Image

ക്രിമിനല്‍ കേസുകളിലെ സാക്ഷികള്‍ക്ക് ഇനി മുതല്‍ സംരക്ഷണം

Published on 14 February, 2019
ക്രിമിനല്‍ കേസുകളിലെ സാക്ഷികള്‍ക്ക് ഇനി മുതല്‍ സംരക്ഷണം

ക്രിമിനല്‍ക്കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരടു പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ ഇത് നടപ്പാക്കാനുള്ള നടപടികള്‍ക്ക് നിയമ മന്ത്രാലയം തുടക്കം കുറിച്ചു. ഇക്കൊല്ലം അവസാനത്തോടെ എല്ലാ സംസ്ഥാനത്തും ഇത് നടപ്പാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്ന ചിലവിന്റെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കും.

സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമായതിനാല്‍ ഭരണഘടനാവിരുദ്ധമാണെന്ന് ഡിസംബറില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. ഏതുപ്രായത്തിലുള്ള സാക്ഷിക്കും പൂര്‍ണമായും നിര്‍ഭയമായും സാക്ഷിപറയാനുള്ള അവസരം ഒരുക്കും. ജഡ്ജിമാര്‍, പോലീസ്, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ പ്രത്യേക സഹകരണത്തോടെയാണ് ഇത് നടപ്പാകുക. ഓരോ ജില്ലയിലും സാക്ഷിവിസ്താര സംരക്ഷണകേന്ദ്രങ്ങള്‍ തയ്യാറാക്കും. ഇതിലൂടെ വിവരങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കും. ഒരാള്‍ തെറ്റായ മൊഴിയാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ ഉടന്‍ നടപടിയും ഉണ്ടാവും. നടപടികള്‍ക്ക് ചെലവായ തുകയും ഇവരില്‍ നിന്ന് ഈടാക്കും. സാക്ഷികളായ കുട്ടികള്‍ക്ക് പ്രത്യേകപരിഗണനയുണ്ടാവും. സി.സി.ടി.വി.യുടെ സഹായത്തോടെ പൂര്‍ണമായും സാക്ഷിമൊഴി ജഡ്ജി റെക്കോഡ് ചെയ്യും.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി കിട്ടിയാല്‍ അത് കണ്ടെത്താനും നടപടിയുണ്ടാവും. ഇ-മെയിലുകളും ടെലിഫോണ്‍ വിളികളും നിരീക്ഷണത്തിലാക്കും. സി.സി.ടി.വി.യും പ്രത്യേക സുരക്ഷാ സംവിധാനവുംവഴി സാക്ഷിക്ക് ധൈര്യം പകരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക