Image

സംയോജിത ശിശുവികസന പരിപാടി; അംഗനവാടി കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റിനായി 4.96 കോടി രൂപ

Published on 08 February, 2019
സംയോജിത ശിശുവികസന പരിപാടി; അംഗനവാടി കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റിനായി 4.96 കോടി രൂപ

തിരുവനന്തപുരം: സംയോജിത ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അംഗന്‍വാടി കുട്ടികള്‍ക്ക് മെഡിസിന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് 4,95,75,750 രൂപയുടെ ഭരണാനുമതി നല്‍കി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.

ബ്ലോക്ക് തലത്തില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങളായ കാരുണ്യ/നീതി/മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും നേരിട്ട് മെഡിസിന്‍ കിറ്റ് വാങ്ങുന്നതിനാണ് ഭരണാനുമതി നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 32,986 അംഗന്‍വാടികള്‍ക്കും 129 മിനി അംഗന്‍വാടികള്‍ക്കുമായാണ് മെഡിസിന്‍ കിറ്റ് വാങ്ങുന്നത്. അംഗന്‍വാടികളിലെ എല്ലാ കുട്ടികള്‍ക്കും മെഡിസിന്‍ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വളരെയേറെ കുട്ടികള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അംഗന്‍വാടികളെ സമൂലം പരിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

അംഗന്‍വാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് കേരളത്തിലെ തെരഞ്ഞെടുത്ത ഐ.സി.ഡി.എസ് ബ്ലോക്കുകളില്‍ മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അംഗന്‍വാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ഭൗതികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അംഗന്‍ വാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക