Image

സ്വപ്‌നസഞ്ചാരങ്ങള്‍ (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 13 February, 2019
സ്വപ്‌നസഞ്ചാരങ്ങള്‍ (കവിത: രമ പ്രസന്ന പിഷാരടി)
കാണാത്തൊരേതോ വിദൂരമാം ദിക്കില്‍

നിന്നായിരം സ്വപ്നങ്ങള്‍ നൃത്തമാടീടുന്നു

സൂര്യന്റെ ദിക്കിലെ ചൂടും സഹിച്ചു

കൊണ്ടേതോ യുഗങ്ങള്‍ കടന്നു പോയീടുന്നു

അച്ഛന്‍ മരിക്കാതെയിപ്പോഴും മുറ്റത്ത്

വെറ്റിലച്ചെല്ലം തുറന്നങ്ങരിക്കുന്നു

അമ്മയുണ്ടമ്പലപ്രാവിനായിത്തിരി

നെല്‍മണി കൈയില്‍ പകര്‍ന്നു പോയീടുന്നു

ഭസ്മ ഓടത്തിലെ ഭസ്മവും ചാര്‍ത്തിയാ

മുത്തശ്ശി മെല്ലെ ചിരിക്കുന്നതെന്തിനോ?

ചെമ്പകപ്പൂക്കള്‍ നിറഞ്ഞ കാല്‍പ്പെട്ടിയില്‍

സന്ധ്യാസുഗന്ധവും, സ്വര്‍ണ്ണക്കടുക്കനും

തെക്കിനിക്കുള്ളില്‍ വിളക്കുമായോര്‍മ്മകള്‍

ചുറ്റിലും നീങ്ങുന്നു സ്വപ്നത്തിലങ്ങനെ

പണ്ടേ മരിച്ചൊരെന്‍ കൂടപ്പിറപ്പിന്റെ

കുഞ്ഞുടുപ്പില്‍ തൊട്ട് വല്യേച്ചി വിങ്ങുന്നു

ഇന്നുണ്ടതില്‍ നിന്ന് കാലം നടന്നതിന്‍

കണ്ണുനീര്‍പ്പാടുകള്‍, തിങ്ങും നിസ്സംഗത

സ്വപ്നവും, സ്വര്‍ഗ്ഗവും ചേരുന്ന രാവിന്റെ

നക്ഷത്ര ലോകം നടുക്കായി ഭൂമിയും

ചുറ്റിലും നൃത്തമാടുന്നപ്‌സരസ്സുകള്‍

ചുറ്റിലും മഞ്ഞുനീര്‍പ്പൂക്കള്‍ തടാകങ്ങള്‍.

 

രാവിന്റെ യാമങ്ങള്‍ മെല്ലെ നീങ്ങീടവെ

നീള്‍നിലാപ്പാലകള്‍ പൂത്തുലഞ്ഞീടവെ

പാതിരാവും കുടിച്ചെത്തുന്ന  ദുര്‍ഭൂത

ജാലങ്ങളാകെ തിമിര്‍ത്തടുക്കുന്നതും

സര്‍പ്പക്കളങ്ങളില്‍ നിന്നും ത്രിദോഷങ്ങള്‍

കത്തും വിളക്കുമായ് മുന്നില്‍ വരുന്നതും

ഓടിയാലും കാലു നീങ്ങാതെ പോകുന്ന

ഓരോയിടങ്ങള്‍ ഭയം പാകുമോര്‍മ്മകള്‍

പള്ളിമുറ്റത്തെ കമര്‍പ്പുള്ള നെല്ലിതന്‍

കുഞ്ഞുകായ്, ചുറ്റും ശ്മശാനാര്‍ദ്രമൂകത

ജീവിച്ചിരിപ്പോര്‍ മരിച്ചുപോകുന്നതും

ജീവന്‍ വെടിഞ്ഞവര്‍ വന്നുപോകുന്നതും

ചുറ്റമ്പലം കടന്നെത്തുന്ന നേരത്ത്

കുത്താനൊരാനയൊരുങ്ങിനില്‍ക്കുന്നതും

പണ്ടേ പിണങ്ങിപ്പിരിഞ്ഞൊരാള്‍ മുന്നിലായ്

മിണ്ടിപ്പറഞ്ഞങ്ങരിപ്പതും, വാനിലെ

സ്വര്‍ണ്ണനക്ഷത്രം കറുത്തുപോകുന്നതും

പാടത്തിലേതോ വിമാനമാളിക്കത്തി

വീണുപോകുന്നതും, ആറ്റിലെ വഞ്ചികള്‍

കാറ്റിലാടുന്നതും, മുങ്ങുന്നതും, പിന്നിലാരോ

മുഖം മൂടിയിട്ടു നില്‍ക്കുന്നതും

സ്വപ്നങ്ങളെങ്കിലും പ്രാണനില്‍ ഭീതിതന്‍

സത്രങ്ങളെ പണിഞ്ഞോടിപ്പറക്കുവോര്‍..

 

കാണാത്തൊരേതോ വിദൂരമാം ദിക്കില്‍

നിന്നായിരം സ്വപ്നങ്ങള്‍ നൃത്തമാടീടുന്നു

സ്വപ്നങ്ങളങ്ങനെ ഏതു ലോകത്തിലും

ചിത്രസഞ്ചാരം നടത്തുന്ന യാത്രികര്‍

ഓര്‍മ്മതെറ്റിക്കിടക്കുന്നോരിടങ്ങളെ

ഓര്‍മ്മപ്പെടുത്തുന്നു സ്വപ്ന സഞ്ചാരികള്‍

ഓര്‍മ്മയിലെങ്ങോ മറഞ്ഞ മുഖങ്ങളെ

ഓര്‍മ്മപ്പെടുത്തും മനസ്സിന്റെ പക്ഷികള്‍.

Join WhatsApp News
Sudhir Panikkaveetil 2019-02-14 12:31:34
നിഗൂഢ വാദികൾ അവകാശപ്പെടുന്നത് നമ്മുടെ സ്വപ്നലോകത്തിനു 
ഉണർന്നിരിക്കുമ്പോൾ   അഗമ്യമായ വേറെ ഒരു ലോകവുമായി 
ബന്ധമുണ്ടെന്നാണ്.  അതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടെ 
ശ്രീമതി പിഷാരടി അവരുടെ സ്വപ്ന സഞ്ചാരം 
വിവരിക്കയാണ്. അവർ ആ സ്വപ്നത്തിൽ 
കണ്ടതെല്ലാം ഗൃഹാതുരത്വത്തോടെ 
വിവരിക്കുന്നത് വളരെ ഹൃദ്യമാണ്. സ്വാഭാവികമാണ്. ഭയപ്പെടുത്തുന്ന 
രംഗങ്ങൾ സ്വപ്നത്തിൽ കാണുമ്പോൾ ഓടാൻ ശ്രമിക്കുമ്പോഴും 
കാലുകൾ നീങ്ങുന്നില്ല. ഇതിൽ അവർ വിവരിച്ചിരിക്കുന്നതൊക്കെ 
നഷ്ടബോധത്തിന്റെ തേങ്ങലുകളാണ്. യാഥാസ്ഥിതത്വമുള്ള 
ഒരു ഹിന്ദു തറവാടിന്റെ ഓർമ്മ പുതുക്കുന്ന വിവരണങ്ങൾ.
അമ്പലത്തിലേക്ക് കയറുമ്പോൾ കുത്താനൊരുങ്ങി നിൽക്കുന്ന 
ആന, ഭസ്മത്തട്ട് (ഓടത്തിൽ സൂക്ഷിക്കുക), സർപ്പക്കാലങ്ങൾ,
നീലനിലാ പാലകൾ...സ്വപനങ്ങൾ അങ്ങനെ എല്ലാ ലോകത്തും 
സഞ്ചരിക്കുന്നവർ എന്ന് നിഗൂഢവാദികളുടെപോലെ 
ശ്രീമതി പിഷാരടിയും വിശ്വസിക്കുന്നു.  ഒത്തിരി 
ഓർമ്മകൾ ഉണർത്തി.

Pisharody Rema 2019-02-16 10:17:03
Thank you Sudheerji for reading my poem and for the detailed write up..
Dreams are indeed mysterious and there an aura of life beyond feel in dreams..,, 
Thank you once again
Pisharody Rema 2019-03-02 10:42:55
Thank you Sudheerji for reading my poem and for the detailed review..

Observer 2019-03-02 11:14:51
സുധീർ പണിക്കവീട്ടിലിന്റ വിശകലനം എല്ലായിപ്പോഴും ഇല്ലാതെ വായനക്കാരെ നിങ്ങളുടെ കവിത മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക