Image

ബി.ജെ.പിയുമായി വോട്ട് കച്ചവടം ചെയ്യാത്ത ഒരു നേതാവും കോണ്‍ഗ്രസിലില്ല, മുല്ലപ്പള്ളിക്ക് മറുപടിയുമായി എ.വിജയരാഘവന്‍

Published on 14 February, 2019
ബി.ജെ.പിയുമായി വോട്ട് കച്ചവടം ചെയ്യാത്ത ഒരു നേതാവും കോണ്‍ഗ്രസിലില്ല, മുല്ലപ്പള്ളിക്ക് മറുപടിയുമായി എ.വിജയരാഘവന്‍

തിരുവനന്തപുരം: ആയുധവും അക്രമ രാഷ്ട്രീയവും ഉപേക്ഷിച്ചാല്‍ കേരളത്തിലും സി.പി.എമ്മുമായി സഹരിക്കാമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ഒരു ദിവസത്തെ പബ്ളിസിറ്രിക്ക് വേണ്ടി മാത്രമുള്ളതാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. അത് കോണ്‍ഗ്രസുകാര്‍ പോലും തള്ളിപ്പറഞ്ഞിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്ര് വിരുദ്ധ ജാതി, മത കൂട്ടായ്മയുടെ ഉപഭോക്താവാണ് കോണ്‍ഗ്രസ്. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാന പ്രകാരം കോണ്‍ഗ്രസുമായി ഒരു ഘട്ടത്തിലും സഖ്യമുണ്ടാക്കാന്‍ കഴിയില്ല. അതേസമയം, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി അധികാരത്തില്‍ വീണ്ടും വരാതിരിക്കാന്‍ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഇതര പാര്‍ട്ടികളുടെ കൂട്ടായ്മ ആവശ്യമായി വരും. ബി.ജെ.പിയുമായി വോട്ട് കച്ചവടം ചെയ്യാത്ത ഒരു നേതാവും കോണ്‍ഗ്രസിലില്ല. മുസ്ലീം ലീഗിനും ഇതും ബാധകമാണ്. യു.ഡി.എഫിലെ എല്ലാ കക്ഷികളും ബി.ജെ.പിയുമായി സന്ധി ചെയ്തിട്ടുണ്ട്. വിജയരാഘവന്‍ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

പരമാവധി സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍

തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്ക് നോക്കുമെന്നതിനാല്‍ സി.പി.എം ഇക്കുറി ലോക്സഭാ തിര‌ഞ്ഞെടുപ്പില്‍ പരമാവധി സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തിലാകും സ്ഥാനാര്‍ത്ഥികളെ നിറുത്തുക. ഇതോടൊപ്പം അനിവാര്യമായ സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരിഗണിക്കും. സ്വതന്ത്രരില്ലാതെ ഇടതുപക്ഷത്തിന് മത്സരമില്ലല്ലോ.

വച്ചുമാറലില്ല

ജനതാദളും സി.പി.ഐയും കോട്ടയം, തിരുവനന്തപുരം സീറ്രുകള്‍ പരസ്പരം വച്ചുമാറുമെന്ന് പറയുന്നത് ശരിയല്ല. ചര്‍ച്ചകളില്‍ പലതും
ഉന്നയിക്കും. ഒരു പാര്‍ട്ടിയും അവരുടെ സീറ്ര് വിട്ട് നല്‍കില്ല.

ഇപ്പോള്‍ പറയാനാവില്ല

എം.എല്‍.എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന യോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. വിജയസാദ്ധ്യതയ്ക്കാണ് മുന്‍തൂക്കം. എം.എല്‍ എ നിന്നാല്‍ മാത്രം ജയിക്കുന്ന സീറ്റ് ഏതാണുള്ളത്.

ആ കേസില്‍ കാര്യമില്ല

ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി.രാജേഷിനെയും പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണ്. കണ്ണൂരില്‍ ഏറ്രവും ബഹുജന സ്വീകാര്യതയുള്ള നേതാക്കള്‍ക്കെതിരെയാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ പ്രതികരണം എതിരാളികള്‍ പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് ആശുപത്രിയിലിരുന്ന് ആരോടെങ്കിലും പോയി കൊല്ലെടാ എന്നു പറയുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഒരാളെ കേസില്‍ കുടുക്കാന്‍ വേണ്ടി സി.ബി.ഐ അന്വേഷണത്തെ വലിച്ചുനീട്ടി കൊണ്ടുപോയി കെട്ടുകയാണ് ചെയ്തത്.

പൊന്നാനിയില്‍ തീരുമാനിച്ചിട്ടില്ല

പൊന്നാനിയില്‍ ഇക്കുറി മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

താന്‍ പൊന്നാനിയില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ചിലരുടെ സൃഷ്ടി മാത്രമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക