Image

ജീവിതം... ബന്ധങ്ങള്‍... പ്രജ്ഞ- (തോമസ് കളത്തൂര്‍)

തോമസ് കളത്തൂര്‍ Published on 11 February, 2019
ജീവിതം... ബന്ധങ്ങള്‍... പ്രജ്ഞ- (തോമസ് കളത്തൂര്‍)
        ജീവിതം,  ജനനം മുതല്‍ മരണം വരെ നിശ്ചലമാവാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.  അത്  പ്രകൃതിയുടെ നിയമമാണ്.     എന്നാല്‍,  നമ്മുടെ സ്വാര്‍ത്ഥത സമ്മാനിക്കുന്ന അസൂയയും മാത്സര്യവും  അത്യാഗ്രഹവും,  ഏറ്റവും വലിയ പാപമായ  'ഭയം' ത്തിലേക്ക്  നമ്മളെ  എത്തിക്കുന്നു.     ഈ  ഭയം,  കൂടുതല്‍  സുരക്ഷിതത്തിനായി  നമ്മെ പ്രേരിപ്പിക്കുന്നു.    അങ്ങനെ  ചുറ്റും വന്മതിലുകള്‍  തീര്‍ത്തു,  നാം നമ്മെ തന്നെ  തടവുകാരാക്കി  അതിനുള്ളില്‍ സൂക്ഷിക്കുന്നു.    നദി  ആയി  ഒഴുകി കടലിലെത്തേണ്ട നമ്മെ,  പ്രകൃതിക്കു  എതിരായി,  ഒരു കുളമാക്കി , നിശ്ചലമാക്കുന്നു.      ഭൂമിക്കും  തനിക്കു തന്നെയും  പ്രയോജനമില്ലാതെ മലിനപ്പെട്ടു  കിടക്കേണ്ട  ദുരവസ്ഥയിലാവുന്നു. മനോഹരമായ  ഭൂ പ്രദേശങ്ങളെയും  സസ്യജാലങ്ങളെയും  തഴുകി കടന്നു പോവാനുള്ള അവസരവും നഷ്ടപ്പെടുന്നു.     താന്‍ ഉള്‍കൊള്ളുന്ന ജലം പലയിടങ്ങളിലും  എത്തിച്ചു,  അവിടെയുള്ള വരണ്ട പ്രദേശങ്ങളെ സമ്പുഷ്ടമാക്കാനും  ജീവജാലങ്ങള്‍ക്ക് ദാഹം ശമിപ്പിക്കാനും  ഉള്ള  സാധ്യതകള്‍ പരിമിതമായി  ചുരുങ്ങുന്നു.      ജന്മോദ്ദേശം തന്നെ മുരടിക്കുന്നു.     ഈ ലോകത്തെ പറ്റിയുള്ള  ധാരണ തന്നെ  ലോപിച്ചു ,  ഈ കുളവും ഇതിലെ ജീവജാലങ്ങളും  മാത്രമാണ്  ലോകമെന്ന  ഇടുങ്ങിയ  നിഗമനത്തിലെത്തുന്നു.    ജീവിതത്തെ  അടച്ചുകെട്ടി  ലോക ബന്ധങ്ങളെ  വിച്ഛേദിക്കാന്‍  ശ്രമിക്കുമ്പോള്‍  നമ്മുടെ മസ്തിഷ്‌ക വളര്‍ച്ചയും  ചുരുങ്ങിപോവുകയാണ്.       നമ്മുടെ മസ്തിഷ്‌കത്തിലെ  വിസ്തൃത  പ്രദേശത്തു നിലകൊള്ളുന്ന  അവര്‍ണ്ണനീയമായ  ഊര്‍ജ്ജ ശേഖരം  നഷ്ടമായി തീരും.         അതിനാല്‍ മനസ്സിന്റെ ജാലകങ്ങളെ തുറന്നിടുക  മാത്രമല്ല,  നമ്മെ തന്നെ  സ്വതന്ത്രമാക്കാന്‍,   ഉയര്‍ത്തി കെട്ടിയ മതിലുകളെ  ഇടിച്ചുകളയണം.      ലോകത്തെയും  ബന്ധങ്ങളെയും  ആസ്വദിക്കാന്‍   ആരംഭിക്കണം.
                          ജീവിതം തന്നെ  ഒരു ബന്ധപ്പെടലാണ്.   ബന്ധങ്ങളില്ലാതെ  ജീവിക്കാന്‍ സാദ്ധ്യമല്ല.    ബന്ധങ്ങള്‍ സമൂഹത്തിന്റെ  ചട്ടക്കൂടെ  ആകുന്നു, വിന്യാസമാകുന്നു.      ഏകാന്തതക്കുവേണ്ടി  കാട്ടിലോ മണലാരണ്യത്തിലോ  പോയൊളിച്ചാലും,  നമ്മുടെ  അബോധമനസ്സ്  ബന്ധപ്പെടലിനുവേണ്ടി  കേഴുന്നുണ്ടാവും.      എന്നാല്‍  എല്ലാ ബന്ധങ്ങള്‍ക്കും  ഒരു ക്രമവും  വ്യവസ്ഥയും  ഉണ്ടായിരിക്കണം.   ഇല്ലാതെ പോയാല്‍ അതു ഭിന്നതയിലേക്കും  ദുഃഖത്തിലേക്കും വിഭ്രാന്തിയിലേക്കും  നയിക്കും.      ബന്ധങ്ങളില്‍ വരുന്ന  ക്രമക്കേടുകളെ  ഓര്‍മ്മയില്‍ സൂക്ഷിക്കരുത്.      വേഗത്തില്‍ അവയെ മനസ്സില്‍ നിന്ന് തൂത്തു മാറ്റുന്നതിന്  ഉപയുക്തമാകുന്ന  കാരണങ്ങള്‍ നാം തന്നെ കണ്ടുപിടിക്കണം.      അങ്ങനെ  മനസ്സിനെ  ശുദ്ധമായി  സൂക്ഷിക്കാം,  നമ്മുടെ  മനസ്സില്‍ നിന്ന്  സ്‌നേഹം നഷ്ടമാവാതെയും ഇരിക്കും.      സ്‌നേഹ സമ്പൂര്‍ണമായ ബന്ധങ്ങളില്‍ കഴിയുന്ന വ്യക്തികള്‍ക്ക്  സമൂഹത്തെ തന്നെ ഉദ്ധരിക്കാന്‍ കഴിയും.   വ്യക്തി ജീവിതങ്ങളില്‍ അടിസ്ഥാനപരമായി  തന്നെ രൂപാന്തരീകരണം സംഭവിച്ചാല്‍,  അതു  സമൂഹ പ്രജ്ഞയെയും (കോണ്‍ഷിയസ്‌നെസ്സ്)  രൂപാന്തരപ്പെടുത്തും.      ഉദാഹരണമായി,   സമൂഹം  ഒരു  'വസ്ത്രം'  ആണെങ്കില്‍ ,  വ്യക്തികള്‍ അതിലെ  'നൂല്‍ ഇഴകള്‍'  ആകുന്നു.    വെളുത്ത നൂല്‍ കൊണ്ട് നിര്‍മിക്കുന്ന വസ്ത്രം വെള്ളയും,      മഞ്ഞ നൂല്‍ കൊണ്ട്  നിര്‍മ്മിക്കുന്ന വസ്ത്രം മഞ്ഞയും  ആയിരിക്കും.    അതുപോലെ,   ഒരു വസ്ത്രം  'പിച്ചി ചീന്തപ്പെട്ടു'  എന്ന് പറഞ്ഞാല്‍,  അതിന്റെ നൂലുകള്‍  ചീന്തപ്പെട്ടു  എന്നാണ്.       അതുപോലെ  വ്യക്തികളുടെ കാഴ്ചപ്പാടും  ചിന്തകളും  സ്വഭാവവും,    സമൂഹത്തിന്റെ  പ്രജ്ഞയായി പരിണമിക്കും.                                                                                                    ഓരോ   വികാര      വിക്ഷോഭങ്ങളും  നമ്മുടെ   ആരോഗ്യത്തെയും     ബാധിക്കുന്നു        എന്ന്   ആധുനീക ശരീര ശാസ്ത്രവും  പൗരാണീക  അഷ്ടാംഗഹൃദയവും  ഊന്നി പറയുന്നു.      ഓരോ വികാര പ്രകടനങ്ങളും  ഭാവങ്ങളും അഥവാ നവരസങ്ങളും,  നമ്മുടെ ഗ്രന്ഥികളെ  ഉത്തേജിപ്പിക്കുകയും  സ്രവിപ്പിക്കുകയും  ചെയ്യുന്നു.     എല്ലാ  ജീവ ജാലങ്ങള്‍ക്കും അവയുടെ  ചുറ്റുമായി  ഒരു 'ശാക്തീക വലയം'(ഫീല്‍ഡ് ഓഫ് എനര്‍ജി) ഉണ്ടെന്നും  അതു പ്രപഞ്ചത്തിലെ  തന്നെ മറ്റു ശാക്തീകവലയങ്ങളുമായി  സമ്പര്‍ക്കം  പുലര്‍ത്തുകയും വളരുകയും  വ്യതിയാനം  പ്രാപിക്കുകയും  ചെയ്യുന്നു.        'ബയോ പ്ലാസ്മിക് എനര്‍ജി'  ഗവേഷണത്തിലൂടെ  റഷ്യയില്‍ വികസിപ്പിച്ചെടുത്ത  'കിര്‍ലിയന്‍ ഫോട്ടോഗ്രാഫി'  ഇത് നിരീക്ഷണ സാധ്യമാക്കിയിട്ടുണ്ട്.      ഇങ്ങനെ   പരസ്പര സമ്പര്‍ക്കത്തിന്റെ  പ്രത്യാഘാതങ്ങള്‍ നമ്മുടെയും സമൂഹത്തിന്റെയും  പ്രജ്ഞയെ  എങ്ങനെ  സ്വാധീനിക്കുന്നു എന്ന് മനസിലാക്കാം.                                                                                                                                                
                      നമ്മുടെ ആത്മ പ്രശംസയും  സ്വപ്നങ്ങളും,  വിനാശകാരിയാകാതെ , വേലികെട്ടി സൃഷ്ടിപരമായി വളര്‍ത്തേണ്ടതാണ്.      വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതില്‍ സന്തോഷിക്കുന്ന  സ്വഭാവം,  ബന്ധങ്ങള്‍ക്ക്  ആസ്വാദ്യത നല്‍കുന്നു.      മധ്യ വര്‍ത്തികളെ  ഒഴിവാക്കി കൊണ്ടുള്ള  ഇടപെടലുകള്‍  ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടപ്പില്‍ വരുത്താന്‍ ശ്രമിക്കേണ്ടതാണ്          മറ്റുള്ളവരുടെ നന്മയെ മുതലെടുത്തു ജീവിക്കുന്ന 'ഇത്തിള്‍കണ്ണികള്‍' ആണ്  നേ താക്കളായി  വിലസുന്ന ഇവരില്‍ പലരും.       മധ്യ വര്‍ത്തികള്‍, മറ്റു രണ്ടു കൂട്ടരെയും മഠയന്മാരാക്കുന്ന  സംഭവങ്ങളാണ് ഇന്ന് തുടരെ കേള്‍ക്കുന്നത്.     മധ്യ വര്‍ത്തികള്‍  അഥവാ നേതാക്കളില്‍  പലരും  സമ്പത്തും അധികാരവും  മോഹിച്ചു കയറിപറ്റിയവരാണ്, ഈ സ്ഥാനത്തേക്ക്.     എന്നാല്‍ ആത്മാര്‍ത്ഥമായി മൂല്യങ്ങളിലും സ്‌നേഹ സഹാനുഭൂതിയിലും ഒക്കെ ആകര്‍ഷിക്കപ്പെട്ടു, അര്‍പ്പണ മനോഭാവത്തോടെ    നേതാക്കള്‍  ആകുന്നവരും ഉണ്ട്.                 എന്നാല്‍ ചില നേതാക്കള്‍     സമൂഹത്തിനു ശാപമായി തീരുന്നതെങ്ങനെ?      സ്ഥാനമാനങ്ങള്‍ വഹിക്കുന്നവര്‍,  അതിന്റെതായ  പവിത്രതയും ബഹുമാനവും അതിനോടൊപ്പം ചുമതലകളും  പാലിക്കേണ്ടതാണ്.  പലരുടെയും കഴിവുകള്‍ പലതരത്തില്‍ ആകാം.     പുതിയ ചുമതലകള്‍ ചിലരെ മഹത്തുക്കള്‍  ആകാന്‍  സഹായിച്ചെന്നുമിരിക്കും.     അതിനാല്‍  'എനിക്ക്‌ശേഷം പ്രളയം' എന്ന് ധരിക്കാതെ,  സ്ഥാനം മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞു കൊടുക്കണം.      അത്  സമൂഹത്തിനു പ്രയോജനം നല്‍കും.      ഒഴുക്കിനു തടസ്സമാവരുത്.     നേതാക്കള്‍  സേവന നിരതരാകണം,   സേവിക്കപ്പെടേണ്ടവര്‍  ആണെന്ന ചിന്ത വഴിതെറ്റിക്കുന്നതാണ്.   ഇത് മനസ്സിലാക്കാത്തവര്‍  'ചന്ദനം ചുമക്കുന്ന കഴുതകളെ  പോലെയാണ്'.     
                          നേതാക്കള്‍ എന്ന  വ്യക്തികള്‍ക്കതീതമായി,   അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ക്കും  അവരില്‍ നിന്ന് പ്രതീക്ഷിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ക്കും പൊതുജനം ബഹുമാനം  കൊടുക്കുന്നു.      അത് പോലെ  തന്നെ  കലാകാരന്മാരുടെ   കഴിവുകള്‍ക്കും.    മറ്റുള്ളവരെ  'ഇടിച്ചു താഴ്ത്തി' തന്റെ മഹത്വം കാണിക്കുന്ന ഏറ്റവും  വില കുറഞ്ഞ നിലയിലേക്ക് താണുപോകരുതു. ചിലരുടെ  വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും   ഈ  അനാദരം ഇ്രന്‍സിവിലിറ്റി്യൂ പ്രകടമായി കാണുന്നു.    എല്ലാം മറന്നു സ്വയം അഹംങ്കാരമായി പരിണമിക്കുകയാണ്.      ഒരു  കഴുതയെ കുളിപ്പിച്ച്  പട്ടു വസ്ത്രങ്ങളും ചാര്‍ത്തി,  മുകളില്‍ ഒരു 'ദേവ പ്രതിമയും'   ഉറപ്പിച്ചു  പ്രദിക്ഷണം  നടത്തുന്നു.   ദൈവ  വിശ്വാസികള്‍ വഴിയില്‍ വസ്ത്രങ്ങള്‍ വിരിച്ചു  നമസ്‌കരിച്ചു  കൊണ്ടിരിക്കുന്നു.      ഇത് കണ്ട കഴുത ആവേശം  കൊള്ളുകയാണ്.     ഈ ജനം  എല്ലാം,  കഴുതയായ  തന്നെ നമസ്‌കരിക്കാന്‍ തുടങ്ങിയിരിക്കുന്നു!...തന്റെ പുറത്തു എന്താണ് ഇരിക്കുന്നതെന്നു  അവന്‍ മറന്നു.    തനിക്കു ഇത്രയും  ആദരവും ബഹുമാനവും  കിട്ടുമ്പോള്‍,  താനെന്തിനു ഈ ഭാരം ചുമക്കണം  എന്ന് സ്വയം ചോദിച്ചു കൊണ്ട്,  ശരീരം ഇളക്കിയും  കുലുക്കിയും ദേവപ്രതിമയെ  താഴെ വീഴിച്ചു.   പിന്നെ  തല ഉയര്‍ത്തി  ഞെളിഞ്ഞു ഒരു നടപ്പായിരുന്നു.  എന്നാല്‍  വന്ദിച്ച ജനം തന്നെ  കഴുതയെ  അടിച്ചും ഇടിച്ചും മൃതപ്രായനാക്കിയപ്പോഴാണ്  അവനു ബോധോദയം  ഉണ്ടാകുന്നത്.   രാഷ്ട്രീയ മത നേതാക്കള്‍ക്കും കലാകാരന്മാര്‍ക്കും  ബോധോദയം ഉണ്ടാക്കാന്‍  ഈ പഴയ  കഥ സഹായിച്ചേക്കും.                                                                                                      
                               മതങ്ങള്‍ ഏറ്റെടുക്കുന്ന  ചുമതല,  മനുഷ്യര്‍ക്ക്  ഈശ്വര സാക്ഷാത്കാരം  ലഭിക്കാനായി  സ്‌നേഹത്തിന്റെയും സഹിഷ്ണതയുടേയും  സത്കര്‍മ്മങ്ങളുടെ  പാത  കാണിച്ചുകൊടുക്കുകയാണ്.       രാഷ്ട്രം, സുഭിക്ഷമായി ഭയരഹിതമായി  സ്വതന്ത്രമായി ഐക്യത്തോടെ  വര്‍ത്തിക്കാനുള്ള  അവസരം ഉണ്ടാക്കുകയാണ് രാക്ഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍,    മത നേതാക്കള്‍,  പല   ദൈവ ങ്ങളുടെയും  ആചാരങ്ങളുടെയും  പേരില്‍,  മനുക്ഷ്യരെ  പല തുരുത്തുകളില്‍  പാര്‍പ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍,  കൊടികളുടെ നിറ വ്യത്യാസം കാണിച്ചു  ആളുകളെ  വിഭജിച്ചു  അന്യോന്യം  മത്സരിപ്പിക്കുന്നു. ഒന്നിപ്പിക്കേണ്ടിയവര്‍  തന്നെ  ഭിന്നിപ്പിക്കുന്നു.  ഈ ദുസ്ഥിതിയില്‍  നിന്ന്  ലോകത്തെ  എങ്ങനെ രക്ഷിക്കാനാവും?       വ്യക്തി ബന്ധങ്ങളില്‍ നിന്നും എങ്ങനെ അപശ്രുതികള്‍ ഇല്ലാതാക്കാം.?  വ്യക്തികളിലൂടെ  സമൂഹ പ്രജ്ഞയെ തന്നെ സുന്ദരവും  ശ്രുതി മധുരവും  ആക്കി തീര്‍ക്കാന്‍ കഴിഞ്ഞാല്‍,  പ്രകൃതിയില്‍  വരെ മാറ്റങ്ങള്‍  സംഭവിക്കും.       രാഷ്ട്രീയത്തിന്റെയും  മതത്തിന്റെയും  തെറ്റിപ്പോയ  ലക്ഷ്യത്തില്‍  നിന്നും  നേരായ മാര്‍ഗ്ഗത്തില്‍  എത്തിക്കാന്‍  വ്യക്തികള്‍ പ്രതികരണ ശക്തി പ്രാപിച്ചു,    മുന്നോട്ടു ഇറങ്ങണം.    ഇനിയും ഈ  വിപരീത ക്രമമെ  പോംവഴിയായി  ശേഷിക്കുന്നുള്ളു.  എല്ലാവരും ജോലി  ചെയ്യുക. രാക്ഷ്ട്രീയവും  മത പ്രവര്‍ത്തനവും  വരുമാനമാര്‍ഗം  ആക്കാതിരിക്കുക.  സ്വത്തുക്കളില്‍ നിന്നും  രാക്ഷ്ട്രീയ നേതാക്കള്‍ക്കും  മത നേതാക്കള്‍ക്കും  നിയന്ത്രണവും പരിധിയും ഏര്‍പ്പെടുത്തണം.    എല്ലാ വരുമാനങ്ങള്‍ക്കും  നികുതി  ചുമത്തുകയും  കണക്കുകള്‍ പ്രസിദ്ധ പ്പെടുത്തുകയും വേണം.       തട്ടിപ്പിനും വെട്ടിപ്പിനും എതിരെ കര്ശനമായ  നിയമവും  നടപടികളും  ആവശ്യമാണ്.  ഒരു വെള്ളപ്പൊക്ക കെടുതി കഴിഞ്ഞിട്ടി മാസങ്ങള്‍ ആറ് ഏഴു എങ്കിലും ആയി.    ദുരിതം അനുഭവിക്കുന്നവര്‍ക്കായി   പിരിച്ചെടുത്ത  പണം,  അര്‍ഹത പെട്ടവര്‍ക്ക്  എത്തിച്ചു കൊടുക്കാന്‍ മടി കാണിച്ചു കൊണ്ട്  ചില  സഭ നേതൃത്വങ്ങള്‍  അതിനു മുകളില്‍      'അട' ഇരിക്കുന്നത്  എന്തിനെന്നു അറിയില്ല. രാഷ്ട്രീയക്കാര്‍  സ്വജന പക്ഷപാതവും ദുര്‍വിനിയോഗവും നടത്തുന്നതായി  മറ്റൊരു പക്ഷം. ഇരുളും വെളിച്ചവും തമ്മില്‍ വേര്‍തിരിക്കാനാവാതെ  വരുമ്പോള്‍ , സത്യം എവിടെ നിന്ന് വരുന്നു എന്ന് നോക്കി ആകുലരായിരിക്കുന്ന ഒരു ജനതയ്ക്കു  എങ്ങനെ  സമാധാനം  കിട്ടും. അതിനാല്‍, മധ്യ വര്‍ത്തികളെ  ഒഴിവാക്കി കൊണ്ട്,  സ്വയ 'അന്തര്‍ വര്‍ത്തിയില്‍' അഭയം നേടുക.     'അഭയം'ത്തിനര്ഥം, ഭയമില്ലാത്ത അവസ്ഥ  എന്നും  ആശ്രയം എന്നും.   അങ്ങനെ തന്നെത്താന്‍ ഭയമില്ലാത്ത അവസ്ഥയിലായി,സ്വയം ആശ്രയിക്കാം സ്വന്തം പ്രജ്ഞയെ..  ജീവിതത്തെ, ബന്ധങ്ങളെ,  പ്രജ്ഞയെ,  സമൂഹ പ്രജ്ഞയെ തന്നെ  സമാധാനിപ്പിച്ചു  പൂവണിയിക്കാന്‍  വ്യക്തികള്‍ തന്നെ മുന്നോട്ടിറങ്ങണം.      ഭയരഹിതമായി   തെറ്റുകള്‍ക്കെതിരെ  സംസാരിക്കണം. എതിര്‍ക്കേണ്ടതിനെ  മുഖം നോക്കാതെ  എതിര്‍ത്ത്  ഒരു നല്ല നാളെയെ,  ഒരു നല്ല ലോകത്തെ,  അടുത്ത  തലമുറക്കെങ്കിലും  ലഭ്യമാകാന്‍  സഹായിക്കാം..

ജീവിതം... ബന്ധങ്ങള്‍... പ്രജ്ഞ- (തോമസ് കളത്തൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക