Image

ഒരു നിശാ ചരിതം (An American Night) ജോസഫ് എബ്രഹാം

Published on 10 February, 2019
 ഒരു നിശാ ചരിതം (An American Night) ജോസഫ് എബ്രഹാം
“ രാത്രിയുടെ കറുപ്പാണ് തെളിഞ്ഞ സത്യവും യാഥാര്‍ത്ഥ്യവും.പകലിന്റെ വെളിച്ചമെന്നത് ഇരുളിനെ ഒളിപ്പിക്കാനുള്ള വെറും മായയും കാപട്യവുമാണ്. ”

ചൂട്ടുകറ്റപോലെ ഒരറ്റം വിളങ്ങിക്കൊണ്ട് വായില്‍ നിറഞ്ഞിരിക്കുന്ന തടിയന്‍‘ഫില്ലീസ്’ ചുരുട്ടിനിടിയിലൂടെ ഗുമു ഗുമാന്നു പുക പുറത്തേക്ക് പറത്തി വിട്ടുകൊണ്ട് ‘കുര്‍ദ്ദിസ് മേസന്‍’ഒരു തത്വജ്ഞാനിയെപ്പോലെ എന്നോട് പറഞ്ഞു.

രാത്രി ഷിഫ്റ്റിലുള്ള എന്‍റെ ജോലി തുടങ്ങുന്ന ആദ്യത്തെ നാളുകളില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ വന്നതാണ് അറുപതുകാരനായ മുന്‍ പട്ടാളക്കാരന്‍കുര്‍ദ്ദിസ് മേസന്‍. അമേരിക്കയില്‍ എത്തിയപ്പോള്‍ തരപ്പെട്ട ആദ്യകാല ജോലികളില്‍ ഒന്നായിരുന്നുആ രാത്രികാല ജോലി.രാത്രി പത്ത് മണി മുതല്‍ രാവിലെ 6 മണിവരെ നീളുന്ന ‘ഗ്രേവ്‌യാര്‍ഡ് ഷിഫ്റ്റ്’ എന്നജോലി സമയം. എല്ലാവരും ഉറങ്ങുമ്പോള്‍ ഉണരുന്ന പരേതന്മാക്കളുടെ സമയത്തിനനുസരിച്ചുള്ള പ്രവൃത്തിസമയം എന്ന കാല്‍പനിക നിര്‍വചനം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.

“പലപ്പോഴും ജീവിതംതുടങ്ങുന്നതും അവസാനിക്കുന്നതും വഴിപിരിയുന്നതുമൊക്കെ രാത്രികളിലാണ്.ക്രിസ്തുവിന്‍റെ ജിവിതം തുടങ്ങിയതും ഒടുവില്‍ ഒറ്റിക്കൊടുക്കപ്പെട്ടതും ഇരുളിന്‍റെ മറയിലാണ്. കൃഷ്ണന്‍ ജനിച്ചതും ബുദ്ധന്‍ ബോധോദയം തേടി വഴിപിരിഞ്ഞതുമൊക്കെ ലോകം അന്ധകാരത്തിന്റെ ആലസ്യത്തില്‍ മയങ്ങിയപ്പോഴാണ് .”
കുര്‍ദ്ദിസ് മേസന്‍ എന്ന എന്‍റെ ജ്ഞാനിയായ പുതിയ ചങ്ങാതി ഇതെല്ലാം പറഞ്ഞത് എല്ലാവരും ചെയ്യാന്‍ മടിക്കുന്ന രാത്രി ജോലിക്ക് ഒരു ദാര്‍ശനിക തലം കൂടി ഉണ്ടെന്നു എന്നെ ബോധ്യപ്പെടുത്താന്‍ കൂടി ആയിരുന്നു.
എന്‍റെ പുതിയ ചങ്ങാതി പറഞ്ഞതുപോലുള്ള ഒരു ദാര്‍ശനിക രാത്രിയില്‍ മൈലാപൂരിലെ വെങ്കിടേശ്വരകോവില്‍ തെരുവിലെ വീടുകളില്‍ എല്ലാവരും സമ്പൂര്‍ണ്ണ സുഷുപ്തിയില്‍ ആയിരുന്നസമയം.കൊതുകുകളുടെ മൂളിപ്പാട്ടില്‍ അലോസരപ്പെടാതിരിക്കാന്‍ രണ്ടെണ്ണം വീശി മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന വാച്ചുമാന്‍ മുരുകനെ തട്ടിവിളിച്ചുണര്‍ത്തി വാടക ഫ്‌ലാറ്റിന്റെ താക്കോല്‍ ഏല്‍പ്പിച്ചു അമേരിക്ക എന്ന സ്വപ്നത്തിലേക്ക് വഴിപിരിയാനായിപടിയിറങ്ങുമ്പോള്‍യാത്രയാക്കാന്‍കൂടെയാരും ഉണ്ടായിരുന്നില്ല.

മകളുടെ കളിക്കൂട്ടുകാരനായിരുന്ന തെലുങ്കുനാട്ടുകാരന്‍ ‘ലെച്ചു’വെന്ന എട്ടുവയസുകാരന്‍ അവന്‍റെ ഏകകൂട്ടുകാരിയുടെ യാത്രപോക്കില്‍ സങ്കടപ്പെട്ടു വിതുംബികൊണ്ട് മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് കൈകള്‍ വീശിആ രാത്രിയില്‍ ഞങ്ങളെ യാത്രയാക്കി.അഡയാറിലെ ശ്രീദേവി ട്രാവല്‍സിലെ ജാനകി ലഗേജുകള്‍ എയര്‍പോര്‍ട്ടിലെ ട്രോളികളില്‍ സ്‌നേഹപൂര്‍വ്വം അടുക്കി വച്ചുതന്നു.എയര്‍ പോര്‍ട്ടിനകത്തേക്ക് കയറി മറയുന്നതുവരെ യാത്രചൊല്ലാന്‍ വന്ന ഉറ്റ ബന്ധുവിനെപ്പോലെ കണ്ണെടുക്കാതെ ഞങ്ങളെ നോക്കിക്കൊണ്ട് ചില്ലുമറക്കപ്പുറം ജാനകി നില്‍ക്കുന്നുണ്ടായിരുന്നു.ബന്ധുക്കളുടെയും ഉറ്റവരുടെയും കണ്ണുനീര്‍ കാണാതെയുള്ള ഒരു പ്രയാണം മനസ്സിനെ തെല്ലസ്വസ്തമാക്കിയിരുന്നുവെങ്കിലും ഒരു സങ്കടകടല്‍ തിരയിളക്കി വരുന്നത് കാണാതെ കടല്‍ കടക്കാനാവുന്നതിന്റെ സ്വാസ്ഥ്യവും ഒപ്പമുണ്ടായിരുന്നു.
എയര്‍ പോര്‍ട്ടിലെ ചെക്ക്ഇന്നും ഇമിഗ്രേഷനും സുരക്ഷാ പരിശോധനയും എല്ലാം കഴിഞ്ഞു. കയ്യില്‍ അവശേഷിച്ച ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റി പോക്കറ്റില്‍ തിരുകി ബോര്‍ഡിങ്ങ് പാസുമായി ഗേറ്റിനടുത്തുള്ള കാത്തിരിപ്പ് സ്ഥലത്തേയ്ക്കു പ്രവേശിച്ചു. സമയം പുലര്‍ച്ചെ മൂന്നുമണി ആകാറായി. പോക്കറ്റില്‍ നിന്നും സെല്‍ ഫോണ്‍ എടുത്തു കയ്യില്‍ പിടിച്ചു. അല്‍പ സമയം കൂടി കഴിഞ്ഞാല്‍ ഒരുപാട് കോര്‍പ്പറേറ്റ് കോണ്ടാക്ടുകള്‍ മെമ്മറിയില്‍ സൂക്ഷിച്ചിട്ടുള്ള ഫോണും അതിലെ നമ്പറുകളും ഉപയോഗ ശൂന്യമാകും.അതോടൊപ്പം അതുവരെയുള്ള അസ്തിത്വവും നേട്ടവുമെല്ലാം പതിയെ വിസ്മൃതിയില്‍ ലയിക്കാന്‍ തുടങ്ങും.

പക്ഷെ അപ്പോഴും ആഫോണില്‍ നിന്നുള്ള വിളിക്കായി ഉറങ്ങാതെ പ്രാര്‍ത്ഥനയോടെ ഒരാള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.കിടക്കപായക്കൊപ്പം രാത്രിയെക്കൂടി ചുരുട്ടിയെടുത്ത് പായതട്ടിയില്‍ തള്ളിവെച്ചു വെളുപ്പിനെഴുന്നേറ്റുമക്കള്‍ക്ക് വേണ്ടി ദൈവ സന്നിധിയില്‍ മുട്ടുകുത്താറുള്ള എന്‍റെ അമ്മ ആസമയം വരെ ഒരുപോള കണ്ണടച്ചിട്ടില്ലെന്നെനിക്കറിയാം. ഫോണില്‍ നിന്നുള്ള അവസാന കാളായി ഞാന്‍ അമ്മയെ വിളിച്ചു സംസാരിച്ചു. ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു ബാഗില്‍ വച്ചു.
ഫ്‌ലൈറ്റ് ബോര്‍ഡിംഗ് അനൌണ്‍സ് ചെയ്തു. ജീവിതത്തില്‍ എല്ലാവരും ഒരു വിധം സെറ്റില്‍ഡൌണ്‍ ആകുന്ന പ്രായത്തില്‍ സമയത്തിനെതിരെയുള്ളഎന്‍റെ യാത്ര തുടങ്ങി. ആദ്യമായി സമയംഎനിക്കായി നിശ്ചലമായ ദിവസം.ഒരു ഏപ്രില്‍ പതിനെട്ടാം തിയതി തുടങ്ങിയ യാത്ര ഇരുപത്തിനാലു മണിക്കൂര്‍ നീണ്ടെങ്കിലും അതേ ഏപ്രില്‍ പതിനെട്ടാം തിയതി തന്നെ എന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചെന്ന പ്രതിഭാസം !!!കാലത്തെ ഒരു ദിവസത്തേക്ക് സാങ്കേതികമായി തോല്‍പ്പിച്ചതിന്റെ സായൂജ്യം !!!.

യാത്രയിലുടനീളം കൂട്ടായി മനസ്സുനിറയെ ആശങ്കള്‍ മാത്രമായിരുന്നു.ആകാശത്തിലെ അപ്പൂപ്പന്‍ താടിപോലെയുള്ള വെള്ളിമേഘങ്ങള്‍ക്ക് മീതെ പറക്കുമ്പോള്‍ മനസ്സുനിറയെപെയ്‌തൊഴിയാത്ത കാര്‍മുകിലിന്റെ വിങ്ങലായിരുന്നു.അമേരിക്കയില്‍ ദന്ത ചികിത്സ വേണ്ടിവന്നാല്‍ ഒരു പാട് പണം വേണ്ടിവരുമെന്ന് അറിഞ്ഞതിനെ തുടര്‍ന്നു യാത്രയ്ക്ക് മുന്നൊരുക്കമായി പരിചയക്കാരനായ ദന്ത ഡോക്ടറുടെ ക്ലിനിക്കില്‍ പോയിരുന്നു യാത്രയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ ചോദിച്ചു
“എവരിബഡി കമിംഗ് ബാക്ക് നൌ. ഹൌ കം യു ...” ചോദ്യം പൂര്‍ത്തിയാക്കാതെ നിര്‍ത്തിയ ഡോക്ടര്‍ അര്‍ത്ഥോക്തിയില്‍ എന്‍റെ നേരെനോക്കി. അക്കാലത്ത് അമേരിക്കയിലെ ജോലി നഷ്ട്ടപ്പെട്ടു പലരും മടങ്ങി വരുന്ന കാര്യം ഡോക്ടറുടെ ചോദ്യത്തില്‍ നിഴലിച്ചിരുന്നു. കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ചിട്ട് വെറും കയ്യോടെയുള്ള പുതിയ തുടക്കമാണ് എന്‍റെ യാത്ര.

രാത്രി ജോലിയുടെ ക്ഷീണം തീര്‍ക്കാന്‍ പകല്‍ നേരം അപ്പാര്‍ട്ടുമെന്റു മുറിയില്‍ ഉറക്കത്തിന്റെ വരവും കാത്ത്മച്ചിലേക്ക് കണ്ണും മിഴിച്ചുനോക്കി വെറുതെ കിടക്കുകയായിരുന്നു.മച്ചിലെ പ്ലാസ്ടര്‍ ഓഫ് പാരീസ് സീലിങ്ങില്‍ വിള്ളലുകള്‍ കോറിയിട്ട ഭൂപടത്തില്‍ എവിടെയോ മറഞ്ഞിരിക്കുന്ന ജന്മനാടിനെയും അവിടെയുള്ള പ്രിയപ്പെട്ടവരെയും തേടി കണ്ണുകള്‍ കഴച്ചപ്പോള്‍ ഉറക്കത്തിലേക്ക് അറിയാതെ വഴുതി. ഉറക്കം കണ്ണുകളില്‍ കനം വച്ചു തുടങ്ങിയപ്പോള്‍ തലയ്ക്കു മുകളില്‍ മച്ചിലെ പലകകള്‍ തേങ്ങി കരയുന്ന ശബ്ദം കേട്ടു തുടങ്ങി. കുറച്ചുനേരം ഏറിയും കുറഞ്ഞതുമായ താളത്തില്‍ ഞരങ്ങിയ മരപ്പലകകള്‍ പൊടുന്നനെ കുറച്ചുനേരംമച്ചിനെ ശക്തമായി ഉലച്ചു പിന്നെ നിശ്ചലമായി.

കണ്‍പോളകളുടെ കനം വിട്ടൊഴിഞ്ഞുപോയി. ഉറക്കഭംഗം വരുത്തിയ മുകളിലെ താമസക്കാര്‍ ആലസ്യത്തിലാണ്ടു നിശബ്ദരായികഴിഞ്ഞിരിക്കുന്നു. കിടക്കയില്‍ നിന്നും എഴുന്നേറ്റ വാതില്‍ തുറന്നു വെറുതെ പുറത്തിറങ്ങി. പുല്‍തകിടിക്കരികിലൂടെയുള്ള സിമന്റിട്ട നടപ്പാതയിലൂടെ മദാമ്മമാര്‍ നായ്ക്കളെയും കൊണ്ട് നടക്കുന്ന പതിവ് കാഴ്ച കാണുന്നുണ്ട്.കുറച്ചങ്ങു നടക്കുമ്പോള്‍ നായ്ക്കള്‍ ഒരിടത്ത് കുന്തിച്ചിരിക്കുന്നത് കാണാം. കാര്യം സാധിച്ചു അവര്‍ അവിടെ നിന്ന് എണീറ്റാലുടന്‍ഉടമ പ്ലാസ്റ്റിക് കവര്‍ ഒരു കയ്യുറപോലെ ധരിച്ചു അതെല്ലാം പെറുക്കിയെടുത്ത് കൂടിനെ കയ്യുറ ഊരുംപോലെ ഊരിയെടുത്ത് കൂട്ടികെട്ടും.നായ് വീണ്ടും വേറെ വല്ലിടത്തും പോയിരുന്നാല്‍ അടുത്ത പ്ലാസ്റ്റിക് കൂട് പുറത്തെടുക്കും.
പുറത്ത് നില്‍ക്കുന്നഎന്നെ കണ്ടവര്‍ ചിരിച്ചുകൊണ്ട് കൈ വീശി ‘ഹൌ ആര്‍ യു’ എന്നു വിളിച്ചു ചോദിച്ചു.തിരിച്ചു കൈ വീശി മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും രാത്രി ഉറക്കമിളച്ചുള്ള ജോലിയുടെ ക്ഷീണത്തോടൊപ്പം തൊണ്ടയില്‍ കുറുകിയ കഭത്തില്‍ പുറത്തേക്ക് വരാനാകാതെ മറുപടി കുരുങ്ങിപ്പോയിരുന്നു.

വാഹനങ്ങള്‍ക്ക് ഗ്യാസ് അടിക്കാനുള്ള പമ്പും അതിനോട് ചേര്‍ന്നുള്ളഒരു കണ്‍വീനിയന്റ്‌സ്‌റ്റോറുമായിരുന്നു തൊഴിലിടം.കൂടെ ജോലിക്കായി വേറെ ആരുമില്ല. ആദ്യത്തെ രണ്ടു രാത്രികളില്‍ കുര്‍ദ്ദിസ് മേസന്‍ കൂടെയുണ്ടായിരുന്നു മൂന്നാമത്തെ രാത്രി മുതല്‍ഒറ്റയ്ക്ക് ജോലി തുടങ്ങി.
പുതിയ നാട് പുതിയ രീതികള്‍ മുന്‍പ് കണ്ടിട്ടില്ലാത്ത സാധന സാമഗ്രികളും കച്ചവട വസ്തുക്കളും കച്ചവടരീതികളും. പലതിന്റെയും പേരുപോലും അറിയില്ല. സായിപ്പന്മാരും കറുത്ത വര്‍ഗ്ഗക്കാരുമൊക്കെ പറയുന്നത് കേട്ടുകേഴ്വി പോലുമില്ലാത്തനീട്ടലും കുറുക്കലുമൊക്കെയുള്ള പ്രാദേശികമായ ഇംഗ്ലീഷ് ഭാഷയാണ്.തമ്പേറിന്‍റെ മുഴക്കം പോലെ കാതില്‍ പതിക്കുന്ന ഝിടുതിയിലുള്ള ആഫ്രിക്കന്‍ ഇംഗ്ലീഷ്മറ്റൊരു ഭാഗത്ത്. ഒരേ ഭാഷയ്ക്കുതന്നെ വര്‍ണ വര്‍ഗങ്ങള്‍ തീര്‍ക്കുന്ന വിത്യാസങ്ങള്‍.
ചിലസമയം വരുന്നവന്റെ ആവശ്യം എന്തെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ നിസഹായത തലപ്പെരുപ്പായി മാറി കൊഞ്ഞനം കുത്തും. ചിലപ്പോള്‍ പരിഹാസത്തിന്റെ മൂളലുകള്‍ ഇരുനിറമുള്ള തൊലിയും കടന്നു കരളില്‍ ഒരു മുള്ളായി വന്നു തറയ്ക്കും.പലരുംചോദിക്കുമായിരുന്നു ഭയമില്ലേഇങ്ങനെ ഒറ്റയ്ക്ക് രാത്രിയില്‍ ? എന്നൊക്കെ. രാത്രിയില്‍ കവര്‍ച്ചക്കാരുടെയും കള്ളന്മാരുടെയും ഉപദ്രവം സാധാരണമാണ്.കവര്‍ച്ചക്കാരുടെ തോക്കിനിരയാകുന്നവരും ധാരാളം
“ ഇയാള്‍ എത്ര കാലം ഉണ്ടാകുമോ ?” ജോലിയില്‍ നിയമിക്കുമ്പോള്‍ വെള്ളക്കാരിയായ ബോസിന്‍റെ അല്പം ഉറക്കെയുള്ള ആത്മഗതം ഞാന്‍ കേട്ടിരുന്നു.ജോലികള്‍ ദുര്‍ലഭമായ ആ നാളുകളില്‍ കിട്ടുന്ന ജോലി സ്വീകരിക്കുക എന്നത് നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായപ്പോള്‍ ഭയമൊന്നും അന്ന് തോന്നിയിരുന്നില്ല.

പാതിരാത്രി കഴിയുമ്പോള്‍ സ്ഥിരമായി വെള്ളക്കാരനായ കിഴവന്‍ ജോ വരും. അടുത്തെവിടെയോ ഒരു മുറിയിലാണ് താമസം എന്നാണ് പറഞ്ഞത്. ജോ പഴയ ഓരോ കാര്യങ്ങള്‍ പറയും. ഒരു പാട് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്ന കാസനോവയായിരുന്നു താന്‍ എന്നൊക്കെയാണ് മൂപ്പര്‍ തട്ടി വിടാറ്. എന്തായാലും ആ സമയം അയാള്‍ക്ക് ആരുമില്ലായിരുന്നു ഏകാകിയായിരുന്നു.പഴയ പരാക്രമങ്ങള്‍ ഒക്കെ ജോ വിശദീകരിച്ചു പറയും. വേണമെങ്കില്‍ പറ്റിയ പാര്‍ട്ടികളെ മുട്ടിച്ചു തരാം എന്നൊക്കെ പറഞ്ഞു ഇടയ്ക്കിടയ്ക്ക് എന്നെ പ്രലോഭിപ്പിക്കാന്‍ നോക്കും അതൊക്കെ കാശു പിടുങ്ങാനുള്ള കിഴവന്റെ ഓരോ അടവുകള്‍ ആണെന്നെനിക്കറിയാം.
എല്ലാ ആഴ്ചയിലെയും ചൊവ്വാഴ്ച രാത്രി രണ്ടു മണികഴിഞ്ഞാല്‍ പാതിരാ നക്ഷത്രം പോലെ തിളങ്ങുന്നനീല കണ്ണുകളുള്ള സമാന്തവരും. നിലാവില്‍ വിളങ്ങുന്ന വെള്ളാമ്പല്‍ പോലുള്ള മുഖം വിടര്‍ത്തി മനോഹരമായ പുഞ്ചിരിയും നീട്ടിയാണ് അവള്‍ വരിക.ഓരോ വരവിലും അവള്‍ കുറച്ചു സാധങ്ങളും അതുപോലെ കാറിനു വേണ്ട ഗ്യാസും വാങ്ങും. കൂടുതലും നോട്ടുകളായിട്ടാണ് പണം തന്നിരുന്നത്. നോട്ടുകളുടെ ഒരു കെട്ട് എപ്പോഴും അവളുടെ കയ്യില്‍ തിരുപ്പിടിച്ചിട്ടുണ്ടാകും. നൂറു മൈല്‍ അകലെയുള്ള ഫിലാഡെല്‍ഫിയഎന്ന സ്ഥലത്തുനിന്നാണ് അവള്‍ വരുന്നത് തിരിച്ചങ്ങോട്ടും ആ രാത്രിയില്‍ തന്നെ അവള്‍ കാറോടിച്ചു പോകും.

സമീപത്തുള്ള ഒരു മദ്യശാലയില്‍ നടക്കാറുള്ള ‘സ്ട്രിപ്പ് ഡാന്‍സ്’അവതരിപ്പിക്കാനാണ് സമാന്തവരുന്നത്.മാദക ചുവടുകള്‍ വച്ചുള്ള നൃത്തത്തില്‍ താളമേളങ്ങള്‍ മുറുകും തോറും ഓരോ വസ്ത്രശകലങ്ങളും ഒരു പൂവിതള്‍ പോലെ അവള്‍ വിടര്‍ത്തിക്കൊഴിക്കും. അവസാനം അംഗവടിവൊത്ത പൂര്‍ണ്ണ നഗ്‌നയിളക്കി മാദക ചുവടുകള്‍ വിടര്‍ത്തി കാണികളുടെ സിരകളില്‍ ചൂട് നിറയ്ക്കുബോള്‍ കാണികള്‍ ‘സമാന്ത.. സമാന്ത’.. എന്ന് ആര്‍ത്തുവിളിക്കും. ‘ഫ്‌ലയിംഗ് കിസ്സുകള്‍’ കൊണ്ടും ചൂടന്‍ അംഗവിക്ഷേപങ്ങള്‍ കൊണ്ടും അന്തരീക്ഷം കൊഴുക്കും.കാണികള്‍ സന്തുഷ്ടരായാല്‍ മദ്യശാലയുടെ ഉടമ നല്‍കുന്ന ശമ്പളം കൂടാതെ ധാരാളം ടിപ്പും ലഭിക്കും.

പതിവ് പോലെ ആ ചൊവ്വാഴ്ച രാത്രിലും അവള്‍ വന്നു. ഒട്ടും പ്രസരിപ്പില്ലാതെയാണ് അവളുടെ അന്നത്തെ വരവ്. ഒരു വാടിയ ആമ്പല്‍പൂ പോലെ തളര്‍ന്ന അവളുടെ മുഖത്തു നിന്നുള്ള പതിവു പുഞ്ചിരിയും അന്നു വിടരാതെ മടിപൂണ്ടുകൂമ്പി നിന്നു.കാറില്‍ ഗ്യാസ് നിറയ്കാനുള്ള പണവും നല്‍കി തല പതിയെ ചലിപ്പിച്ചെന്നോട്കണ്ണുകള്‍കൊണ്ടുയാത്ര പറഞ്ഞവള്‍ കാറിനരികിലേക്ക് പോയി. കുറയേറെ സമയം കഴിഞ്ഞിട്ടും അവളുടെ കാര്‍ പോകാതെ കിടക്കുന്നത് കണ്ട ഞാന്‍ പുറത്തിറങ്ങി ചെന്നു നോക്കി.
അങ്ങിങ്ങായി പെയിന്റിളകി അവിടെയൊക്കെ തുരുമ്പ് തലനീട്ടി തുടങ്ങിയ അവളുടെ പഴഞ്ചന്‍ കാറിനകത്ത് നിറയെ സാധനങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ അലക്ഷ്യമായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഗ്യാസ് അടിക്കുന്ന നോസില്‍ കാറിന്‍റെ ടാങ്കിന്റെ കവാടത്തില്‍ നിന്നു എടുത്തു മാറ്റിയിട്ടില്ല. ഗ്യാസ് അടിക്കുന്ന സമയം പുറത്ത് വീശുന്ന ശീതക്കാറ്റില്‍ നിന്നൊളിക്കാനായി കാറിനകത്തു കയറിയിരുന്നഅവള്‍ അവിടെയിരുന്നു തളര്‍ന്നുറങ്ങിപ്പോയിരുന്നു.

ഗ്യാസ് നോസില്‍ എടുത്തു യഥാസ്ഥാനത്തു വച്ചശേഷം കാറിന്‍റെ വിന്‍ഡോയില്‍ തട്ടി അവരെ ഉണര്‍ത്തി. അവള്‍ പറഞ്ഞറിഞ്ഞു അന്ന് രാവിലെ അവളുടെ അമ്മ മരിച്ചു പോയെന്ന്. അമ്മയുടെ മൃതദേഹം ‘ഫ്യൂണറല്‍ ഹോമിന്‍റെ’ ശീതികരിണിയില്‍ വച്ചശേഷംഓടിയെത്തിയാണ് അന്നവള്‍ കാണികള്‍ക്ക് മുന്‍പില്‍ നൃത്തമാടിയത്.

രാത്രി മൂന്നുമണി കഴിഞ്ഞു ഇടയിക്കിടയ്ക്കു ഓരോരുത്തരായി ആളുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്. രാത്രിയിലെ സ്ഥിരം അതിഥികളായ നിശാസുന്ദരികള്‍ ചിലപ്പോള്‍ ചോദിക്കും ‘കമ്പനി വേണമോ ചങ്ങാതി ?’. ചിലര്‍ പിന്നീടു വിളിക്കാന്‍ ഫോണ്‍ നമ്പര്‍ തന്നിട്ടും പോകും.
“ഹായ് ബഡി ഹൌ ആര്‍ യു ഡൂയിംഗ്” എന്നുറക്കെയുള്ള ശബ്ദം കേട്ടു. തല ഉയര്‍ത്തി നോക്കാതെ തന്നെ എനിക്കാ ശബ്ദത്തിന്‍റെ ഉടമയെ അറിയാം അത് ‘മര്‍ഗീറ്റ’യാണ് മിക്കവാറും രാത്രികളില്‍ ആ സമയത്തവള്‍ വരും.കടയില്‍ കസ്റ്റമേഴ്‌സ് ആരുമില്ലെങ്കില്‍ അവള്‍ എന്നെ ഒരു ‘സ്‌മോക്ക് ബ്രേക്കിനു’ ക്ഷണിക്കും എന്നുവച്ചാല്‍ അവള്‍ക്കു ഞാന്‍ ഒരു സിഗരറ്റു കൊടുക്കണം ഒപ്പം ഞാനു ഒരു സിഗരറ്റുവലിക്കും. പുകവലിക്കിടയില്‍ അവള്‍ നല്ല കടുത്ത ഇംഗ്ലീഷ് തെറികള്‍വ്യാകരണ പിഴവില്ലാതെഇടകലര്‍ത്തിപല വര്‍ത്തമാനങ്ങളും നാട്ടുവിശേഷങ്ങളും പറയും.

മുപ്പതുകളിലാണ് അന്നവളുടെ പ്രായം എങ്കിലും ചോരയും നീരും വറ്റിയ അനാകര്‍ഷകമായ ഒരു കോലത്തിലായിരുന്നവള്‍. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയിലുള്ള തൊഴിലില്‍ അവള്‍ക്കു ഒട്ടും മാര്‍ക്കറ്റുണ്ടായിരുന്നില്ല അതുകൊണ്ട് പിടിച്ചു നില്‍ക്കാനായി മറ്റൊരു മാര്‍ക്കറ്റിംഗ് തന്ത്രവുമായിട്ടാണ് അവള്‍ രംഗത്തുള്ളത്.എന്നിട്ടും വല്ല്യ വരായ്ക ഒന്നുമില്ലെന്നാണ് അവളുടെ പരിതാപം.

നിവര്‍ത്തി ഇല്ലാഞ്ഞിട്ടാന്നു തോന്നുന്നുഅന്നവള്‍ എന്നോടും ചോദിച്ചു.
“ യു നീട് എനി ബ്ലോ ജോബ് ബഡി ?ആം വെരി ഗുഡ് ഇന്‍ ദാറ്റ് ജോബ്. ഐ ജസ്റ്റ് നീഡ് ട്വന്റി ബക്‌സ്”
അവള്‍ അവളുടെ തൊഴില്‍ നിപുണത മാര്‍ക്കറ്റ് ചെയ്യുകയാണ്. കൂട്ടത്തില്‍ എനിക്കായതുകൊണ്ട് ഇരുപതില്‍ നിന്നു അഞ്ചു ഡോളര്‍ കൂടി കുറച്ചു തരാം എന്ന‘ഡിസ്ക്കവുണ്ട് ഓഫറും’ പ്രഖ്യപിച്ചു !!.
വിധിയെ ശപിച്ചുകൊണ്ട് മര്‍ഗീറ്റ അവളുടെ പഴഞ്ചന്‍ കാര്‍ ഓടിച്ചു എങ്ങോട്ടോ പോയി. സമയം നാലു മണിയായി ഇനി രണ്ടു മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ രാവിലത്തെ ഷിഫ്റ്റിലെ ആളുകള്‍ വരും അതോടെ എന്‍റെ രാത്രിക്ക് വിരാമമാകും. വാതില്‍ക്കല്‍ ഒരു കാര്‍ വന്നു നിന്നു അതില്‍ നിന്നും ഒരു ചെറുപ്പക്കാരി അവളുടെ സുഹൃത്തിന്റെ കൂടെ ഇറങ്ങി വന്നു. സാമാന്യം തരക്കേടില്ലാത്ത ലഹരിയിലായിരുന്ന അവള്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് എന്നെപ്പോലുള്ള വിദേശികളോട് അവള്‍ക്കു വല്ലാത്ത ഇഷ്ടമാണെന്നു പറഞ്ഞുകൊണ്ട് വിലകുറഞ്ഞ ഏതോ കൂതറ മദ്യത്തിന്റെ ചൂരുള്ള ഉമ്മതന്നു.പോകാന്‍ നേരം എന്നോടുള്ള അവളുടെ ഇഷ്ടം സത്യമാണെന്നും തുറന്നു കാണിക്കാനായി അവള്‍ ധരിച്ചിരുന്ന ഫ്രോക്കുയര്‍ത്തി ഒരടിവസ്ത്രത്തിന്റെ അകല്‍ച്ചപോലുമില്ലാതെഅവളുടെ പച്ചയായ സ്‌നേഹം കാട്ടി യാത്രപറഞ്ഞു.
നേരം വെളുക്കാറായി സാമാന്യം നല്ല തിരക്കുമായി.നല്ല വസ്ത്രങ്ങളും പകലിന്റെ ആവരണവും അണിഞ്ഞ ആളുകള്‍ വരവായി. വരുന്ന ആളുകളുടെ ഭാഷയും ശരീര ഭാഷയുമെല്ലാം ഇപ്പോള്‍ വളരെ വിത്യസ്തമാണ്. വളരെപ്പെട്ടന്നുതന്നെ അവിടുത്തെ അന്തരീക്ഷം ഒന്നാകെ മാറിയിരിക്കുന്നു. കാര്യങ്ങളെല്ലാം ഔപചാരികതയുടെ ആവരണമണിഞ്ഞു. രാത്രിയുടെ സ്‌നേഹിതരെല്ലാം വെളിച്ചം പരന്നതോടെപരേതാന്മാക്കളെപ്പോലെഅവരവരുടെ മാളങ്ങളിലേക്ക് പിന്‍വലിഞ്ഞു കഴിഞ്ഞു.

ആറുമണിയായി കടയിലെ ജോലിക്കാര്‍ വന്നു. അന്നത്തെ ജോലി അവസാനിപ്പിച്ച് ഒരുകപ്പ് കാപ്പിയുമായി ഞാന്‍ പുറത്തിറങ്ങി. അപ്പാര്‍ട്ട്‌മെന്റില്‍ എത്തി ഉറങ്ങാന്‍ കിടന്നുകൊണ്ട് തലേന്ന് രാത്രി മനസ്സില്‍ പതിച്ച ഓര്‍മ്മകളിലൂടെ യാത്ര നടത്തി. മുകളിലത്തെ നിലയില്‍ നിന്നു കാല്‍ പെരുമാറ്റത്തില്‍ പലകകള്‍ ഞെരിയുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. മച്ചിലെ ഭൂപടത്തില്‍ ഭൂതകാലം തിരഞ്ഞു കണ്ണു കഴച്ചപ്പോള്‍ കണ്‍പോളകളെ ചേര്‍ത്തുപിടിക്കാനായി നിദ്ര പതിയെ അവളുടെ കൈകള്‍ എന്‍റെ നേര്‍ക്കു നീട്ടി.
Join WhatsApp News
Joseph Nambimadam 2019-02-10 20:47:04
Congratulations for this bold and open writing. 
As a person who have worked in Gas-stations as a newcomer to USA, I can say that this is a true description without any exaggeration. In fact it is even worse in actual night life around gestations and even more dangerous. It took me back to my own gas station night shift in the late eighties. 
Joseph Abraham 2019-02-11 18:07:49
Thank you Mr. Joseph Nambimadam
ഷമ്മി വിജയൻ 2019-03-09 22:28:59
ജോസഫ്‌ എഴുത്ത്‌ വളരെ നന്നായിട്ടുണ്ട്‌. വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാഷ്‌. കഥയുടെ ക്രാഫ്റ്റിൽ ഒരൽപം ശ്രദ്ധ വച്ചാൽ നല്ല കഥാകൃത്താവും സംശയമില്ല. ഭാവുകങ്ങൾ.
JOSEPH M ABRAHAM 2019-03-10 16:24:16
Thank you dear friend  Shammi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക