Image

പ്രിയങ്ക ഗാന്ധിക്ക്‌ എതിരെയുള്ള സ്‌ത്രീവിരുദ്ധ പരാമര്‍ശം; ബി.ജെ.പിയെ വിമര്‍ശിച്ച്‌ മെഹ്‌ബൂബ മുഫ്‌തി

Published on 11 February, 2019
പ്രിയങ്ക ഗാന്ധിക്ക്‌ എതിരെയുള്ള സ്‌ത്രീവിരുദ്ധ പരാമര്‍ശം; ബി.ജെ.പിയെ വിമര്‍ശിച്ച്‌ മെഹ്‌ബൂബ മുഫ്‌തി
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി. എം.പി. ദ്വിവേദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി.

ട്വിറ്റര്‍ വഴിയാണ്‌ ദ്വിവേദിയുടെ പരാമര്‍ശത്തില്‍ തനിക്കുള്ള അതൃപ്‌തി മുഫ്‌തി പരസ്യമാക്കിയത്‌.

`ഈ ആധുനിക യുഗത്തിലും പിതൃമേധാവിത്വ മനോഭാവവും, നിര്‍ലജ്ജമായ സ്‌ത്രീവിരുദ്ധതയും അതിന്റെ ബീഭത്സ മുഖം വീണ്ടും വീണ്ടും വെളിപ്പെടുത്തികൊണ്ടിരിക്കുകയാണ്‌.

അത്‌ സാമാന്യവത്‌കരിക്കപ്പെടുകയും ചെയ്യുന്നു. ഒരു സ്‌ത്രീ ഏത്‌ വസ്‌ത്രമാണ്‌ ധരിക്കേണ്ടത്‌ എന്നതിനെ പറ്റി മറ്റാരും വേവലാതി പെടേണ്ടതില്ല.

അങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്ക്‌ കാര്യമായ ചികിത്സ ആവശ്യമാണ്‌. അദ്ദേഹത്തിന്‌ അത്‌ ഉടന്‍ തന്നെ ലഭിക്കുമെന്നും ഞാന്‍ കരുതുന്നു.' മെഹ്‌ബൂബ മുഫ്‌തി തന്റെ ട്വീറ്റില്‍ പറയുന്നു.

ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ബി.ജെ.പി. എം.പി. ഹരീഷ്‌ ദ്വിവേദി സ്‌ത്രീ വിരുദ്ധ, വ്യക്തി അധിക്ഷേപം നടത്തിയിരുന്നു.

ഡല്‍ഹിയിലുള്ളപ്പോള്‍ പ്രിയങ്ക ഗാന്ധി ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ വരുമ്പോള്‍ അതുമാറ്റി സാരിയും സിന്ദൂരവും ഉപയോഗിക്കുമെന്നുമായിരുന്നു ദ്വിവേദിയുടെ അവഹേളനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക