Image

തെരഞ്ഞെടുപ്പു വേളയിലെ തെരഞ്ഞുപിടിച്ച ധൃതിപിടിച്ച അഴിമതിവേട്ട (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 12 February, 2019
തെരഞ്ഞെടുപ്പു വേളയിലെ തെരഞ്ഞുപിടിച്ച ധൃതിപിടിച്ച അഴിമതിവേട്ട  (ഡല്‍ഹികത്ത് : പി.വി.തോമസ്)
അഴിമതിക്കാര്‍ ആരുതന്നെ ആയാലും എത്ര ഉന്നതര്‍ ആയാലും പിടിക്കപ്പെടണം, ശിക്ഷിക്കപ്പെടണം, ജയിലില്‍ അടക്കപ്പെടണം. ഇതില്‍ യാതൊരു ദാക്ഷിണ്യവും പാടില്ല. കക്ഷി രാ്ഷ്ട്രീയ ജാതിമത ഭേദമെന്യെ ഈ നിയമവാഴ്ച നടപ്പിലാക്കപ്പെടണം. ഇന്‍ഡ്യയില്‍ അഴിമതിക്കാര്‍ എല്ലാ രാഷ്ട്രീയകക്ഷികളിലും ജാതിമതവിഭാഗങ്ങളിലും ഉണ്ടെന്നുള്ളത് പകല്‍ വെളിച്ചം പോലെ യാഥാര്‍ത്ഥ്യം ആണ്. അങ്ങനെയിരിക്കെ പ്രതിപക്ഷത്തില്‍ മാത്രം അഴിമതിക്കാര്‍ ഉണ്ടെന്ന് വരുത്തുന്നതും ഭരണകക്ഷി അഴിമതിമുക്തരാണെന്ന് വരുത്തിതീര്‍ക്കുവാന്‍ ശ്രമിക്കുന്നതും അപകടകരം ആണ്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കാലത്ത്. ഭരിക്കുന്നവരുടെ  അഴിമതി വെളിയില്‍ വരുന്നത് അവര്‍ പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ്. അതായിരുന്നല്ലോ യു.പി.എ.യുടെ ചരിത്രവും. അഴിമതി നടത്തുന്നത് ഭരണകക്ഷിയാണ്. പ്രതിപക്ഷം അല്ല എന്നതും യാഥാര്‍ത്ഥ്യം.
 അതുകൊണ്ടാണഅ കേസിന്റെ മെരിറ്റിലേക്ക്  വരാതെ, റോബര്‍ട്ട് വധരക്കും ചിദംബരത്തിനും അഖിലേഷ് യാദവിനും മായാവതിക്കും ഒരു പക്ഷേ മമതബാനര്‍ജിക്കും മറ്റും എതിരെയുള്ള സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവ അഴിമതി അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലും കേസ് എടുക്കലും ഈ തെരഞ്ഞെടുപ്പ് വേളയില്‍ വിവാദം ആകുന്നത്. പ്രഹസനം ആകുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രചരണ- സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗം ആകുന്നത്.
മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും യു.പി.എ. ചെയര്‍ പേഴ്‌സനും ആയ സോണിയ ഗാന്ധിയുടെ മരുമകനും, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുട സഹോദരി ഭര്‍ത്താവും, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയി അടുത്തയിട നിയമിതയായ പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവും ആയ റോബര്‍ട്ട് വധര അഴിമതി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടണം, കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ ഇന്‍ഡ്യയില്‍ രണ്ട് അഭിപ്രായം ഇല്ല; ഒരു പക്ഷേ, കോണ്‍ഗ്രസ്‌കാര്‍ക്ക് റോബര്‍ട്ട് വഡരയോട് പ്രത്യേക ഒരു മമത ഉണ്ടായേക്കാം. അതുപോലെ തന്നെ ചിദംബരവും മകന്‍ കാര്‍ത്തിക് ചിദംബരവും, അഖിലേഷ് യാദവും, മായാവതിയും മമതയും അഴിമതിക്കാരാണെങ്കില്‍ വേട്ടയാടി പിടിക്കപ്പെടണം. ആരും അവരെ സംരക്ഷിച്ചുകൂട. അവിഹിതമായി, അ്‌ന്യായമായി. അവര്‍ മാത്രം അല്ല അഴിമതിക്കാര്‍ എന്നതും ഒരു ന്യായീകരണം അല്ല. അത് ശരിയായിരിക്കാം. പക്ഷേ, അത് ഒരു മുടന്തന്‍ ന്യായം ആണ്. ഉദാഹരണമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരായി റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ അഴിമതി ആരോപണം ഉണ്ടായില്ലേ? ചൗക്കിദാര്‍(പ്രധാനമന്ത്രി) കള്ളന്‍ ആണെന്ന് രാഹുല്‍ഗാന്ധി രാപ്പകല്‍ ഉചൈസ്ഥരം കൊട്ടിഘോഷിക്കുന്നില്ല. നാളെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ മറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയാലും മോഡിയുടെ ചങ്ങാത്ത മുതലാളിത്വ അഴിമതി കുംഭകോണം മറ്റൊരു ഭരണകൂടം വെളിച്ചത്ത് കൊണ്ടുവന്നുകൂടായെന്നുണ്ടോ? ഇല്ല. അതുപോലെതന്നെ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷായുടെ മകനെതിരായിട്ടുള്ള അഴിമതി ആരോപണങ്ങളും നാളെ പകല്‍ വെളിച്ചം കണ്ടെന്നിരിക്കും. അതുകൊണ്ട് ഒരു വഡരയിലൂടെയും യാദവിലൂടെയും മായാവതിയിലൂടെയും മമതയിലൂടെയും അറ്റം കാണുന്നതല്ല ഈ അഴിമതിവേട്ട. പക്ഷേ വഡരയേയും യാദവിനെയും മായാവതിയെയും മമതയെയും ഇവിടെ ആര്‍ക്കും പ്രതിരോധിക്കുവാന്‍ സാധിക്കുകയില്ല. അവര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍. ഇവിടെ അവരെ നായാടിപിടിക്കുന്നതിന്റെ സമയം ആണ് പ്രശ്‌നം. രാജ്യം ഒരു വലിയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഇവരെല്ലാം ഭരണകക്ഷിയെയും പ്രത്യേകിച്ച് മോഡിയെയും ഷായെയും എതിര്‍ക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ടവരും ആണ്. ആയതിനാല്‍ ആണ് വര്‍ഷങ്ങളുടെ പഴക്കമുളിള ഈ അഴിമതി കേസുകള്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ കുത്തിപ്പൊക്കിക്കൊണ്ട് വരുന്നതിന്റെ രാഷ്ട്രീയ പ്രസക്തി, ഉദ്ദേശം ചോദ്യം ചെയ്യപ്പെടുന്നത്.

ഉദാഹരണം ആയി റോബര്‍ട്ട് വഡരയുടെ കേസ് എടുക്കുക. അദ്ദേഹം ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഭൂമി ഇടപാട് കുംഭകോണങ്ങളിലും ബ്രിട്ടന്‍, സ്‌പെയിന്‍, ഇന്‍ഡ്യ എന്നിവിടങ്ങളില്‍ 54 കോടിരൂപയുടെ കള്ളപ്പണം വെളിപ്പിക്കല്‍ അഴിമതിയിലും അന്വേഷണ വിധേയന്‍ ആണ്. അദ്ദേഹത്തിന്റെ പ്രധാന്യം അദ്ദേഹത്തിന്റെ പ്രധാന്യം അദ്ദേഹത്തിന്റെ ഭാര്യയുടെയും, ഭാര്യസഹോദരന്റെയും, ഭാര്യാമാതാവിന്റെയും രാഷ്ട്രീയം ആണ്. കേസ് വര്‍ഷങ്ങള്‍ ആയി നിലവിലുള്ളത് ആണ്. ഹരിയാനയും രാസ്ഥാനും ബി.ജെ.പി. ഭരിച്ചിരുന്ന, ഭരിക്കുന്ന സംസ്ഥാനങ്ങളും ആണ്. പക്േ അന്നൊന്നും ഒരു ധൃതനടപടിയും ഉണ്ടായില്ല. പക്ഷേ ഭൂമി കുംഭകോണവും കള്ളപ്പണം വെളിപ്പിക്കല്‍ കേസും പൊടുന്നനെ ആക്ടീവ് ആവുകയായിരുന്നു. പ്രിയങ്കയുടെ പുതിയ നിയമനവും സര്‍വ്വോപരി ലോകസഭ തെരഞ്ഞെടുപ്പും ചൂണ്ടികാട്ടി ഇത് രാ്ഷ്ട്രീയപ്രേരിതമെന്ന് വിമര്‍ശകര്‍ ആരോപിച്ചാല്‍ തെറ്റ് പറയുവാന്‍ പറ്റുമോ? ഇവരൊന്നും കേസിന്റെ ഗുണാഗുണങ്ങളിലേക്ക് പോകുന്നില്ല. നാലരവര്‍ഷത്തിലേറെ രാജ്യം ഭരിച്ച ഒരു ഗവണ്‍മെന്റ് എന്തിന് കാലാവധി തീര്‍ന്ന തെരഞ്ഞെടുപ്പിന് പോകുന്ന വേളയില്‍ ഈ തിടുക്കം കാണിക്കുന്നു? കുടുംബ- വ്യക്തി വിരോധം? അതോ അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ അധികാരത്തില്‍ വന്നിട്ട് കാര്യമായി ഒന്നും ചെയ്യുവാന്‍ സാധിക്കാത്തതിന്റെ പ്രായശ്ചിത്തമോ? റോബര്‍ട്ട് വഡരക്ക് എതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഇക്കാലം അത്രയും ഈ ഗവണ്‍മെന്റ് ഈ വക ചോദ്യം ചെയ്യലുകള്‍ക്കായി കാത്തിരിക്കുന്നു? അഴിമതിവേട്ട വെറും തെരഞ്ഞെടുപ്പ് പ്രചരണ ആയുധമായി, പ്രഹസനം ആയി തരം താഴരുത്. ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരണകാലത്തും രാജസ്ഥാനില്‍ അതേ ഭരണകാലത്തും വഡരക്ക് അവിഹിതമായി കോടിക്കണക്കിന്റെ ഭൂമി നല്‍കിയെന്നും അദ്ദേഹം അത് മറിച്ച് വിറ്റ് ഒട്ടേറെ കോടികള്‍ സമ്പാദിച്ചു എന്നും ആണ് ആരോപണം. എന്തുകൊണ്ട് മോഡി അത് ഇതുവരെ കണ്ടുപിടിച്ചില്ല. വഡരയെ അനധികൃതമായി കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ വഴിവിട്ട് സഹായിച്ചെങ്കില്‍ അദ്ദേഹത്തെയും ആ ഗവണ്‍മെന്റുകളെയും വെറുതെ വിട്ടുകൂട. തെളിവുകള്‍ ഹാജരാക്കി വഡരയെ കോടതി മുമ്പാകെ കൊണ്ടുവന്ന് ജയിലില്‍ അടക്കണം. പക്ഷേ, ഇതൊന്നും രാഷ്ട്രീയവേട്ടയാടല്‍ ആകരുത്. തെരഞ്ഞെടുപ്പ് തന്ത്രം ആകരുത്. അതുപോലെ തന്നെ വഡരക്ക് ലണ്ടനില്‍ മുപ്പതോളം കോടിരൂപ വിലമതിക്കുന്ന ആറ് ഫഌറ്റുകള്‍ കള്ളപ്പേരില്‍ ഉണ്ടെന്നും ഇതെല്ലാം ആയുധ- പെട്രോള്‍ ഉല്‍പന്ന ഇടപാടിലെ ഇടനില കച്ചവടത്തിലൂടെ നേടിയത് ആണെന്നും ആണ് ആരോപണം. ഇത് വളരെ ഗുരുതരമായ ഒരു ആരോപണം ആണ്. കാരണം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നത് ആണ് ഇത്. ഇത്രയും ഗൗരവമായ ഒരു ആരോപണം തെളിയിക്കുവാന്‍ മോഡിയും അദ്ദേഹത്തിന്റെ അന്വേഷണ ഏജന്‍സികളും എന്തുകൊണ്ട് ഭരണാവസാനകാലം വരെ കാത്തിരുന്നു? അതുകൊണ്ടല്ലേ ഇതൊക്കെ വെറും രാ്ഷ്ട്രീയ പ്രഹസനം ആണെന്നും തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും നിരീക്ഷകര്‍ അനുമാനിക്കുന്നത്?

ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഭരിക്കുന്ന കക്ഷിയുടെയും അതിന്റെ നേതാക്കന്മാരുടെയും അവരുടെ അന്വേഷണ ഏജന്‍സികളുടെയും വിശ്വാസ്യതയിലേക്കും അഴിമതി അന്വേഷണത്തിലുള്ള ആത്മാര്‍ത്ഥതയിലേക്കും ആണ്. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ വന്‍തോതില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. ഗവണ്‍മെന്റ്-പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും- അത് നിരാകരിച്ചു. ഒരു പക്ഷേ സി.എ.ജി. റിപ്പോര്‍ട്ടും അതു നിരാകരിച്ചാല്‍ പോലും ഗുരുതരം ആണ് ആ ആരോപണങ്ങള്‍. യുദ്ധവിമാനങ്ങളുടെ വില പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിലൂടെ കൂടിയോ?  പ്രതിരോധ മന്ത്രാലയത്തിന്റെ നോട്ട് അതാണ് കാണിക്കുന്നത്? അതുപോലെതന്നെ പ്രധാനമന്ത്രിയുടെ ചങ്ങാത്ത മുതലാളി അനില്‍ അംബാനിക്ക് 31,000 കോടിരൂപയുടെ ഓഫ്‌സെറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ലഭിക്കുവാനായി അദ്ദേഹം തന്നെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ ഒറ്റുകൊടുത്തോ? ഇതൊക്കെ രാജ്യത്തിന് അറിയണം. അതുപോലെ തന്നെ അഗസ്ത വെസ്റ്റ് ലാന്റ് ചോപ്പര്‍ ഇടപാലിലെ സ്ത്യാവസ്ഥയും. നെഹ്‌റു-ഗാന്ധി കുടുംബം അതില്‍ കോഴ കൈപ്പറ്റിയിട്ടുണ്ടോ?

അന്വേഷണ ഏജന്‍ജികളുടെ വിശ്വാസ്യത നഷ്ടപ്പെട്ട ഒരു കാലം ആണ് ഇത്. അതുകൊണ്ടാണ് അവരുടെ നടപടികള്‍ രാഷ്ട്രീയ യജമാനന്മാരുടെ താളത്തിന് അനുസരിച്ചുള്ള തള്ളല്‍ ആയി കാണപ്പെടുന്നത്. ശാരദചിറ്റ് ഫണ്ട് കുംഭകോണത്തില്‍ ചോദ്യം ചെയ്യപ്പെട്ട റെയ്ഡ് ചെയ്യപ്പെട്ട ത്രിണമൂണ്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതിന് ശേഷം പുണ്യവാളന്മാരായി. അന്വേഷണം ഏജന്‍സികളുടെ വിശ്വാസ്യത നശിച്ചാല്‍ അന്വേഷണം വെറും പ്രഹസനം ആകും. രാഷ്ട്രീയ പകപോക്കല്‍ ആകും. തെരഞ്ഞെടുപ്പ് പ്രചരണായുധമാകും.

അഴിമതി രാഷ്ട്രത്തെ കാര്‍ന്നു തിന്നുന്ന അര്‍ബ്ബുദം ആണ്. ഒപ്പം വര്‍ഗ്ഗീയതയും മതമൗലീകവാദവും അസഹിഷ്ണുതയും. അഴിമതിക്കാരെ പിടിച്ച് ജയിലില്‍ ഇടാം. പക്ഷേ, വര്‍ഗ്ഗീയവാദികളും മതമൗലീകവാദികളും അഴിച്ചുവിടുന്ന വംശഹത്യകളില്‍ ആള്‍ക്കൂട്ടകൊലകളില്‍ ജിവനും സ്വത്തും നഷ്ടപ്പെടുന്നവര്‍ക്ക് ആര് അവ തിരിച്ചു നല്‍കും?

തെരഞ്ഞെടുപ്പു വേളയിലെ തെരഞ്ഞുപിടിച്ച ധൃതിപിടിച്ച അഴിമതിവേട്ട  (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക