Image

കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ (ജയ് പിള്ള)

Published on 10 February, 2019
കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ (ജയ് പിള്ള)
എന്ത് കൊണ്ട് കേരളം ഒരു പുണ്യ ഭൂമി? കേരളം അന്നും ഇന്നും ഒരു പുണ്യഭൂമി തന്നെ. പിന്നെ എന്ത് കൊണ്ട് മലയാളികള്‍ പരസ്പരം മതത്തിന്റെ പേരില്‍ കലഹിക്കുന്നു? അടുത്തകാലത്തായി അന്തച്ഛിദ്രങ്ങള്‍ പെരുകുന്നു.? രാഷ്ട്രീയ അതിപ്രസരം. ദൈവത്തിന്റെ മണ്ണ് തന്നെ ആണ് അന്നും ഇന്നും കേരളം എന്ന് ഉള്ള ചിന്തകള്‍ മനുഷ്യ മനസ്സില്‍ ഇല്ലാതെ ആക്കുന്നതില്‍ അധികാര രാഷ്ട്രീയത്തിന്റെ വാള്‍ മുനയുണ്ട്.

ഇസ്ലാമും, കൃസ്ത്യനും, ജൂതനും എല്ലാവരും ആദ്യമായി ഇന്ത്യയില്‍ വരുന്നതും പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍മ്മിക്കുന്നതും, മറ്റു മതസ്ഥരും ആയി അതിര്‍ത്തികള്‍ പങ്കുവച്ചു സഹവസിക്കുന്നതും, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതും, പരസ്പരം സ്‌നേഹിക്കുന്നതും, കച്ചവടങ്ങളില്‍ പങ്കുകാര്‍ ആകുന്നതും നമ്മുടെ കൊച്ചു കേരളത്തില്‍ ആണ്. കേരളം അന്ന് ഭരിച്ചിരുന്ന ഹിന്ദു രാജാക്കന്മാര്‍ ആണ് അവരെ സ്വാഗതം ചെയ്തതും, അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയതും, യദാര്‍ത്ഥ നവോഥാനം ആരംഭിച്ചതും, പ്രവര്‍ത്തിയില്‍ വന്നതും അന്ന് തന്നെ.

ഏഴാം നൂറ്റാണ്ടില്‍ വടക്കേ മലബാറില്‍ ഇന്ത്യയില്‍ ആദ്യമായി ഇസ്ലാം മതം സ്ഥാപിതമാകുകയും, ആദ്യ മോസ്‌ക് ആയ ചേരമന്‍ മസ്ജിത് 629 -ല്‍ മാലിക് ദിനാര്‍ സ്ഥാപിക്കുകയും ഉണ്ടായി .

52 AD യില്‍ സെന്റ് തോമസ് ക്രിസ്തുമതം സ്ഥാപിച്ചു. 72 AD യില്‍ കൊച്ചിയില്‍ ജൂതമതക്കാര്‍ ആഗതര്‍ ആയി.

ഇവയെല്ലാം ഇന്ത്യയും അതിനോടൊപ്പം കേരളവും ജനാധിപത്യത്തിലേക്ക് കുതിയ്ക്കുന്നതിനു മുന്‍പാണ്.

നിരവധി അയിത്ത, പ്രാചീന ചിട്ടകള്‍ക്കു വിധേയമായിരുന്ന, നിലനിര്‍ത്തിയിരുന്ന ഇതേ കേരളം തന്നെ ആണ് നവോഥാന സമരങ്ങളിലൂടെ കേരളത്തില്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചതും.

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും കേരളത്തില്‍ തന്നെ. സാക്ഷരതയും, പ്രകൃതി രമണീയതയും, പച്ചപ്പും എല്ലാം ഈ കൊച്ചു കേരളത്തില്‍ തന്നെ.

ഇനി വിദേശ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാരുടെ എണ്ണം, ജനസംഖ്യാ ആനുപാതികമായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ആയി തട്ടിച്ചു നോക്കുമ്പോള്‍ മലയാളികള്‍ മുന്നില്‍ തന്നെ.

ഇന്ത്യയില്‍ വര്‍ഗ്ഗീയ ലഹളകളില്‍ പല സംസ്ഥാനങ്ങള്‍ കത്തി എരിഞ്ഞപ്പോഴും നിശബ്ദത പാലിച്ച കേരളം അന്നും ഇന്നും വര്‍ഗ്ഗീയതയുടെ പേരില്‍ രക്തം ചൊരിയാറില്ല, ചൊരിഞ്ഞിട്ടില്ല. ലഹളകള്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ അത് ഭരണ വര്‍ഗ്ഗത്തിനെതിരെയുള്ള അജണ്ടകളുടെ ഭാഗം മാത്രം ആയാണ്.

നവോഥാനം കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കുത്തകയല്ല. പരമ്പരാഗതമായി മലയാളിയ്ക്ക് സിദ്ധിച്ചു കിട്ടിയ കഴിവാണ് മറ്റു മതങ്ങളെ, പുരോഗമന പ്രസ്ഥാനങ്ങളെയും, ചിട്ടകളെയും, ഇതര ഭാഷകളെയും ഉള്‍ക്കൊള്ളുക എന്നത്. അതുകൊണ്ടു തന്നെ ഇന്നും മതമാറ്റവും, മിശ്രവിവാഹവും ചില ചെറിയ തീപ്പൊരികള്‍ ഉണ്ട് എങ്കിലും നടക്കുന്നു.

അങ്ങിനെ ഉള്ള സംസ്‌കാരത്തെ അധികാര സ്ഥാപനത്തിന് വേണ്ടി, അധികാരം നിലനിര്‍ത്തുവാന്‍ വേണ്ടി, ഇന്നുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ട ചിലര്‍ പൊളിച്ചടുക്കി കഴിഞ്ഞിരിയ്ക്കുന്നു. മാധ്യമങ്ങള്‍ ഈ രാഷ്ട്രീയ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നതിനായി നടത്തുന്ന ക്ഷുദ്രകൃയ വളരെ വലുതാണ്.

അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളുടെ അവതരണ ശൈലിയില്‍ കുടുങ്ങി ദുര്‍ബലര്‍ ആയ മലയാളികള്‍ പലതും വിശ്വസിക്കുന്നു. പല മിഥ്യകളെയും സത്യമെന്നു കരുതി തെറ്റിന്റെ പാതയിലേക്ക് നയിക്കപ്പെടുന്നു. എല്ലാ മതത്തിലും പെട്ട ചുരുക്കം ചില മത മേധാവികള്‍ക്കും ഇതില്‍ പങ്കു ഉണ്ട് താനും. സാധാരണക്കാരന്റെ മനസ്സിന്റെ ഉള്ളില്‍ മത വെറി ഉടലെടുക്കുന്നതോടെ അവര്‍ സമൂഹത്തിലെ വൈറസ് ആയി മാറുകയാണ്.

ഈ ഒരു അശാന്തലുതിവാസ്ഥ സൃഷ്ടിക്കുന്നതിനായി എല്ലാ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മതങ്ങളിലെ തീവ്ര അധികാര വര്‍ഗ്ഗവും സൈബര്‍ പോരാളികളെ ശമ്പളത്തില്‍ നിയമിച്ചിരിയ്ക്കുന്നു.

വിദേശ ശക്തികള്‍ ഇന്ത്യയിലെയും, നമ്മുടെ കൊച്ചു കേരളത്തിലെയും മാധ്യമങ്ങളുടെ മേല്‍ കോടികള്‍ കൊണ്ട് പുതപ്പു തീര്‍ത്തിരിയ്ക്കുന്നു. ഒരു സാധാരണ വോട്ടര്‍, മത വിശ്വാസി, ദൈവ വിശ്വാസി, സാധാരണ രാഷ്ട്രീയ വിശ്വാസികള്‍, കുട്ടി നേതാക്കന്മാര്‍ , ഈ സൈബര്‍ കുരുക്കിനെ, മാധ്യമ കുരുക്കിനെ കുറിച്ച് അറിവോ, അറിയുവാന്‍ ഉള്ള സമയമോ ഇല്ലാത്തവര്‍ ആണ്. നമ്മുടെ മാധ്യമങ്ങള്‍ ഇന്നുവരെയും ജനങ്ങള്‍കുവേണ്ടി അന്തി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ?ഇല്ല ചില രാഷ്ട്രീയക്കാര്‍ക്കും, അവരുടെ റേറ്റിങ്ങിനും വേണ്ടി മാത്രം.

ജനങ്ങളുടെ ദുര്ബലതയായ മതങ്ങളെയും വിശ്വാസങ്ങളെയും വച്ച് വോട്ട് രാഷ്ട്രീയം. അതിലപ്പുറം എന്താണ് ഇന്നുള്ളത്?

മതവും രാഷ്ട്രീയവും വേറിട്ട് നില്‍കുന്നില്ലാതിടത്തോളം കാലം ഈ വികാരം കൂടുകയും, അധികാര വെറിപൂണ്ട രാഷ്ട്രീയക്കാര്‍ പല രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ ജനങ്ങളെ അഭിമുഖീകരിയ്ക്കുകയും ചെയ്യുന്നു. അവര്‍ അതിന്നായി മതങ്ങളെ കൂട്ടുകാരും , മറയും ആക്കി തെരഞ്ഞെടുപ്പ് എന്ന നാടകത്തില്‍ അരങ്ങു തകര്‍ക്കുന്നു.

ഒരു മുന്നണികളും മത രാഷ്ട്രീയ ചെറു കക്ഷികളുടെ ചങ്ങാത്തം ഇല്ലാത്തവര്‍ അല്ല. ഓരോ മുന്നണികളുടെയും, സീറ്റു നിര്‍ണ്ണയത്തെയും വീക്ഷിച്ചാല്‍ നമുക്കതു മനസ്സിലാകും.

ഒരു ഇതര മതസ്ഥരും ഇന്ത്യയില്‍ വ്യാപാരത്തിനോ,മത പ്രചാരണത്തിനോ ആയി വന്നിട്ടുണ്ട് എങ്കില്‍ അത് കേരളത്തില്‍ ആണ്. അല്ലാതെ സ്വയം പ്രബുദ്ധത നടിയ്ക്കുന്ന കേരളത്തിന് വെളിയില്‍ ഉള്ള ഇതര സംസ്ഥാനങ്ങളിലോ കാശ്മീരോ ഒന്നും അല്ല.കാരണം നമ്മുടെ സഹിഷ്ണുതാ മനോഭാവം, ഏത് മതസ്ഥരെയും, ഭാഷയെയും, ഭക്ഷണങ്ങളെയും, വേഷങ്ങളെയും, കലകളെയും ഉള്‍ക്കൊള്ളുവാന്‍ ഉള്ള മനസ്സ്, അത് തന്നെ ആണ് വിദേശത്തും മലയാളികള്‍ വിവിധമതസ്ഥരും ആയി ഭാഷകളും ആയി പൊരുത്തപ്പെട്ടു ജീവിയ്ക്കുന്നത്.

ഒരു ബാബരി മസ്ജിതോ, ശബരിമലയോ, കുരിശടി പ്രശ്‌നങ്ങളോ ഒന്നും നമ്മുടെ മലയാളികളുടെ മനസ്സില്‍ ഇന്ന് വരെ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. അടുത്ത കാലത്തു കണ്ട തെരുവ് യുദ്ധങ്ങള്‍ അമിത ദൈവീക വിശ്വാസത്തില്‍ നിന്നുണ്ടായ ഒരു വികാരം മാത്രം ആണ്. അതിനെ കേരളത്തിലെ പല രാഷ്ട്രീയ കക്ഷികള്‍ ഒന്ന് ചേര്‍ന്ന് വളര്‍ത്തി എന്ന് മാത്രം. ഇനി കേരളം കണ്ട നവോഥാന മതില്‍, അതും വെറും ഒരു പാര്‍ട്ടി ശക്തി പ്രകടനം മാത്രം.

കേരളത്തില്‍ നവോഥാനം എന്നെ നടന്നു കഴിഞ്ഞു. ഹിന്ദു നാട്ടുരാജാവ് ചേരമാന്‍ പള്ളി പണിത കാലത്തെ അത് നടന്നു കഴിഞ്ഞിരിയ്ക്കുന്നു. നാം നിരന്തരം കാണുന്ന മിശ്ര വിവാഹങ്ങള്‍, വിവിധ മതസ്ഥര്‍ ഒന്നിച്ചു കൂടുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, ചന്ദനക്കുടമഹോത്സവങ്ങള്‍ ഇവയെല്ലാം നവോഥാന കേരളത്തിന്റെ നിത്യ സത്യങ്ങള്‍ ആണ്.

മറക്കേണ്ട ഇന്ത്യ അല്ല കേരളം.. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ അന്നും ഇന്നും.

ഇന്ത്യയിലെ ജനങ്ങള്‍ മറന്നാലും കേരളീയര്‍ മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവര്‍ക്കു മാത്രം സ്വന്തമായ ചിലതുകള്‍ അവ ചിതലരിയ്ക്കാതെ ഇരിയ്ക്കട്ടെ

കേരളത്തിന്റെ മാത്രം സ്വന്തമായ 'ചിലതുകള്‍' ചിതലരിയ്ക്കാതിരിയ്ക്കട്ടെ എന്ന് അടിവരയിടുന്നു..
Join WhatsApp News
from facebook 2019-02-10 14:37:03
സൂക്ഷ്മമായി നിരീക്ഷിച്ചാൽ സംഘപരിവാർ ഇന്ത്യയുടെ അധികാര കേന്ദ്രത്തിലേക്ക്‌ നടന്നടുത്തത്‌ വളരെ വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു എന്നു കാണാം. ഹിന്ദു മതത്തിന്റെ പൊതു സ്വഭാവമായിരുന്ന വൈവിധ്യത്തെ ഇല്ലാതാക്കി ഏക ശിലാ രൂപത്തിലുള്ള ഒരു മതമാക്കി മാറ്റുകയായിരുന്നു അവരുടെ ബൃഹദ്പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു ശത്രുവിനെ സൃഷ്ടിച്ച്‌ അതിനെതിരെ യുദ്ധം തുടങ്ങിയപ്പോൾ പലയിടത്തും അവർ ഇതിൽ വിജയിച്ചു. ന്യൂനപക്ഷങ്ങളായിരുന്നു ആ ശത്രുക്കൾ. ബാബറി മസ്ജിദ്‌ പൊളിക്കൽ, ഗുജ്ജറാത്ത്‌, മുസാഫർ നഗർ കലാപങ്ങൾ എന്നിവയൊക്കെ ആ ലക്ഷ്യം വെച്ചുള്ളതായിരുന്നു. എന്നാൽ അതിനൊപ്പം അവർ ശ്രദ്ധിച്ച മേഖല വിവര സാങ്കേതിക വിദ്യയായിരുന്നു.  

2014ൽ ബി ജെ പി അധികാരത്തിൽ വരാനുണ്ടായ പ്രധാന കാരണങ്ങളിൽ ഒന്ന് ഇന്റർനെറ്റിലൂടെ ഇന്ത്യയിലെ മധ്യവർഗ്ഗത്തോട്‌ സംവദിക്കാൻ അവർക്ക്‌ എളുപ്പത്തിൽ കഴിഞ്ഞു എന്നതാണു. അതിനൊപ്പം  ഇന്റർനെറ്റിൽ ലഭ്യമായ പല കണ്ടന്റുകളിലും സംഘപരിവാറിനു അനുകൂലമായ വസ്തുതകൾ കയറ്റിവിടാൻ അവർക്ക്‌ സാധിച്ചു. ചരിത്രം വളച്ചൊടിക്കപ്പെട്ടു. ന്യൂട്രൽ എന്നു തോന്നുന്ന വെബ്സൈറ്റുകളിൽ നെഹ്രുവും സോണിയയും രാഹുൽ ഗാന്ധിയുമൊക്കെ രാജ്യ ദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകൾ ചാരന്മാരായി. സ്വാതന്ത്ര്യ സമരത്തിന്റെ സമീപത്ത്‌ പോലും വരാത്ത സംഘപരിവാർ രാജ്യ സ്നേഹികളായി.  മുസ്ലീങ്ങൾക്ക്‌ ഇടക്കിടെ സ്വന്തം രാജ്യസ്നേഹം തെളിയിക്കേണ്ടി വന്നു.

അത്തരത്തിൽ ഒരു ബൃഹദ്‌ പദ്ധതിയിലൂടെ സംഘപരിവാർ സൃഷ്ടിച്ചെടുത്ത പുതിയ മതമാണു 'ഇന്റർനെറ്റ്‌ ഹിന്ദു'. ഇന്റർനെറ്റിലൂടെയുള്ള സമർത്ഥമായ പ്രചാരണത്തിലൂടെ ഹിന്ദു ജാതി വർഗ്ഗ ഭേദമന്യേ ഒന്നാണു  എന്നു വരുത്തിതീർക്കലായിരുന്നു പദ്ധതി.അവർക്ക്‌ വേണ്ട ഡാറ്റയെത്തിക്കാനുള്ള നുണ ഫാക്ടറികൾ സംഘിന്റെ പണിപ്പുരയിൽ സൃഷ്ടിക്കപ്പെട്ടു. സംഘിന്റെ ട്രാപ്പിൽ പെട്ടവരായ ഇന്റർനെറ്റ്‌ ഹിന്ദുക്കൾ എന്ന ഈ വിഭാഗത്തെ നിരീക്ഷിച്ചാൽ ചില പ്രത്യേകതകൾ കാണാം

1) ജനാധിപത്യം വന്നതൊടെ ഹിന്ദുക്കളുടെ അധികാരം നഷ്ട്പ്പെട്ടുവെന്നും രാജ ഭരണകാലത്ത്‌ ഇന്ത്യ ഉന്നത നിലയിലായിരുന്നു എന്നു മിക്കവരും വിശ്വസിക്കുന്നു.

2) ന്യൂന പക്ഷങ്ങൾ അതിവേഗം വളരുകയാണെന്നും അതിനെതിരെ ഒരുമിക്കണമെന്നുമുള്ള ആഹ്വാനം കാണാം.

3) രാജ്യ സ്നേഹം എന്നത്‌ പ്രകടന പരതയിൽ ഊന്നിയായിരിക്കണം എന്നു വിശ്വസിക്കുന്നവരാണു പലരും. ജനാധിപത്യത്തേക്കാളും ബ്യൂറോക്രസിയേയൊ പട്ടാളത്തേയോ ആരാധിക്കുന്നവരാണു ഏറെയും.

4) ഹിന്ദുമതത്തിൽ ജാതി ഭേദമില്ലെന്നും ഉനയിൽ ദളിതരെ ആക്രമിച്ചതു പോലുള്ള സംഭവങ്ങൾ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുകയാണെന്നുമൊക്കെ ഇവർ കരുതുന്നു.

5) ഇപ്പോഴും ജാതീയമായ വിവേചനങ്ങൾ നെരിടുന്ന വിഭാഗങ്ങളെപ്പോലും ഇന്റർനെറ്റിൽ എത്തുമ്പോൾ ന്യൂനപക്ഷ ഭീഷണിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് വിശ്വസിപ്പിക്കാൻ സംഘിനാവുന്നുണ്ട്‌.

6) വലിയ തോതിലുള്ള സവർണ്ണ പ്രവാസി മധ്യവർഗ്ഗ സമൂഹമാണു ആദ്യം ഈ ട്രാപ്പിൽ വീഴുന്നത്‌. അവരിലൂടെ പതിയെ ബാക്കിയുള്ളവരിലേക്കും സംഘ്‌ എത്തുന്നു.

ഇത്തരം ഒരു മതത്തെ സൃഷ്ടിച്ചെടുത്ത്‌ അവർക്കൊരു നേതാവിനെ കൊടുക്കുകയാണു സംഘപരിവാർ 2014 ൽ ചെയ്തത്‌. പല വിഷയങ്ങളിലൂടെ ഇന്റർനെറ്റ്‌ ഹിന്ദു എന്ന മതത്തെ 2019 വരെ എത്തിക്കാൻ സംഘിനു കഴിഞ്ഞെങ്കിലും ദേശീയ തലത്തിൽ അഞ്ചു വർഷത്തെ എൻ ഡി എ ഭരണത്തിലെ വീഴ്ചകൾ മധ്യവർഗ്ഗത്തിന്റെ ഇടയിൽ ആ മതം അത്ര ഏശാതെ വന്നിട്ടുണ്ട്‌. വാസ്തവത്തിൽ ഹിന്ദുമത ഉദ്ധാരണമൊന്നും സവർണ്ണതയിൽ ഊന്നിയ സംഘിന്റെ വിദൂര അജണ്ടയിൽപ്പൊലുമില്ല. ദളിതുകളും പിന്നോക്ക ജാതിക്കാരും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്‌ ബി ജെ പി  ഭരിക്കുന്ന ഇടങ്ങളിലായിരുന്നു.

ഇനി നമ്മൾ കേരളത്തിലേക്ക്‌ നോക്കുക.

ശബരിമല വിഷയം ഉപയോഗിച്ച്‌ അത്തരമൊരു ഇന്റർനെറ്റ്‌ ഹിന്ദു മത നിർമ്മിതിക്കാണു സംഘപരിവാർ ശ്രമിക്കുന്നത്‌. തലയിൽ ഇലാസ്റ്റിക്‌ കെട്ടിയ തന്ത്രിയുടെ പൗത്രനെ മുൻ നിർത്തി ജല്ലിക്കെട്ട്‌ മാതൃകയിൽ സേവ്‌ ശബരിമല എന്നൊരു കാമ്പെയിൻ തുടങ്ങിയതു മുതൽ അവർ ഈ പദ്ധതി ഊർജ്ജിതമാക്കി. അത്‌ ഒരു പരിധി വരെ വിജയിക്കുമെന്ന് തോന്നിയപ്പോഴാണു ചരിത്രത്തിലേയും വർത്തമാനത്തിലേയും ജതീയ അക്രമങ്ങളെ  ചൂണ്ടിക്കാണിച്ച്‌ ഇന്റർ നെറ്റ്‌ ഹിന്ദുവെന്ന സംഘപരിവർ പ്രൊജക്റ്റിനെ ഇടതു പക്ഷം പ്രതിരോധിച്ചത്‌.

നമ്മുടെ ചരിത്രത്തിലേക്ക്‌ നോക്കിയാൽ ഹിന്ദു ഒരിക്കലും ഏക ശിലാരൂപമായിരുന്നില്ലെന്നു മാത്രമല്ല സവർണ്ണ അതിക്രമങ്ങളുടെ ചരിത്രം  നീണ്ടു നിവർന്നു കിടക്കുന്നത്‌ കാണാം.

അവിടെ ആരാധനക്ക്‌ വേണ്ടി സ്വന്തമായി പ്രതിഷ്ഠ നടത്തേണ്ടി വന്ന നാരായണഗുരുവിനെ കാണാം. 
അയ്യങ്കാളിയുടെ കൈ പിടിച്ചു  പഞ്ചമിയെന്ന പെൺകുട്ടി കയറിയ വിദ്യാലയം കത്തിയെരിഞ്ഞത്‌ കാണാം. ബിരുദധാരിയായ പൽപുവിനോട്‌ തെങ്ങു ചെത്താൻ ആവശ്യപ്പെട്ടത്‌ കാണാം. ക്ഷേത്രപ്രവേശനത്തിനു സമരം ചെയ്ത കൃഷ്ണപ്പിള്ളയുടെ പുറത്തടിച്ച നാട്ടു പ്രമാണിമാരെക്കാണാം. പുന്നപ്രയിലും വയലാറിലുമടക്കം സവർണ്ണ ജന്മിത്തം ആക്രമിച്ച തൊഴിലാളികളെ കാണാം. ഒടുവിലിങ്ങോട്ട്‌ അതിന്റെ കണ്ണിയായി മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയനോട്‌ തെങ്ങു കയറാൻ പോകാൻ സംഘിന്റെ മുഖപത്രം ആക്രോശിക്കുന്നതു കാണാം. 

സ്വകാര്യ ഇടങ്ങളിൽ ഇപ്പൊഴും തളം കെട്ടി നിൽക്കുന്ന ജാതി ഭ്രാന്തിന്റെ യാഥാർത്ഥ്യം ഒളിപ്പിച്ച്‌ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി പരുവപ്പെട്ട ഒരു ഇന്റർനെറ്റ്‌ മതത്തിനു സംഘപരിവാർ ഒരുങ്ങിയപ്പോളാണു നിരവധി പേർ ചരിത്രം ഓർമ്മിപ്പിച്ച്‌ ഇറങ്ങിയത്‌.  അതുകൊണ്ടായിരുന്നു സുനിൽ പി ഇളയിടവും സണ്ണി കപിക്കാടുമൊക്കെ സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനു വിധേയമായത്‌. ഈ അനീതികളെക്കുറിച്ച്‌ ബോധ്യം വന്നപ്പോഴാണു സംഘപരിവാർ വലയിൽപ്പെടാതെ അനവധി സംഘടനകൾ പുറത്തു കടന്നത്‌.

സൈബർ ഇടങ്ങളിൽ അവർ ഹിന്ദു മരിച്ചുവെന്ന് കരയുന്നത്‌ വെറുതേയല്ല. 
കേരളത്തിൽ സംഘപരിവാറിന്റെ  ശ്രമങ്ങൾ ഇപ്പോൾ വിജയിക്കുന്നില്ല എന്നേ ഉള്ളൂ. അവർ തോറ്റ്‌ പിൻ വാങ്ങി എന്ന് അതിനർത്ഥമില്ല. 

കരുതിയിരിക്കേണ്ടത്‌ നമ്മളാണു.

Minesh Ramanunni.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക