Image

സി.പി.എം നേതാവ്‌ പാലീത്ര നാരായണന്‍ അന്തരിച്ചു

Published on 15 April, 2012
സി.പി.എം നേതാവ്‌ പാലീത്ര നാരായണന്‍ അന്തരിച്ചു
കോട്ടയം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവും സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പാലീത്ര നാരായണന്‍ (76)അന്തരിച്ചു. ഞായറാഴ്‌ച 11.30ന്‌ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം കോട്ടയം ഏരിയാകമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി, ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, എന്‍ജിഒ യൂണിയന്‍ സംസ്ഥാനകമ്മിറ്റിയംഗം, ജില്ലാകൗണ്‍സില്‍ അംഗം, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാനകമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കുമരകം ഗവ. ഹൈസ്‌കൂളിലും ചങ്ങനാശ്ശേരി എന്‍എസ്‌എസ്‌ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസകാലയളവില്‍ത്തന്നെ കമ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ ആകൃഷ്ടനായി. 1958ല്‍ നീതിന്യായവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1963ല്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാനകമ്മിറ്റിയംഗമായി. യൂണിയന്റെ കോട്ടയം താലൂക്ക്‌ വൈസ്‌ പ്രസിഡന്റ്‌, ജില്ലാവൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റിയംഗവും തുടര്‍ന്ന്‌ ജില്ലാസെക്രട്ടറിയുമായിരുന്നു. 1990ല്‍ സര്‍വീസില്‍ നിന്ന്‌ രാജിവച്ച്‌ ആദ്യ ജില്ലാകൗണ്‍സിലിലേക്ക്‌ തൃക്കൊടിത്താനം ഡിവിഷനില്‍ നിന്ന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി വിജയിച്ചു. 1995ല്‍ നാട്ടകം പഞ്ചായത്തിന്റെ വികസന സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനായി. 2002ല്‍ ജില്ലാലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായ അദ്ദേഹം 2010 വരെ തുടര്‍ന്നു.

റിട്ട. അധ്യാപിക പാറുക്കുട്ടിയാണ്‌ ഭാര്യ. മക്കള്‍: പി എന്‍ പ്രദീപ്‌ (കെഎസ്‌ഇബി വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി), പ്രിയ ( അധ്യാപിക, കാരപ്പറമ്പ്‌ ഗവ. ഹൈസ്‌കൂള്‍ കോഴിക്കോട്‌), സ്‌മിത (ന്യു ഇന്ത്യ അഷുറന്‍സ്‌ കോട്ടയം). മരുമക്കള്‍: അനു, അരവിന്ദ്‌ (ലക്‌ചറര്‍, കൊയിലാണ്ടി ഗവ. കോളേജ്‌), സുനീഷ്‌ (ബിസിനസ്‌). സഹോദരങ്ങള്‍: കാര്‍ത്ത്യായനി, സി.പി. എം മുന്‍ കോട്ടയം ഏരിയാസെക്രട്ടറി പരേതനായ പി രാഘവന്‍, അംബുജാക്ഷി, ദേവയാനി, രത്‌നമ്മ, ചന്ദ്രിക, ലളിത. ശവസംസ്‌കാരം ഇന്ന്‌ 12ന്‌ മൂലവട്ടം മുപ്പായിക്കാട്ടുള്ള വീട്ടുവളപ്പില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക