Image

പ്രളയാനന്തര റോഡ്‌ പുനരുദ്ധാരണം: 3133 കോടി രൂപയ്‌ക്കുള്ള ഭരണാനുമതി നല്‍കിയെന്ന്‌ മന്ത്രി സുധാകരന്‍

Published on 13 February, 2019
പ്രളയാനന്തര റോഡ്‌ പുനരുദ്ധാരണം: 3133 കോടി രൂപയ്‌ക്കുള്ള ഭരണാനുമതി നല്‍കിയെന്ന്‌ മന്ത്രി സുധാകരന്‍
തിരുവനന്തപുരം:സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പിനു കീഴിലുള്ള 31812 കിലോമീറ്റര്‍ ഹൈവേയിലും പ്രധാന ജില്ലാ റോഡുകളിലുമായി 2018 ജൂലൈ - ആഗസ്റ്റ്‌ മാസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16954 കിലോമീറ്റര്‍ റോഡുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു.

തകര്‍ന്ന റോഡുകളുടേയും, പാലങ്ങളുടേയും, കലുങ്കുകളുടേയും വീണ്ടെടുപ്പിനായി ബഡ്‌ജറ്റിലെ നോണ്‍ പ്ലാന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തി 882 കോടി രൂപയ്‌ക്കും, പ്ലാന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേകാനുമതി അടക്കം 1567 കോടി രൂപയ്‌ക്കും, ശബരിമല പാക്കേജില്‍ പ്രത്യേകാനുമതിയായി 200 കോടി രൂപയ്‌ക്കും, നബാര്‍ഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റൂറല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡവലപ്‌മെന്റ്‌ ഫണ്ടില്‍ നിന്നുള്ള വായ്‌പയടക്കം 484 കോടി രൂപയടക്കം ആകെ 3133 കോടി രൂപയ്‌ക്കുള്ള ഭരണാനുമതി നല്‍കിയെന്ന്‌ മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

7956 കിലോമീറ്റര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ ഭരണാനുമതി നല്‍കിയതില്‍ 4429 കിലോമീറ്റര്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു ഗതാഗതയോഗ്യമാക്കി. 2316 കിലോമീറ്റര്‍ റോഡുകളുടെ ഉപരിതലം പുതുക്കുന്നതിനായി ഭരണാനുമതി നല്‍കിയതില്‍ 1219 കിലോമീറ്റര്‍ നീളം പൂര്‍ത്തീകരിച്ചു.

കൂടാതെ കേടുപാടുകള്‍ സംഭവിച്ച പട്ടാമ്‌ബി പാലമടക്കമുള്ള 127 പാലങ്ങളും, 656 കലുങ്കുകളും കേടുപാടുകള്‍ തീര്‍ത്ത്‌ ഗതാഗതയോഗ്യമാക്കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

കൂടാതെ 2395 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കിയതായും മന്ത്രി അറിയിച്ചു.

നബാര്‍ഡ്‌ ജനറല്‍ മാനേജരുമായി മന്ത്രി ജി.സുധാകരന്‍ പലവട്ടം ചര്‍ച്ച നടത്തിയതിന്റെ ഫലമായി പ്രളയത്തില്‍ തകര്‍ന്ന 70 റോഡുകളുടേയും 3 പാലങ്ങളുടേയും പുനരുദ്ധാരണത്തിനായി 484 കോടി രൂപ റൂറല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡവലപ്‌മെന്റ്‌ ഫണ്ടില്‍ നിന്നും 2018-19 ല്‍ ലഭ്യമാക്കി ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക