും ലോകസമാധാനത്തിന്റെ നാളുകള്‍ക്കായിരുന്നു . 
കുര്‍ബാന മദ്ധ്യേ മുഴങ്ങിയ ഗാനാലാപനത്തെ പ്രതീകവല്‍ക്കരിച്ച മാര്‍പാപ്പ , ഗായകസംഘത്തിലെ വിവിധ രാജ്യക്കാരായ ഗായകരും വിവിധ ഭാഷകളില്‍ എഴുതിച്ചേര്‍ത്ത വരികളും ഒരൊറ്റ സംഗീതത്തിന്റെ മാന്ത്രികതയില്‍ ഹൃദയഹാരിയായ ഒരു ഗാനമായി ഉയരും പോലെ , ലോകത്തിലെ എല്ലാ രാജ്യങ്ങളും സമാധാനത്തിന്റെ ,സാഹോദര്യത്തിന്റെ ഒരുമയുള്ള സംഗീതത്തില്‍ സംഗമിക്കുന്ന പുതിയ ലോകമായി തീരുന്നതാണ് പരിശുദ്ധ റൂഹായുടെ ആഗ്രഹമെന്ന് സൂചിപ്പിച്ചു . 

സൗമ്യതയും ലാളിത്യവും കൊണ്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇ നിവാസികളുടെ സ്‌നേഹപാത്രമായി തീര്‍ന്നത് . യുഎഇ യിലെ വാഹനങ്ങളില്‍ താരതമ്യേന ഏറ്റവും വിലകുറഞ്ഞ കിയാ സോള്‍ വിഭാഗത്തിലെ കറുത്ത നിറമുള്ള ഒരു ചെറിയ കാറില്‍ ഔദ്യോഗിക പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ എത്തിയ മാര്‍പാപ്പ അമ്പരപ്പാണ് സൃഷ്ടിച്ചത് . 

കാണാന്‍ കാത്തിരിക്കുന്ന കുട്ടികളും അമ്മമാരും ,മറ്റ് വിശ്വാസി സമൂഹവും മനസില്‍ ആഗ്രഹിക്കുന്നതിലും വലിയ സ്‌നേഹപ്രകടനങ്ങള്‍ കൊണ്ട് മാര്‍പാപ്പ അവരുടെ ജന്മപുണ്യമായി തീര്‍ന്നു . സ്വന്തം കുഞ്ഞുങ്ങളെ മാര്‍പാപ്പയുടെ വഴിത്താരയിലേക്ക് നീട്ടിപ്പിടിച്ച മാതാപിതാക്കള്‍ക്ക് നിരാശരാകേണ്ടിവന്നില്ല .ഓരോ കുഞ്ഞിനേയും തലയില്‍ തൊട്ടു ആശിര്‍വദിക്കാനും ആശ്ലേഷം കൊണ്ട് മൂടുവാനും ആ ആത്മീയാചാര്യന്‍ സമയം കണ്ടെത്തി. അനുഗ്രഹത്തിന്റെ കരസ്പര്‍ശനങ്ങള്‍ ഓരോ കുരുന്നുകളുടെയും കണ്ണില്‍ കണ്ണീര്‍ക്കണങ്ങളായി നിറഞ്ഞു നിന്നു. 

ലോകമാധ്യമങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഓരോന്നും ആത്മീകനിര്‍വൃതിയുടെ നൂറു നൂറു കഥകളാണ് പറയുന്നത്. മലയാളി ബാലനായ യെസക്കിയേലിനെ മാര്‍പാപ്പ ആശ്ലേഷിക്കുന്നത് ടി വിയില്‍ കണ്ടപ്പോള്‍ ഓരോ മലയാളിയും സ്വന്തം ശരീരത്തില്‍ മാര്‍പാപ്പയുടെ അനുഗ്രഹസ്പര്‍ശനം അറിഞ്ഞു. 

ഓരോ ചെറിയ കാര്യങ്ങളിലും ഒരു ചെറു ബാലന്റെ കൗതുകം ഒളിപ്പിച്ച് വച്ച പാപ്പാക്ക് അബുദാബി നഗരത്തെ ഏറെ ഇഷ്ടമായി.അത് അദ്ദേഹം ഒളിപ്പിച്ചുവച്ചതുമില്ല . ' ഈ നഗരത്തിലെ പൂക്കള്‍ എത്ര മനോഹരമാണ് .മരുഭൂമിയില്‍ എങ്ങനെയാണ് ഇത്ര സൗന്ദര്യമുള്ള പൂക്കളുണ്ടാകുക . വൃത്തിയുടെ കാര്യത്തില്‍ ഈ നഗരം എത്ര ചേതോഹരമാണ് '  തിരികെയുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു .

എന്തുകൊണ്ടാണ് എനിക്ക് ഇത്ര വലിയ സ്വീകരണം അറബ് മണ്ണില്‍ ലഭിച്ചതെന്ന് അറിയുമോ ? മാര്‍പാപ്പ ചോദിച്ചു . മറുപടിയും അദ്ദേഹം തന്നെ നല്‍കി ' ഇസ് ലാമിക ക്രിസ്തീയ രാജ്യങ്ങളുടെ പരസ് പര പൂരകമായ വളര്‍ച്ചയില്‍ താല്‍പ്പര്യമുള്ള ഈ രാജ്യത്തെ മഹാന്മാരായ ഭരണാധികാരികള്‍ക്ക് എന്നെയും അവരുടെ ദൗത്യത്തില്‍ പങ്കുചേര്‍ക്കാന്‍ തോന്നിയതിനാലാണ് എനിക്ക് അവര്‍ ഊഷ്മളമായ ഈ വരവേല്‍പ്പ് നല്‍കിയത് '. 

സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ മടങ്ങുമ്പോള്‍ ലോകജനതയും ആഗ്രഹിക്കുന്നത് മറ്റൊന്നാകില്ല. ഇനി പുലരേണ്ടതു ശാന്തിയുടെ നാളുകളാകണം . സഹവര്‍ത്തിത്വത്തിന്റെ നാളെകളാവണം . കാരണം യുദ്ധങ്ങള്‍ ഇന്നുവരെ ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കിയിട്ടില്ല .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക