Image

നിന്നെ പിരിഞ്ഞപ്പോള്‍ (കവിത- രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 11 February, 2019
നിന്നെ പിരിഞ്ഞപ്പോള്‍ (കവിത- രാജന്‍ കിണറ്റിങ്കര)
നീയെന്നും എന്റെ

കണ്മുന്നില്‍ തന്നെ

ഉണ്ടായിരുന്നു ..

 

എത്ര

കറക്കിയിരിക്കുന്നു

നിന്നെ

എന്റെ സ്വാര്‍ത്ഥത  ..

 

ഒക്കെ സ്വസ്ഥമായി

ഒന്ന് മിണ്ടാനും

പറയാനും

മാത്രമായിരുന്നു ..

 

എന്നാലും

നീ പിണങ്ങിയില്ല

എന്റെ പരിധിവിട്ട്

പോയതുമില്ല ...

 

നിന്നെ

കവിളോടുചേര്‍ത്ത്

ചുണ്ടുകള്‍

തമ്മിലുരസി

എത്രമേല്‍ നമ്മള്‍

പ്രണയിച്ചു..

 

കറുപ്പിന്

ഏഴഴകെന്ന സത്യം

എന്നെ പഠിപ്പിച്ചത്

നീയായിരുന്നു

 

എല്ലാം

ഇന്നലെ കഴിഞ്ഞപോലെ

 

നീയെന്നെയാണോ

ഞാന്‍ നിന്നെയാണോ

കൈവെടിഞ്ഞതെന്ന്

എനിക്കറിയില്ല ..

 

എന്നാലും

ഒന്ന് സ്പഷ്ടമാണ്

 

നിന്നെ

നഷ്ടപ്പെട്ട മുതലാണ്

എനിക്ക് വഴിതെറ്റിയത്

ഞാന്‍ മടിയനായത്

പരദൂഷണക്കാരനായത് ...

 

അന്ന് മുതലാണ്

ഞാനൊരു ഭീരുവായി

തല കുമ്പിട്ട്

നടക്കാന്‍ തുടങ്ങിയത്..

Join WhatsApp News
Sudhir Panikkaveetil 2019-02-11 16:19:12
ശ്രീ രാജന്റെ ഗദ്യകവിതകളിലെ പദവിന്യാസം (syntax )
ശ്രദ്ധേയമാണ്.  കവിതയിലെ വിഷയമനുസരിച്ച് 
അതിന്റെ താളവും (cadence ) ക്രമവും കൈപ്പിടിയിലൊതുക്കാൻ 
അദ്ദ്ദേഹത്തിനു കഴിയുന്നു. ഇവിടെ വിഷയം 
പ്രണയമാണ്. ആധുനിക കാലത്തെ dating ൽ 
പറയുന്ന ghosting നു രണ്ടുപേരും ഇരകളായി. 
ആർ ആരെ വിട്ടുപോയി എന്നറിയാതെ വിഷമിക്കുന്ന 
കാമുകൻ..അദ്ദേഹത്തിന്റെ അവസ്ഥ നോക്കുമ്പോൾ 
വിട്ടു പോയത് അവൾ തന്നെ.  ഈ പ്രണയകാലത്ത് 
ചിന്തിക്കാൻ ഒരു വിഷയമാണ് , വിട്ടുപോകുന്നവരെ 
അന്വേഷിച്ചുപോണോ എന്നത് ? അതിനു ധൈ ര്യമില്ലെങ്കിൽ 
തലകുമ്പിട്ട് നടക്കുക തന്നെ ഗതി. 

ഭാരം, നീളം 2019-02-11 17:41:00
ജീവിതം, ബന്ധങ്ങൾ, പ്രജ്ഞ മുതലായ ഭാരമുള്ള സാധനങ്ങൾ അടിയിൽ തൂക്കിയിട്ടതുകൊണ്ടാണോ കവിത വലിഞ്ഞു നീണ്ടുപോയത്?
ഇന്നലെകളെ മറന്ന് ഇന്നിനെ പുൽകൂ 2019-02-11 20:43:23
സ്വാർത്ഥത! 
അതിൽ നിന്ന്
ആർക്കാണ് മുക്തി ചേട്ടാ ?

എത്ര ആശ്ലേഷണങ്ങൾ
എത്ര എത്ര വാഗ്ദാനങ്ങൾ 
എത്ര പെട്ടെന്ന് അവ മായുന്നു 

ഇന്ന് ചേട്ടന്റെ കരങ്ങളിൽ കിടന്ന് 
ആ ചുണ്ടുകളുടെ സ്പർശം ഏൽക്കുമ്പോൾ 
എന്റെ ഗതകാല ഓർമ്മകൾ 
എനിക്ക് അലസോരമാകുന്നു 

ഇന്നലെകളുടെ മധുരത്തേക്കാൾ 
ഇന്നത്തെ മധുരം 
അതാണെന്റ് ലക്‌ഷ്യം 

ചേട്ടൻ പൂർവ്വകാലങ്ങളുടെ 
ബന്ധനത്തിൽ നിന്ന് പുറത്ത് അവന്ന് 
പ്രണയത്തിനായി ദാഹിക്കുന്ന 
മനസ്സുകളെ പുല്കു 

സ്വാർത്ഥത മുന്നോട്ടുള്ള 
ജീവിതത്തിന് അനിവാര്യമത്രെ ചേട്ടാ 
ഇന്നലെകളെ മറന്ന് 
ഇന്നിനെ പുൽകി പോകൂ ചേട്ടാ .

വിദ്യാധരൻ  
Rajan Kinattinkara 2019-02-11 23:23:53

ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്കുള്ള ചുവടുമാറ്റമാണ് പ്രമേയം.  അത് സ്പഷ്ടമാക്കിയാൽ അത് കവിതയല്ലാതാകും.


വിദ്യാധരൻ 2019-02-12 03:17:32
ആധുനിക കവിതകൾ മനസ്സിൽ വേരൂന്നാത്തിനും അത് അല് പായസാകുന്നതിന്റെയും ഒരു കാരണമാണ് രാജൻ കിണറ്റിക്കര ഇവിടെ വെളുപ്പിടുത്തിയിരിക്കുന്നത് . സുധീർ പണിക്കവീട്ടിൽ പറയുന്നതുപോലെയും മറ്റു കവിതകളിൽ കാണുന്നതുപോലെയുമുള്ള പദവിന്യാസം ഈ കവിതയിൽ കാണുന്നില്ല എന്നത് ഇവിടെ ഖേദപ്പൂർവ്വം രേഖപ്പെടുത്തിക്കൊള്ളട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക