Image

പത്തനംതിട്ടയില്‍ യോഗി എത്തി; ആവേശത്തോടെ ബിജെപി, ആശങ്കയോടെ ഇടത് വലത് മുന്നണികള്‍

കല Published on 14 February, 2019
പത്തനംതിട്ടയില്‍ യോഗി എത്തി; ആവേശത്തോടെ ബിജെപി, ആശങ്കയോടെ ഇടത് വലത് മുന്നണികള്‍

കേരളത്തില്‍ ഏറ്റവും രാഷ്ട്രീയ അതിപ്രസരം കുറഞ്ഞ മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ പോരുകളും അക്രമങ്ങളും നന്നേ കുറഞ്ഞ മണ്ഡലം. പൊതുവില്‍ ദുഷ്പേര് കേള്‍പ്പിച്ച രാഷ്ട്രീയ വിവാദങ്ങളും രാഷ്ട്രീയക്കാരും നന്നേ കുറവ്. എല്ലായിപ്പോഴും കോണ്‍ഗ്രസിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ജില്ല. എന്നാല്‍ കഴിഞ്ഞ ഇടത് തരംഗത്തില്‍ ജില്ലയിലെ കോന്ന ഒഴിച്ചുള്ള മണ്ഡലങ്ങള്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പം നിന്നു. പത്തനംതിട്ട ആദ്യമായി നന്നേ ചുവന്നു. 
എന്നാല്‍ പത്തനംതിട്ടയുടെ ഏറ്റവും വലിയ പെരുമയായ ശബരിമല വിവാദ ഭൂമിയായതോടെ പത്തനംതിട്ട രാഷ്ട്രീയ കേരളത്തിലെ കേന്ദ്രബിന്ദുവായി. ഇന്നിതാ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുത്വവാദി നേതാക്കളിലൊരാളായ യോഗി ആദിത്യനാഥ് നേരിട്ടെത്തുന്ന ജില്ലയായിരിക്കുന്നു പത്തനംതിട്ട.
ബിജെപിയുടെ പ്രചരണപരിപാടികളുടെ തുടക്കഘട്ടം എന്ന നിലയിലാണ് യോഗി ബിജെപി പരിപാടികള്‍ക്കായി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുകാരനായ യോഗി ശബരിമല വിഷയത്തില്‍ പത്തനംതിട്ടയില്‍ എന്ത് പറയും എന്നത് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന കാര്യമാണ്. തീര്‍ച്ചയായും യോഗിയെ പത്തനംതിട്ടയില്‍ എത്തിച്ചിരിക്കുന്നത് പ്രവര്‍ത്തകരുടെ ആവേശം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി തന്നെയാണ്. ഇത് തന്നെയാണ് ഇടത് വലത് മുന്നണികള്‍ ആശങ്കയോടെ കാണുന്നതും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക