Image

അച്ഛന്റെ നൂറാം ജന്മദിനം ആഘോഷിച്ച് അച്ഛനൊപ്പം അവസാന യാത്ര (അനില്‍ പെണ്ണുക്കര)

Published on 12 February, 2019
അച്ഛന്റെ നൂറാം ജന്മദിനം ആഘോഷിച്ച് അച്ഛനൊപ്പം അവസാന യാത്ര (അനില്‍ പെണ്ണുക്കര)
കുറച്ചു നാളുകള്‍ക്ക് മുന്‍പ് രാവിലെ ഒരു ഫോണ്‍ കോള്‍ ..
"അനില്‍ ഭായി .. എവിടെയാ.."
"വീട്ടിലുണ്ട്....
ജോയിച്ചാ അസുഖം എങ്ങനെ .."
"ഭേദമായി വരുന്നു .. നമ്മുടെ 916 കരളല്ലേ ... അനില്‍ ഭായി .. ഒന്നും സംഭവിക്കില്ല .എല്ലാവരും പ്രാര്‍ത്ഥിക്കുക...
ഞാന്‍ നാട്ടില്‍ വരുന്നുണ്ട്. അച്ചായന്റെ നൂറാം ജന്മദിനം ..
ഒരു 1000 കാര്‍ഡ് പ്രിന്റ് ചെയ്യണം. മാറ്റര്‍ മെയിലില്‍ ഇട്ടിട്ടുണ്ട്. നന്നായി ഡിസൈന്‍ ചെയ്യണം.നാട്ടില്‍ കാണാം അനില്‍ ഭായി .. ഏറെ ആരോടും സംസാരിക്കാറില്ല.. ഡോക്ടറുടെ നിര്‍ദ്ദേശം.വരുമ്പോള്‍ കോട്ടയം വരിക"

കാര്‍ഡൊക്കെ പ്രിന്റ് ചെയ്ത് നാട്ടിലുണ്ടായിരുന്ന ജേഷ്ഠന്‍ മത്തച്ചന്‍ ചെമ്മാച്ചേലിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. അദ്ദേഹത്തെ കണ്ടപ്പോഴും ഞങ്ങള്‍ ജോയിച്ചനെ കുറിച്ചായിരുന്നു സംസാരിച്ചത്.
"അവന്‍ ശക്തമായി തിരിച്ചു വരുന്നു."
അച്ചായന്റെ പിറന്നാളിന് വരണം ..

പിന്നെ ആ ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു ..
ചെമ്മാച്ചേല്‍ തറവാട്ടില്‍ ആ ജന്മദിനം ഒരു ഉത്സവമായിരുന്നു. നാടന്‍ കടല വില്‍പ്പനക്കാരന്‍ മുതല്‍ ഒരു ഉത്സവ സ്ഥലത്ത് ലഭിക്കുന്ന എല്ലാ സന്തോഷങ്ങളും ഒരുക്കിയ വലിയ ആഘോഷം.
ആ തിരക്കിനിടയില്‍ അപ്പച്ചന്റെയരുകില്‍ അനുസരണയുള്ള കുട്ടിയെ പോലെ ജോയിച്ചന്‍. എന്നെ അടുത്തേക്ക് വിളിച്ചു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു.
"എന്താ അനില്‍ ഭായി ഇങ്ങനെ നോക്കുന്നത് "
എന്ന് പറഞ്ഞ് തോളോട് ചേര്‍ത്തു.
"വലിയ ഭാഗ്യം കാണാന്‍ പറ്റിയല്ലോ.
അനില്‍ ഭായി .ദൈവം വലിയവനാണ്. "

ഞാന്‍ ഒന്നും പറഞ്ഞില്ല. വരുന്നവരെല്ലാം ജോയിച്ചന്റെയടുത്തേക്ക്. അതിനിടയില്‍ ജോയിച്ചന്റെ സഹോദര ഭാര്യയുടെ ചെറു പ്രസംഗം.ആ കുടുംബത്തിന്റെ സ്‌നേഹത്തെ പറ്റി .പെട്ടന്ന് കടന്നു പോയ അല്ലിടീച്ചറെ പറ്റി.നൂറ് വയസ് തികച്ച അപ്പച്ചനെ പറ്റി .ജോയിച്ചന്റെ അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചവരെപ്പറ്റി ..
ആഘോഷങ്ങള്‍ കഴിഞ്ഞ് തിരക്കിനിടയില്‍ യാത്ര പറഞ്ഞിറങ്ങാന്‍ നേരം ജോയിച്ചന്‍ പറഞ്ഞു
" ഞാന്‍ പോകുന്നതിന് മുന്‍പ് വരണം"
വീണ്ടും ഞാന്‍ ജെ.എസ് ഫാമിലേക്ക് ചെല്ലുമ്പോള്‍ ഒരു ചാരുകസേരയില്‍ ഒരു കാരണവരെ പോലെ ..
" നടക്കാന്‍ വയ്യ... മാംസമെല്ലാം വെട്ടി കണ്ടിച്ചു വച്ചിരിക്കുകയല്ലേ.. രണ്ട് ദിവസമായി ചെറിയ വേദനയുണ്ട് "
കൂടുതല്‍ സമയവും ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയിരുന്നു.
ചെറിയ സംസാരങ്ങള്‍.
നിര്‍ദ്ധനരായ മുപ്പതോളം കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കിയാണ് ജോയിച്ചന്‍ പുതിയ വീട്ടിലേക്ക് താമസമാക്കിയത് .ആ രാത്രിയില്‍ ആളൊഴിഞ്ഞ നേരത്ത് വീടിന് പുറകിലേക്ക് പോയി ഞങ്ങള്‍...
"അമ്മയുടെ ആഗ്രഹമായിരുന്നു നീണ്ടൂര്‍ മാലാഖയ്ക്കടുത്ത് ഒരു വീട്. അത് സാധ്യമാക്കി.ഞാന്‍ അമേരിക്കയ്ക്ക് പോയാലും ഈ വീട് സമൃദ്ധമാക്കാന്‍ എന്താണ് അനില്‍ ഭായി ഒരു വഴി "
"ഒരു ഫാം തുടങ്ങുന്നത് നന്നാവും"
ജോയിച്ചന്റെ കണ്ണൊന്ന് തിളങ്ങി. പിന്നെ എല്ലാം വളരെ വേഗത്തില്‍. ഏവര്‍ക്കും സുസ്വാഗതം എന്നെഴുതിയ ഗേറ്റ് ഒരിക്കലും അടയ്ക്കാതെ നാട്ടാരേയും സുഹൃത്തുക്കളേയും ആ വീട് വിളിച്ചു കൊണ്ടേയിരുന്നു. ഖഥല െഫാംസ് എന്ന് പേരിട്ടതിനു ശേഷം എന്നോട് പറഞ്ഞു.
"നമുക്ക് ഫാമിനെ ക്കുറിച്ച് ഒരു വാചകം വേണം. ഒറ്റ വാക്ക് മതി .ഉടന്‍ വേണം. "
"മണ്ണിനെ അറിയൂ.. മനുഷ്യനാകു"
എന്ന വാക്ക് ഞാന്‍ ഫോണിലാണ് വിളിച്ചു പറഞ്ഞത്.
മതി.... ഇതു മതി..
ഫാമിന് മുന്‍പില്‍ ചെന്നിറങ്ങുമ്പോള്‍ മനസിനൊരു സന്തോഷമാണിപ്പോഴും. ആ വാക്കുകള്‍ കാണുമ്പോള്‍ ....
നാല്‍പതില്‍ പരം വിഭാഗങ്ങളിലായി പടര്‍ന്ന് പന്തലിച്ച ഫാമില്‍ ഒരു കാര്‍ഷിക വിജ്ഞാന മ്യൂസിയം ഉണ്ട്. നാളയുടെ തലമുറയ്ക്കായി ജോയിച്ചന്‍ ഒരുക്കിയത്. അഞ്ച് രാപ്പകലുകള്‍ ജോയിച്ചന്റെ ആഗ്രഹത്തിനൊത്ത് അതും ഡിസൈന്‍ ചെയ്ത് നല്‍കി.പഴകുംതോറും മേന്‍മയേറുന്ന പഴമക്കാരുടെ കാര്‍ഷിക ഉപകരണങ്ങളുടെ ഒരു കേന്ദ്രം.

ഫാമിന്റെ വളര്‍ച്ചയ്‌ക്കൊപ്പം അധികാരങ്ങളും പദവിയും കയ്യാളാന്‍ ഫാമിന്റെ എ.ബി.സി.ഡി അറിയാത്തവര്‍ വന്നപ്പോളും ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോളും ജോയിച്ചന്‍ ചിരിച്ചു കൊണ്ടു പറയും.പോട്ടെ.. എന്ന് .. മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന തെറ്റുകള്‍ പോലും ചുമന്ന് സ്വന്തം തോളിലേറ്റിയ ഒരു മനുഷ്യന്‍.ഏതു വലിയ പ്രശ്‌നങ്ങളേയും ചിരിച്ചു കൊണ്ട് നേരിട്ട ജോയിച്ചന്‍ അവസാനമായി പിരിയുമ്പോള്‍ എന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ട്.

" അസുഖം പൂര്‍ണ്ണമായും ഭേദമാവട്ടെ.. നമുക്ക് എല്ലാവര്‍ക്കും ആട്ടവും പാട്ടുമായി ഒരു ദിവസം ഇവിടെ കൂടണം ..അടിച്ചു പൊളിക്കണം "
ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ മുറിയിലേക്ക് വിളിച്ചു. പതിനഞ്ചോളം ഷര്‍ട്ടുകള്‍ . കുറേ മുണ്ടുകള്‍. ക്രോസിന്റെ 4 പേന, ഒരു ഐ ഫോണ്‍ .. എന്റെ കയ്യിലേക്ക് തന്ന് എന്നെ കെട്ടിപ്പിടിച്ചു.
" അനില്‍ ഭായി .. ഇനി ഈ ഷെല്ഫുകളില്‍ ഒന്നുമില്ല ..ക്‌ളീന്‍ "
ഞാനൊന്നും പറഞ്ഞില്ല.
തിരിച്ചു പോരാന്‍ വണ്ടി ഏര്‍പ്പാടാക്കി ജോയിച്ചന്‍ തറവാട്ടിലേക്കും ഞാന്‍ മലപ്പുറത്തേക്കും പോന്നു.. അവിടെ എത്തിയ ശേഷം ഒന്നു രണ്ട് തവണ വിളിച്ചു.
ഒന്നുരണ്ട് ആഗ്രഹങ്ങള്‍ ഉണ്ട് .മകന്റെ കല്യാണം നടത്തുമ്പോള്‍ ഒരു നിര്‍ധനരായ നൂറു പെണ്‍കുട്ടികളുടെ കല്യാണം നടത്തണം അന്ന് തന്നെ .ഫാമില്‍ വച്ച് നടത്തണം ആ കല്യാണം.ആ നൂറ്റി ഒന്ന് വധൂവരന്മാരുടെ നടുവില്‍ ഞാനും ഷൈലയും ..സുന്ദര നിമിഷമായിരിക്കും അല്ലെ "
മലയാറ്റൂര്‍ മലകയറണം. കമ്മ്യൂണിസ്റ്റായ എഴുത്തുകാരി രതിദേവിക്ക് കൊടുത്ത വാക്കാണ്.അനില്‍ ഭായിയും വരണം."
"ജോയിച്ചാ..ആ നൂറു പെണ്‍കുട്ടികള്‍ ഭാഗ്യമുള്ളവരാണ് ...എല്ലാം നടക്കും ..നമുക്ക് മലയാറ്റൂര്‍ക്ക് പോകാം ..പോകണം ഞാനും വരും..."

"ഏറെ സംസാരിക്കരുതെന്നാണ് നിര്‍ദേശം.നാട്ടില്‍ വരുമ്പോള്‍ കാണാം..."
ഡിസംബര്‍ 14 വരെ വാട്‌സ് അപ് മെസേജുകള്‍ നോക്കി. പിന്നീട് ഒരു വിവരവുമില്ല.. കേരളാ എക്‌സ് പ്രസ് എഡിറ്റര്‍ ശ്രീ.ജോസ് കണിയാലി വേദനയോടെ ചില വിവരങ്ങള്‍ കൈമാറി.
"ജോയിച്ചന് സീരിയസാണ് "
പിന്നീടറിയുന്ന വിവരങ്ങള്‍ ഒക്കെ വേദനിപ്പിക്കുന്നത് മാത്രമായിരുന്നു.
മനുഷ്യനേയും മണ്ണിനേയും സ്‌നേഹിക്കാന്‍ ജോയിച്ച നെ പഠിപ്പിച്ച പിതാവ് ലൂക്കോസ് ചെമ്മായേലും നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുന്‍പ് യാത്രയായി.
" ജോയിച്ചന്‍ നാട്ടില്‍ വരുമോ " എന്നായിരുന്നു എന്റെ അന്വേഷണം.
ഒന്നു കാണാന്‍..
വന്നില്ല ..
പിതാവിന്റെ മരണം കഴിഞ്ഞ് നാല്‍പ്പത്തി ഒന്നാം ദിവസം തന്റെ ആറാമത്തെ മകന്‍..
ഞങ്ങളുടെയെല്ലാം
ആയിരുന്ന ജോയിച്ചന്‍ പിതാവിനൊപ്പം.
മണ്ണിനെ അറിഞ്ഞ്
മനുഷ്യനായി ..
മണ്ണാകുന്നു...

ജോയിച്ചനെകുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ ഒരായിരം സംഭവങ്ങള്‍ മനസില്‍ വരുമെങ്കിലും ഒരിക്കലും മറക്കാത്ത ഒരു സംഭവം ഉണ്ട്.
എന്റെ അമ്മ മരിച്ച് പതിനാറടിയന്തിരം നടക്കുന്ന ദിവസം ആ ചടങ്ങില്‍ പങ്കെടുക്കാനായി മാത്രം അദ്ദേഹം അമേരിക്കയില്‍ നിന്നും വന്നു.ചടങ്ങിനെല്ലാം കൂടി.. പോകാന്‍ നേരം ഞാന്‍ ചോദിച്ചു. എത്ര ദിവസം നാട്ടിലുണ്ട്.
"ഇല്ല അനില്‍ ഭായി . ഞാന്‍ നാളെ രാവിലെ പോകും. ഈ ചടങ്ങിന് വന്നതാണ് "
ജോയിച്ചാ...
" അമ്മ മരിച്ചപ്പോള്‍ വരാന്‍ പറ്റിയില്ല. ഇപ്പോഴെങ്കിലും വന്നില്ലങ്കില്‍ അനില്‍ ഭായിയുടെ സുഹൃത്താണ് ഞാന്‍ എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം "

ജോയിച്ചന്‍ തോല്‍പ്പിക്കുകയാണ്.
ചിരിച്ചു കൊണ്ട് ...
അച്ഛന്റെ നൂറാം ജന്മദിനം ആഘോഷിച്ച് അച്ഛനൊപ്പം അവസാന യാത്ര (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക