അബുദാബി : യെസെക്കിയേലിനു പാപ്പയുടെ ചുംബനം. അബുദാബി സെന്റ് ജോസഫ് കത്തീഡ്രലില്‍ അമ്മയുടെ കൈകളില്‍ ഒതുങ്ങിയിരുന്ന ഒരു കുരുന്നിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്നേഹചുംബനം കൊണ്ട് മൂടി. പള്ളിയിലെത്തുന്ന പാപ്പായെക്കാണാന് തലേ ദിവസം രാത്രി മാത്രം അനുവാദം കിട്ടിയ മാതാവ് ജിഗിനക്കു ആ നിമിഷങ്ങള്‍ ഒരു ജന്മസുകൃതം തന്നെയായിരുന്നു.
നീണ്ട പ്രാര്‍ഥനകള്‍ക്ക് ദൈവം നല്കിയ മറുപടിയായിരുന്നു അവസാനനിമിഷമുള്ള അനുവാദം. മൂന്നു വയസുണ്ടെങ്കിലും മൂന്നു മാസത്തെ വളര്‍ച്ച മാത്രമുള്ള സ്വന്തം മകനെ കൈകളില്‍ ഉയര്‍ത്തി മാര്‍പാപ്പയുടെ മുന്‍പിലേക്ക് നീട്ടി നില്ക്കുന്ന മാതാവിനെ ആദ്യം കണ്ടില്ലെങ്കിലും ,തിരിച്ചെത്തിയ പാപ്പാ നിരാശയാക്കിയില്ല. ജന്മനാ തളര്‍ന്ന കാലുകളില്‍ തഴുകിയ പപ്പാ യെസെക്കിയേലിന്റെ തലയില്‍ തലോടി മുത്തം നല്കി . പ്രാര്‍ത്ഥനാപൂര്‍വം,നിറഞ്ഞ കണ്ണുകളോടെ നിന്ന മാതാവ് ജിഗിനയുടെ മുഖത്തേക്ക് നോക്കി പാപ്പാ ഒരു ചെറുപുഞ്ചിരി നല്കി കടന്നു പോയി . നടന്നതൊക്കെ വിശ്വസിക്കാനാവാതെ ജിഗിന നിര്‍ന്നിമേഷയായി നിന്നു . അതൊരു ജന്മസാഫല്യമായിരുന്നു .
തിരുവനന്തപുരം സ്വദേശികളായ റോഷന് ആന്റണിയുടെയും ജിഗിനയുടെയും രണ്ടാമത്തെ കുഞ്ഞാണ് യെസെക്കിയേല്‍ . ജന്മനാ വൈകല്യങ്ങള്‍ ഏറെയുണ്ടെങ്കിലും വളരെ പ്രതീക്ഷകളോടെ അവനെ മാതാപിതാക്കള്‍ വളര്‍ത്തുന്നത്. മാര്‍പാപ്പ വരുന്നതറിഞ്ഞപ്പോള്‍ മുതലുള്ള ആഗ്രഹമാണ് യെസെക്കിയേലിനെ പാപ്പയുടെ മുന്പില് ഒന്ന് എത്തിക്കുക എന്നത് . അനുവാദം കിട്ടാതെ വന്നതോടെ നിരാശരായി മാറിയ റോഷനും ജിഗിനക്കും അദ്ഭുതം സമ്മാനിച്ചാണ് തലേന്ന് രാത്രിയില്‍ ആ വിളി വന്നത്. ആള്‍ക്കൂട്ടത്തിന്റെ ബഹളവും വലിയ വെളിച്ചവും കണ്ടാല്‍ ജന്നിരോഗം വരുന്ന മകനെ ഇത്രയധികം ആള്‍ക്കാരുടെ നടുവില്‍ എങ്ങനെ എത്തിക്കുമെന്ന ഭീതിയായിരുന്നു പിന്നീട് . പക്ഷെ യെസെക്കിയേല്‍ അന്ന് പതിവിനു വിരുദ്ധമായി ശാന്തതയിലായിരുന്നു . ബഹളങ്ങളും വെളിച്ചവും അവനെ അലോസരപ്പെടുത്തിയില്ല. തനിക്കു ലഭിക്കാന്‍ പോകുന്ന അനുഗ്രഹവര്‍ഷത്തെ കാത്തിരിക്കും പോലെ.
മാര്‍പാപ്പ നല്കിയ നറുപുഞ്ചിരിയാണ് ജിഗിനയുടെ മനസ് നിറയെ. ' ആ ദിവ്യമായ പുഞ്ചിരിയില്‍ എല്ലാമുണ്ടായിരുന്നു. ദുഃഖിക്കേണ്ട ,എന്റെ പ്രാര്‍ഥനയില്‍ നിങ്ങളുമുണ്ടാകും' അതായിരുന്നു പാപ്പയുടെ ചുണ്ടില്‍ നിന്നും ഞാന്‍ വായിച്ചത് ജിഗിന പറഞ്ഞു.
മറ്റൊരു അദ്ഭുതം കൂടിയുണ്ടായ സന്തോഷത്തിലാണ് റോഷനും ജിഗിനയും . മറ്റുള്ളവരെല്ലാം സ്വന്തം മൊബൈലുകളില്‍ സെല്‍ഫികള്‍ എടുത്തപ്പോള്‍ സ്വന്തം മൊബൈല്‍ പുറത്തെടുക്കാതെ മകനെ കൈകളില്‍ ഉയര്‍ത്തി നിന്ന തനിക്കു മാര്പാപ്പയോടോപ്പൊമുള്ള ഒരു ഫോട്ടോ പോലും ലഭിക്കാത്ത സങ്കടം ഉള്ളിലൊതുക്കിയ മാതാപിതാക്കളെ അദ്ഭതപ്പെടുത്തിയാണ് ലോക മാധ്യമങ്ങളില്‍ യെസെക്കിയേലിനെ ചുംബിക്കുന്ന മാര്‍പാപ്പയുടെ ചിത്രം പ്രചരിച്ചത് .
പാപ്പയുടെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലും ഈ ചിത്രം എത്തിയതോടെ വീട്ടുകാരും കൂട്ടുകാരും ആശംസകളുമായി എത്തിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് ഈ ദന്പതികള്‍. ഇത് സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് സന്ദേശം ലഭിക്കുകയും അനുഗ്രഹം നേരുകയും ചെയ്തു. യെസെക്കിയേലിനു ഒരു സഹോദരി കൂടിയുണ്ട് ഏലീഷാ റോഷന് .
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള