Image

പേരന്‍പ്‌: ഹൃദയത്തെ മഥിക്കുന്ന ആത്മബന്ധങ്ങളുടെ ആഴം

Published on 07 February, 2019
 പേരന്‍പ്‌: ഹൃദയത്തെ മഥിക്കുന്ന ആത്മബന്ധങ്ങളുടെ ആഴം
മമ്മൂട്ടിയുടെ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ ലോകം തന്നെ കാത്തിരുന്ന മമ്മൂട്ടി നാകനായ തമിഴ്‌ ചിത്രമാണ്‌ പേരന്‍പ്‌. സമീപകാലത്തായി മികച്ച അഭിനയ സാധ്യതകള്‍ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ദാരിദ്ര്യം അനുഭവിച്ചിരുന്ന മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച്‌ പേരന്‍പ്‌ എന്ന ചിത്രത്തിലെ അമുദന്‍ നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. 

തന്റെ അഭിനയശേഷിയെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ തേടിയെത്തുക എന്നത്‌ ഓരോ അഭിനേതാവിന്റെയും ഭാഗ്യമാണ്‌. ബോക്‌സ്‌ ഓഫീസ്‌ വിജയങ്ങള്‍ക്കപ്പുറം കരിയറിലെ നേട്ടങ്ങള്‍ക്ക്‌ ഇത്തരം മികച്ച കഥാപാത്രങ്ങള്‍ കൂടി ക്രെഡിറ്റിലുണ്ടാവുക എന്നത്‌ ഓരോ അഭിനേതാവിന്റെയും അഭിലാഷമാണ്‌.


പറഞ്ഞു വരുന്നത്‌ പേരന്‍പിലെ മമ്മൂട്ടിയെ കുറിച്ചും ആ ചിത്രത്തെ കുറിച്ചും തന്നെ. ഇതിനു മുമ്പ്‌ തങ്കമീന്‍കള്‍, കറ്റ്‌റത്‌ തമിഴ്‌, തരമണി എന്നീ ചിത്രങ്ങല്‍ സംവിധാനം ചെയ്‌ത ദേശീയ അവാര്‍ഡു ജേതാവു കൂടിയായ റാമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ്‌ പേരന്‍പ്‌.

അച്ഛന്റെയും മകളുടെയും ജീവിതം നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ സമന്വയിപ്പിച്ച്‌ പന്ത്രണ്ട്‌ അധ്യായങ്ങളിലൂടെ പറഞ്ഞിരിക്കുകയാണ്‌ സംവിധായകന്‍. 

സ്‌പാറ്റിക്‌ പരാലിസിസ്‌ എന്ന പ്രത്യേകമായ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയാണ്‌ പാപ്പ(സാധന). അവളുടെ അച്ഛനാണ്‌ അമുദന്‍(മമ്മൂട്ടി). അയാള്‍ കുറേ വര്‍ഷം ഗള്‍ഫിലായിരുന്നു. അങ്ങനെയിരിക്കേ അയാളുടെ ഭാര്യ അമുദനെയും സുഖമില്ലാത്ത മകളെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോകുന്നു.

ഇത്‌ അമുദന്റെ മനസിലും ജീവിതത്തിലും ശക്തമായ ആഘാതമേല്‍പ്പിക്കുന്നു. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കൗമാരത്തിലേക്ക്‌ കടക്കുന്ന മകളുടെ പരിപൂര്‍ണ സംരക്ഷണം ഏറ്റെടുക്കേമ്‌ടി വരികയാണ്‌ അമുദന്‌.

മറ്റാരും മകളുടെ സംരക്ഷണത്തിനായി മുന്നോട്ടു വരാത്ത സാഹചര്യം. അത്‌ അയാളില്‍ മാത്രം നിക്ഷിപ്‌തമാകുന്നു.

എന്നാല്‍ സ്‌നേഹസമ്പന്നനായ ഒരു പിതാവെന്ന നിലയില്‍ അമുദന്‍ തന്റെ മകളുടെ സംരക്ഷണം തനിച്ച്‌ ഏല്‍ക്കുകയാണ്‌. മകള്‍ക്ക്‌ കൗമാരപ്രായമാണ്‌.

ഒരമ്മയുടെ സംരക്ഷണവും കരുതലും ഏറ്റവുമധികം വേണ്ട സമയത്താണ്‌ അയാള്‍ക്ക്‌ അവളെ തനിച്ച്‌ നോക്കേണ്ടി വരുന്നത്‌. ഈയവസരത്തില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. 

വര്‍ഷം, അമരം തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട മമ്മൂട്ടിയുടെ അഭിനയമികവ്‌ ഈ ചിത്രത്തില്‍ വീണ്ടും കാണാന്‍ കഴിയും. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ചെറുപ്പം തനിക്കിനിയും എത്രയോ ബാക്കിയാണെന്ന്‌ അമുദന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കൗമാരക്കാരിയും മാനസിക വെല്ലുവിളികള്‍ നേരിടുന്നതുമായ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കേമ്‌ടി വരുന്ന ഒരു പിതാവിന്റെ നിസഹായതയും പരിമിതികളും അതിന്റെ പ്രതിസന്ധികളും മമ്മൂട്ടിയിലെ നടന്‍ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്‌. 

റാം തന്നെ സംവിധാനം ചെയ്‌ത തങ്കമീന്‍കളില്‍ എന്ന ചിത്രത്തിലൂടെ വന്ന സാധനയെന്ന കുട്ടിയാണ്‌ മമ്മൂട്ടിയുടെ മകള്‍ പാപ്പയായി അഭിനയിക്കുന്നത്‌. സ്‌പാറ്റിഷ്‌ പരാലിസിസ്‌ എന്ന രോഗമുള്ള കുട്ടിയെ അവതരിപ്പിക്കാന്‍ എത്ര കഠിനമായി സാധന പരിശ്രമിച്ചിരിക്കുന്നു എന്നത്‌ നമ്മെ അത്ഭുതപ്പെടുത്തും.

സാധന അഭിനയിക്കുകയാണെന്ന തോന്നല്‍ ഒരിക്കലും പ്രേക്ഷകനില്‍ ഉണ്ടാകുന്നില്ല. അത്‌ തന്നെയാണ്‌ ആ കഥാപാത്രത്തിന്റെ വിജയവും. മമ്മൂട്ടിയെ പോലെ ശക്തമായ ഒരഭിനേതാവിനൊപ്പം നില്‍ക്കുമ്പോള്‍ ഇത്രയാഴത്തിലും സങ്കീര്‍ണവുമായ അഭിനയം പുറത്തെടുക്കാന്‍ കഴിഞ്ഞ സാധന പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്നു പറയാതെ വയ്യ. അമുദനും മകളും തമ്മിലുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ഏറെയിഷ്‌ടപ്പെടും. 

തേനി ഈശ്വര്‍ എന്ന ഛായാഗ്രാഹകനാണ്‌ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊരാള്‍. കഥയില്‍ അധ്യായങ്ങള്‍ മാറുന്നതനുസരിച്ച്‌ പശ്ചാത്തലവും കളര്‍ടോണുമെല്ലാം അതിന്റേതായ പൂര്‍ണതയോടെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌.

പ്രകൃതിയുടെ വിഭിന്ന ഭാവങ്ങളെയും കഥയ്‌ക്കിണങ്ങും വിധം സന്നിവേശിപ്പിക്കാന്‍ തേനിക്കു സാധിച്ചു. യുവാന്‍ ശങ്കര്‍ രാജയുടെ സംഗീതവും എടുത്തു പറയേണ്ടതാണ്‌.

ചിത്രത്തിന്റെ ആകെയുള്ള മൂഡിന്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌ ഇതിലെ സംഗീതം. ട്രാന്‍സ്‌ ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയെ അവതരിപ്പിച്ച അഞ്‌ജലി അമീര്‍, വീട്ടു ജോലിക്കാരിയുടെ വേഷമിട്ട വിജയലക്ഷ്‌മി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയിട്ടുണ്ട്‌. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക്‌ പേരന്‍പ്‌ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക