Image

ഒരു വാലന്റയിന്‍ കഥ( ഡാര്‍ക്ക് ചോക്ലേറ്റും, ചുവന്ന വൈനും- സി. ആന്‍ഡ്രൂസ് )

സി. ആന്‍ഡ്രൂസ് Published on 13 February, 2019
ഒരു വാലന്റയിന്‍ കഥ( ഡാര്‍ക്ക് ചോക്ലേറ്റും, ചുവന്ന വൈനും- സി. ആന്‍ഡ്രൂസ് )
Photo: C. Andrews-as a youth

ഫ്‌ളോറിഡയിലെ ഇളം ചൂടുകൊള്ളാന്‍ വേണ്ടി പോകുന്ന പ്രഭാതനടത്തം ഒത്തിരി ഊര്‍ജ്ജം മനസ്സിനും ശരീരത്തിനും നല്‍കുന്നുണ്ട്. ഒരു ഏകാന്തപഥികനായി ഇങ്ങനെ ആടിപാടി നടക്കുമ്പോള്‍ ഒരനുഭൂതിയുളവാകുന്നു. വയസ്സിന്റെ വേലിക്കെട്ടില്‍ നിന്നും പുറത്ത് ചാടുന്ന മനസ്സ് അപ്പോള്‍ വിരിഞ്ഞ ഒരു പുവ്വായി മന്ദഹസിക്കുന്നു. കോളേജ് കാമ്പസ്സില്‍ എത്ര പ്രേമങ്ങള്‍ മൊട്ടിടുന്നു, വാടിക്കരിയുന്നു.

എന്നാല്‍ അതിന്റെ ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ കൂടെ കൂടുന്നു. എന്റെ മനസ്സിലേക്ക് കുറെ സുന്ദരിമാര്‍ ഒരുങ്ങി വരുന്നുണ്ട്. മുന്നിലേയ്ക്ക് മുടി പിന്നിയിട്ട ഒരു സുന്ദരിയെ ഞാന്‍ കാണുന്നു. അതെ, അവള്‍ ഇപ്പോള്‍ മുടി ബോബ് ചെയ്ത ഒരു പരിഷ്‌കാരി മദ്ധ്യവയസ്‌കയാണ്. അവള്‍ ഇതാ ഒരു പാവയ്ക്ക പന്തലില്‍ നിന്ന് പാവയ്ക്ക പൊട്ടിക്കുന്നു. അവര്‍ അവളല്ലെന്ന് അറിഞ്ഞിട്ടും വെറുതെ നോക്കാന്‍ ഒരു മോഹം. അവര്‍ക്കും കൗതുകം.  തൊപ്പിയും താടിയുമുള്ള ഒരു വികാരിയച്ചനാണെന്ന ഭാവത്തില്‍ അവരില്‍ ഭക്തി നിറയുന്നു. സംഗതി വഷളാകണ്ടന്നു കരുതി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന തിരൊന്തരം സ്ലാങ്ങില്‍ ചോദിച്ചു. 'സുങ്ങളൊക്കെ തന്നെ'. അവര്‍ പുഞ്ചിരിച്ചു. മനോഹരമായ മന്ദഹാസം. ജോസ് ചെരിപുറത്തിന്റെ വരികള്‍ കടമെടുത്ത് പറഞ്ഞാല്‍ 'കാലം കെടുത്താത്തഴകിനുടമയായി''... വല്ലവന്റേയും പെണ്ണുമ്പിള്ളയെ നോക്കി വെള്ളമിറക്കാന്‍ എന്റെ വയസ്സ് പതിനാറല്ലല്ലോ എന്ന് കരുതി ഞാന്‍ മുന്നോട്ട് നടക്കവെ അവര്‍ വിളിച്ചു  പറഞ്ഞു. എന്നും രാവിലെ കാണാറുണ്ട്. നാളേയും വരുമൊ? ഹോ, എന്തൊരു ചതി. അവര്‍ ഞാന്‍ ഒരു പാതിരിയാണെന്ന് ചിന്തിക്കുന്നുണ്ടാകും. അത് ഏതായാലും വേണ്ട. കാണാം എന്ന് മറുപടി പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടു.

പ്രണയം ചെറുപ്പത്തിലെ മൊട്ടിടുന്ന ഒരു വികാരമാണെങ്കിലും, ചെറുപ്പം കൂടുമ്പോഴും ചെറുപ്പം കുറയുമ്പോഴും  ആ മൊട്ട് വിരിഞ്ഞ് ഒരു പുവ്വായി നിന്ന് ചുറ്റുപാടും സുഗന്ധം പ്രസരിപ്പിച്ച്‌കൊണ്ടിരിക്കും.  ന്യൂയോര്‍ക്കിലെ തണുപ്പില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെടാന്‍  ഫ്‌ളോറിഡയിലെ പ്രശാന്തസുന്ദരമായ ഒരു പ്രദേശത്ത്  ഞാനെന്റെ വിശ്രമവേളകള്‍ ചെലവഴിക്കയായിരുന്നു.  കൂട്ടിനു മിന്നുകെട്ടിയവള്‍ കൂടെയുണ്ടെങ്കിലും 
ചിലപ്പോഴൊക്കെ ഒരു ഏകാന്തത അലട്ടുന്ന പോലെ തോന്നും.  കഴിഞ്ഞുപോയ കോളേജ് ദിനങ്ങളുടെ മധുരിമ നുകരാന്‍ മനസ്സ് വെമ്പുന്നതുകൊണ്ടാണത്. യൗവ്വനവും വിദ്യാഭ്യാസവും പിന്നെ ജോലിയും കഴിഞ്ഞാല്‍ മനുഷ്യരെല്ലാം ഒരു നുകം കഴുത്തില്‍ വച്ച് ജീവിതമെന്ന വയല്‍ ഉഴാന്‍ തുടങ്ങുന്നു. വാസ്തവത്തില്‍ അങ്ങനെ ഒരു പാടത്ത് കളപറിച്ചും, വിത്തെറിഞ്ഞും, വെള്ളം കോരിയും, കൊയ്‌തെടുത്ത് യാന്ത്രിക ജീവിതം നയിക്കയാണു മനുഷ്യര്‍. അപ്പോഴാണു മനസ്സ് എന്ന കുട്ടികുരങ്ങന്‍ മരച്ചില്ലകളിലേക്ക് ചാടാന്‍ കൊതിക്കുന്നത്. 

അങ്ങനെ കുറെ ചപല വ്യാമോഹങ്ങളുമായി ചങ്ങമ്പുഴയിലെ രമണനെപോലെ ഞാന്‍ സാങ്കല്‍പ്പിക മലരണികാടുകളിലൂടെ സ്വപനങ്ങളുടെ പുല്ലാങ്കുഴലുമായി നടക്കയായിരുന്നു. അപ്പോള്‍ ഒരു മദാമ്മ മുന്നില്‍. അവരുടെ തൊലിയുടെ നിറത്തെക്കാള്‍ വെളുത്ത പുഞ്ചിരിയുമായി. 'ഹായ്'' അവരുടെ ശബ്ദത്തിലും തേന്‍ നിറഞ്ഞിരുന്നു. സുന്ദരിമാരുടെ ലോകത്ത് എന്നും വിലസാറുള്ള അല്ലെങ്കില്‍ മേയാറുള്ള എനിക്ക് അവരുടെ മും അപരിചിതമായി തോന്നിയില്ല.  പ്രേമത്തിന്റെ തിരുമധുരം വച്ചുനീട്ടുന്ന എന്റെ പ്രിയദര്‍ശിനിമാരില്‍ ഒരാള്‍ ഇവള്‍.

ഞാനും 'ഹായ്'' എന്ന് പറഞ്ഞപ്പോള്‍ അവളുടെ ചോദ്യം. ' വാലന്റയിനു എന്തു പരിപാടി''. വഴിയരുകില്‍ കണ്ടുമുട്ടിയ അവള്‍ അങ്ങനെ ചോദിക്കുമ്പോള്‍ അനുരാഗ കരിക്കിന്‍ വെള്ളം നെഞ്ചില്‍ നിറയുന്ന ഒരു അനുഭൂതി. സംഭാഷണത്തില്‍ നിന്നും അവള്‍ ധനികയും വിദ്യാസമ്പന്നയുമാണെന്ന് മനസ്സിലായി. അവര്‍ക്ക് ഇന്ത്യക്കാരോട് വളരെ സ്‌നേഹവും ബഹുമാനവുമാണു്. ഏതോ സ്‌കൂളിലെ അദ്ധ്യാപിക.  വാലന്റയിന്‍ ദിനത്തിലെ പരിപാടി പ്രേമിക്കല്‍ തന്നെ അല്ലതെന്ത് എന്ന എന്റെ മറുപടി അവളെ ആനന്ദിപ്പിച്ചു. അവള്‍ ചോദിച്ചു, വേറെ കെട്ടുപാടുകളില്ലെങ്കില്‍ എന്റെ കൂടെ വരൂ, ഇന്നാണാ ദിവസം, നമുക്ക് ആഘോഷിക്കാം.  ഹ്രുദയം ഒരു സമുദ്രമാണു്. അതിലേക്ക് എത്ര നദികള്‍ ഒഴുകി ചേരുന്നു. 

മദാമ്മ എന്ന നദിയുടെ തെളിമയും, ചൂഴികളും, ഒഴുക്കും എങ്ങനെയെന്നറിയാന്‍ ആഗ്രഹം തോന്നി. അവള്‍ അവരുടെ ലെക്‌സസ് കാറില്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. വിശാലമായ ഒരു പുല്‍പറമ്പിന്റെ നടുവിലെ വലിയ വീട്. അത് തുറന്ന് അകത്തു കയറുമ്പോള്‍ ഒരു ചെറിയ പേടി തോന്നി. ഇന്ത്യക്കാരെ ഇങ്ങനെ പാട്ടിലാക്കി പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് ഇവള്‍ ചതിക്കുമോ.  മനസ്സിലെ ഭയമകറ്റികൊണ്ട് അവള്‍ എന്റെ ചുണ്ടില്‍ ചുംബിച്ചു. മും നിറയെ താടിയല്ലേ അത് കൊണ്ടാണു ചുണ്ടില്‍ ചുംബിച്ചത്. എന്നിട്ടവള്‍ ചിരിച്ചു, നിഷ്‌ക്കളങ്കയായ ഒരു കൗമാരക്കാരിയുടെ ചിരി.  ഇനിയെന്റെ ഊഴമെന്ന പോലെ അവള്‍ കുറച്ച് നേരം നിന്നിട്ട് ഷോപ്പിംഗ് ബാഗ് തുറന്ന് രണ്ടു പൊതികള്‍ മേശപ്പുറത്ത് വച്ചു. ചോക്ലെയ്റ്റ് ബോക്‌സ്, പിന്നെ ചുവന്ന വീഞ്ഞ്. ഒരു ക്രുസ്രുതിചിരിയോടെ അവള്‍ പറഞ്ഞു - എന്തിനാണിങ്ങനെ മസ്സില്‍ പിടിച്ചു നില്‍ക്കുന്നത്.  ഈ അവസരങ്ങളില്‍ ഒരു പുരുഷന്‍ എന്താണു ചെയ്യേണ്ടത് അതും ഈ പ്രേമദിനത്തില്‍. എന്റെ ആത്മവിശ്വാസം കൈമോശം വരുന്ന പോലെ, ലജ്ജയാല്‍ മും കുനിച്ച്  എല്ലാം കൊതിച്ച്‌കൊണ്ട് നില്‍ക്കാറുള്ള കാമിനിമാരെക്കാള്‍ ഇവള്‍ എല്ലാം തുറന്നടിക്കുന്നു. എന്തു ചെയ്യും. അപ്പോഴാണവള്‍ പറഞ്ഞത്, ചോക്ലെയ്റ്റ് കഴിക്കൂ, പിന്നെ ചുവന്ന വീഞ്ഞും കുടിക്കൂ, കാമദേവന്‍ അമ്പും വില്ലും തയ്യാറാക്കുന്നത് അപ്പോഴാണു്.  പിന്നെ അവിടെ ഒരു ചോക്ലെയ്റ്റ് കൂമ്പാരം ഉയര്‍ന്നു, അതിന്റെ തുമ്പത്ത് നിന്നും വീഞ്ഞു ഒഴുകി. മുറിയില്‍ മാദക ഗന്ധം നിറഞ്ഞു. കിതപ്പാര്‍ന്ന ശബ്ദത്തില്‍ മദാമ്മ പ്രേമ മന്ത്രങ്ങള്‍ പോലെ ഉരുവിട്ടു. പ്രേമദിനാശംസകള്‍.

-----------------------------
ഒരു വാലന്റയിന്‍ കഥ( ഡാര്‍ക്ക് ചോക്ലേറ്റും, ചുവന്ന വൈനും- സി. ആന്‍ഡ്രൂസ് )
Join WhatsApp News
amerikkan mollakka 2019-02-13 16:25:27
ഹള്ളാ ... ആൻഡ്രുസ് സാഹിബ് ഇങ്ങളൊരു 
ചൊങ്കൻ  തന്നെ.ബെറുതെയല്ല ഹൂറിമാർ 
ഇങ്ങേരുടെ പുറകെ കൂടുന്നത് . ഞമ്മടെ 
ഇടം വലം  ബീവിമാരായതുകൊണ്ട് ഒന്ന് 
ഒളിഞ്ഞു നോക്കുന്നത് പോലും മുസീബത്താണ് .
സുഖിക്കു സാഹേബ്.. കാലം കഴിഞ്ഞുപോകും.
ആശകൾ ബാക്കിയാകരുത്.  ഹാപ്പി വാലന്റയിൻ
Sudhir Panikkaveetil 2019-02-13 09:10:48
ചെറുപ്പകാലത്തെ പടം കൊടുക്കുമ്പോൾ ചുവട്ടിൽ പേരെഴുതിവയ്‌ക്കേണ്ടി വരുന്നെങ്കിൽ ഓർക്കുക കാലം നമ്മളെ എത്ര മാത്രം മാറ്റുന്നു. എന്നാൽ മനസ്സിന് ഒരു മാറ്റവും വരുന്നില്ല.  പി ഭാസ്കരമാഷുടെ കവിത.. "അനാദികാലം മുതലെ ഈ അജ്ഞാത കാമുകനകലെ .. ഏകാന്തതയുടെ മൗനഗാനമായി 
ഏതോ കാമുകിയെ കാത്തിരിപ്പു..". മനസ്സിൽ അവൾക്ക് എന്നും ഒരേ പ്രായം.
മാനസകോവിലിൽ പ്രണയാർച്ചനകൾ നടക്കുമ്പോൾ ചിലപ്പോൾ 
പ്രത്യക്ഷപ്പെടുന്നത് രതിദേവിയാണ്.  ശ്രീ ആൻഡ്രുസ്സിനെ രതിദേവതമാർ 
അനുഗ്രഹിച്ച്കൊണ്ടിരിക്കട്ടെ. 
James George 2019-02-13 16:56:45
The joy of the quickie.. you should have narrated  a bit more of the fun !! You can be
called a Malayalee Casanova, right??
Joseph 2019-02-13 20:27:53
ആൻഡ്രു നല്ല ഭാഗ്യവാനെന്നു തോന്നുന്നു. സുമുഖനായ ഒരു ചെറുപ്പക്കാരന്റെ പടം. യുവത്വത്തിലെ പഞ്ചാരത്താടി, സുന്ദരികൾ തേനൊലിക്കുന്ന വിധമുള്ള തലമുടിയുടെ ഫാഷൻ. പ്രേമിക്കാനും അറിയാമായിരുന്നുവെന്ന് ലേഖനം വായിച്ചപ്പോൾ മനസിലായി. 

കഴിഞ്ഞുപോയ എന്റെ കാലത്തെപ്പറ്റി എനിക്ക് നഷ്ടബോധമുണ്ടാകാറുണ്ട്. മനസിൽ കട്ടപിടിച്ച ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രേമിക്കാൻ ഞാനൊരു നാണം കുണുങ്ങിയായിരുന്നു. ഒരു പെണ്ണിനെ ചിരിച്ചുകാണിച്ചാൽ തല്ലു കിട്ടുന്ന കാലവും. കൂട്ടമായി പെണ്ണുങ്ങൾ വരുന്നത് കണ്ടാൽ അകന്നു നടക്കാവുന്നത്ര ദൂരത്തിൽ നടക്കും. കാണുമ്പോൾ പെൺകുട്ടികൾ കിഴോട്ടു കുനിഞ്ഞു നടക്കുന്നതും കാണാം. 

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഹിന്ദി മാഷ് വെണ്ണിക്കുളം ഗോപിനാഥൻ നായർ  ക്ലാസ്സിൽ പഠിപ്പിക്കാൻ വരുമ്പോൾ എന്നെയും കാനത്തുനിന്ന് വരുന്ന ഒരു സുന്ദരി ക്രിസ്ത്യാനി പെണ്ണിനേയും എഴുന്നേൽപ്പിച്ചു നിർത്തി കൂടെക്കൂടെ ഹിന്ദിയിൽ പൊരുത്ത ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അന്ന് ഗ്രാമപ്രദേശത്ത് വളർന്ന എനിക്ക് പ്രേമമെന്ന വികാരം എന്താണെന്നു പോലും അറിയില്ല. എന്റെ കണ്ണ് എപ്പോഴും ആ പെണ്ണിന്റെ മുഖത്തെന്നു പറഞ്ഞുകൊണ്ട് എന്നെ മറ്റു സഹപാഠികളുടെ മുമ്പിൽ വെച്ച് ഗോപി സാർ കളിയാക്കുന്നതുമോർക്കുന്നു. അത് സത്യവുമല്ലായിരുന്നു. കൂട്ടുകാർ ആ പെണ്ണിന്റെ പേരുകൂട്ടി കളിയാക്കുമ്പോൾ കരഞ്ഞുകൊണ്ട് വീട്ടിൽ പോയിട്ടുണ്ട്. പിന്നീടുള്ള ജീവിതത്തിൽ പ്രേമിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ ഞാനും ഒരു കവിയോ കഥയെഴുത്തുകാരനോ ആകുമായിരുന്നുവെന്നു ഇ-മലയാളി വായിക്കുമ്പോൾ തോന്നിപ്പോവുന്നു. അത്രമാത്രം സുന്ദരമായിട്ടാണ് ഓരോരുത്തരും മനോഹരമായി കവിതകളും ആത്മ കഥകളും രചിച്ചുകൊണ്ടിരിക്കുന്നത്. 

അലിഗഡ് സർവകലാശാലയിൽ എംകോം ആദ്യത്തെ വർഷം ക്ലാസ്സിൽ ഇരുന്ന കാലം. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റായിരുന്നു ക്ലാസ്സിലുണ്ടായിരുന്നത്. എന്റെ സീറ്റിൽ എന്നോടൊപ്പം വണ്ണം കുറഞ്ഞ ഒരു വടക്കത്തി സുന്ദരി പെണ്ണ് ചൂരിദാറുമിട്ടുകൊണ്ടു ഇരുന്നതും ഓർക്കുന്നു. കിലുകിലാ എന്നോട് ഹിന്ദിയിൽ എന്തൊക്കെയോ ചോദിച്ചു. മനസിലായുമില്ല. ചൂരിദാർ അന്നു പെൺകുട്ടികൾ കേരളത്തിൽ ധരിക്കാൻ തുടങ്ങിയിരുന്നില്ല. ക്ലാസിലുള്ള മറ്റു മലയാളി സുഹൃത്തുക്കളുടെ കണ്ണുകൾ ഒരു ഊറിയ ചിരിയുമായി എന്റെ നേരെയും. നാണം കൊണ്ട് ഞാൻ ആ സീറ്റിൽനിന്ന് എഴുന്നേറ്റ് മറ്റൊരു സീറ്റിൽ പോയി ഇരിക്കുകയും മറ്റുള്ളവർ എന്റെ നേരെ പരിഹസിച്ചതും ഓർക്കുന്നു. 

ചെറുപ്പക്കാരോട് ഒരു അപേക്ഷ. പ്രേമിക്കാനുള്ള അവസരങ്ങൾ കളയരുത്. വിങ്ങുന്ന വികാരങ്ങളുമായി നടക്കാതെ മനസിനും ഒരു സന്തോഷമുണ്ടാകും. എങ്കിൽ മാത്രമേ സ്ത്രീകളുടെ മനഃശാസ്ത്രവും പഠിക്കാൻ സാധിക്കുള്ളൂ. വിവാഹജീവിതത്തിലും അത് പ്രയോജനപ്പെടും. നമ്മുടെ ദോഷവശങ്ങൾ ചൂണ്ടിക്കാണിക്കാൻ വിവാഹത്തിനുമുമ്പ് ഒരു ചെറുപ്പക്കാരി അല്ലെങ്കിൽ ഒരു ചെറുപ്പക്കാരൻ കൂട്ടിനുള്ളത് നല്ലതാണ്. 
GEORGE 2019-02-14 10:11:14
 ശ്രി ആൻഡ്രൂസിന്റെ ലേഖനം വായിച്ചിട്ടു ഇന്നലെ രാത്രി ശരിക്കും ഉറങ്ങാൻ സാധിച്ചില്ല. നല്ല തണുപ്പായിരുന്നിട്ടും രണ്ടു മൂന്നു നിര വലിച്ചു കയറ്റി നടക്കാൻ പോയി. തണുപ്പാണ് ആള് കുറവാണെന്നറിയാം, എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി മുന്നോട്ട്. പത്തു മിനിറ്റു കഴിഞ്ഞില്ല ദാ മുന്നിൽ ഒരു പീസ്,  മനസ്സിലിൽ ലഡു പൊട്ടി, ഹായ് , കേട്ട ഭാവം ഇല്ലാതെ പോയി അവർ. അവരുടെ കാതിൽ ഒരു ഇയർ ഫോൺ ഉണ്ടായിരുന്നു അതുകൊണ്ടു കെട്ടുകാണില്ലായിരിക്കാം എന്ന് സമാധാനിച്ചു വീണ്ടും വെച്ച് പിടിച്ചു. വരുന്നു അടുത്തത്, ഹായ്, കൈകൊണ്ടു ഹായ് പറഞ്ഞു വേഗത്തിൽ നടന്നകന്നു. ചെറിയ നിരാശ തോന്നി എന്നാലും ആശ കൈവിടാതെ നടന്നു. വീണ്ടും ഹായ് ഇത്തവണ തിരിച്ചും ഹായ്. വീണ്ടും ലഡ്ഡു പൊട്ടി. അടുത്ത ചോദ്യം ചോദിക്കാൻ മുതിരുന്നതിനു മുൻപ് അവരുടെ കൂടെ ഉള്ള നായ കുരച്ചു കൊണ്ട് എന്തെ നേരെ. നായക്ക് എന്റെ ഉദ്ധെസ്സം മനസ്സിലായി എന്ന് തോന്നുന്നു. പട്ടിയെ പണ്ടും പേടി ആയതു കൊണ്ടു അതത്ര പന്തിയായി തോന്നിയില്ല. അവിടുന്ന് വിട്ടു. തണുപ്പായതുകൊണ്ടു വീടുകളുടെ പുറത്താരെയും കണ്ടില്ല. ഒരു മണിക്കൂർ നടന്നത് മിച്ചം. ആദ്യം കുരച്ചു കൊണ്ട് വന്നവൻ  ചന്തക്കു പോയപോലെ, ആൻഡ്രൂസിനെയും പ്രാകിക്കൊണ്ടു തിരികെ നടന്നു. ഒന്ന് തീരുമാനിച്ചു അടുത്ത വാലന്റൈൻ ദിനത്തിന് മുൻപ് ഫ്ലോറിഡാക്ക് മൂവ് ചെയ്യണം. പറ്റിയാൽ  നോർത്ത് പോർട്ട് ഏരിയായിൽ തന്നെ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക