Image

ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനഡിനെയും മെത്രാന്മാരേയും അപകീര്‍ത്തിപ്പെടുത്തിയെന്ന്; ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.എം.ടി പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ്

Published on 13 February, 2019
 ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനഡിനെയും മെത്രാന്മാരേയും അപകീര്‍ത്തിപ്പെടുത്തിയെന്ന്; ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ.എം.ടി പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ്

കോട്ടയം: കഴിഞ്ഞ മാസം കാക്കനാട് ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡിനെ കുറിച്ച് ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റുകളുടെ പേരില്‍ ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എ.എം.ടി)ക്ക് വക്കീല്‍ നോട്ടീസ്. എ.എം.ടി കണ്‍വീനര്‍മാരായ ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ക്ക് സിനഡിന്റെ പേരിലാണ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിനഡിന്റെ പേരില്‍ മെത്രാന്മാരേയും സഭയേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് നോട്ടീസില്‍ പറയുന്നു.

ലോകമെമ്പാടും 40 ലക്ഷത്തോളം വിശ്വാസികളുള്ള സിറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയിലും വിദേശത്തും മതപരവും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ വലിയ മതിപ്പും അന്തസ്സുമുണ്ട്. ഇത് ഹനിക്കുന്ന വിധത്തില്‍ ഏതു പ്രവര്‍ത്തനത്തിനെതിരെയും നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സഭ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. 

ഇരുവരും ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങളും പോസ്റ്റുകളും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേയും മറ്റ് ബിഷപ്പുമാരുടേയും അന്തസ്സിന് കോട്ടംതട്ടി. സഭയുടെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും സത്‌പേരിനേയും യശ്ശസ്സിനേയും തകര്‍ക്കുന്നവിധം വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിശ്വാസരഹിതമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ മനഃപൂര്‍വ്വമാണ് അത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. ചില പോസ്റ്റുകള്‍ വഴി ചിത്രങ്ങളും ലേഖനങ്ങളും പ്രചരിപ്പിച്ചുവെന്നും ഈ വ്യാജ ആരോപണങ്ങളില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 
വ്യാജ ആരോപണങ്ങളില്‍ സഭയോടും മെത്രാന്മാരോടും നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നും ഫേസ്ബുക്കില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും അത്തരം പരാമര്‍ശങ്ങള്‍ അടിയന്തരമായി നീക്കമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. സഭയ്‌ക്കെതിരെ ഇന്റര്‍നെറ്റ്‌വഴി വ്യാജവും അപകീര്‍ത്തിപരവുമായ ലേഖനങ്ങളും പരാമര്‍ശങ്ങളും പാടില്ല. വ്യാജ ആരോപണങ്ങളുടെ പേരില്‍ സഭയ്ക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ വീതം നല്‍കണമെന്നും ആവശ്യപ്പെടുന്നു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക