Image

പ്രണയമേ, പ്രണതി (ഒരു വാലന്റയിന്‍ കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

Published on 14 February, 2019
പ്രണയമേ, പ്രണതി (ഒരു വാലന്റയിന്‍ കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)
"യെരുശലേം പുത്രിമാരെ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമ പരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കണം.''. ഇ-മെയിലുകളും, ഇന്നത്തെപോലെ തപാല്‍ സംവിധാനങ്ങളും ദൂരഭാഷിണികളും ഇല്ലാത്ത കാലത്ത് ഒരു സ്‌നേഹസ്വരൂപിണി അവളുടെ പ്രിയപ്പെട്ടവനുവേണ്ടി കൊടുത്ത സന്ദേശമാണത്. ഇക്കാലത്ത് പ്രേമാര്‍ദ്രമായ ഹ്രുദയങ്ങള്‍ക്ക് ഇണകളെ ഇംഗിതം അറിയിക്കാന്‍ എളുപ്പമാണ്. യുവതിയുവാക്കള്‍ (ഇപ്പോള്‍ പ്രായഭേദമന്യേ) കൈമാറുന്ന പ്രണയസന്ദേശങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് കാമദേവനാണെന്ന്പുരാതന ഭാരതത്തിലെ ഋഷിമാര്‍ പറഞ്ഞ് വച്ചിരിക്കുന്നു. കാളിദാസന്റെ കുമാരസംഭവത്തില്‍ പാര്‍വ്വതി ദര്‍ശനത്തിനായി ശിവന്റെ കണ്ണ് തുറപ്പിച്ച കാമദേവനെപ്പറ്റി പറയുന്നുണ്ട്. യോഗശക്തികൊണ്ട് മഹാദേവന്‍ മനസ്സിന്റെ ചാപല്യങ്ങളെ നിയന്ത്രിച്ച് കൈകള്‍ മടിയില്‍ വച്ച് വിരിഞ്ഞ താമരപൂ പോലെ യോഗമുറയില്‍ ഇരിക്കയായിരുന്നു. തിരകള്‍ ഇല്ലാത്ത സമുദ്രം പോലെ, കാറ്റില്ലാത്ത രാത്രിയില്‍ കത്തിച്ച് വച്ച വിളക്ക് പോലെ ആത്മസംയമനത്തോടെ ശിവന്‍ ഇരുന്നു. കാമദേവന്‍ വള്ളിക്കുടിലുകള്‍ക്ക് പുറകില്‍ മറഞ്ഞ് നിന്നുകൊണ്ട് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ആരംഭിച്ചു. ഒരിളക്കവുമില്ലാതിരിക്കുന്ന ശിവനെ എങ്ങനെ ഉണര്‍ത്തുമെന്ന ചിന്തയില്‍ കാമദേവന്‍ നിരാശനായി.

തെക്കു നിന്ന് വീശുന്ന മന്ദമാരുതന്‍ശിശിരകാലാന്തരീക്ഷത്തെ നേര്‍മ്മയുള്ളതാക്കി കൊണ്ടിരുന്നു. അപ്പോള്‍ പൊട്ടി വിടര്‍ന്ന (കാമദേവന്റെ മായാജാലത്തില്‍) ഇളം പൂക്കളെകൊണ്ട് ഭൂമിയാകെ ഉണര്‍ന്നു. പുതുമലരുകളുടെ സുഗന്ധം തങ്ങി നില്‍ക്കുന്ന അന്തരീക്ഷം. പ്രക്രുതിയുടെ സൗന്ദര്യ ലഹരിയില്‍ ഉന്മത്തരായ പൂങ്കുയിലുകളുടെ ശ്രുതിമധുരമായ ഗാനാലാപം. മഞ്ഞപൂക്കളെകൊണ്ട് കാര്‍കൂന്തല്‍ അലങ്കരിച്ച് കയ്യില്‍ വര്‍ണ്ണശബളിമയാര്‍ന്ന മാലയുമേന്തി സമാധിയിലിരിക്കുന്ന ശിവനു മുന്നില്‍ പൂജാദ്രവ്യങ്ങളുമായി പാര്‍വ്വതി നില്‍ക്കുന്നു. സമയം വൈകിക്കാതെ കാമദേവന്‍ ശിവന്റെ മനസ്സിനെ ലാക്കാക്കി അഞ്ചു പൂവ്വമ്പുകള്‍ ഒരുമിച്ച് എയ്തു. അമ്പുകള്‍ക്ക് ഉന്നം പിഴച്ചില്ല. അവ ശിവഹ്രുദയത്തെ ത്രസിപ്പിച്ചു.ശിവന്‍ പാര്‍വ്വതിയെ ആഗ്രഹത്തോടെ നോക്കി. ഉടനെ ആത്മസംയമനം നേടിയ ശിവന്‍ തന്റെ മൂന്നാം കണ്ണ് കൊണ്ട് കാമദേവനെ നോക്കി ഭസ്മമാക്കി. തന്മൂലം കാമദേവനു അനംഗന്‍ എന്ന പേരു വന്നു. മാംസനിബദ്ധമല്ലനുരാഗം എന്നതിന്റെ തെളിവായിട്ടാണത്രെ കാമദേവനെ ശരീരമില്ലാത്തവനായി സങ്കല്‍പ്പിക്കുന്നത്.

പ്രണയദിനത്തില്‍ അനവധി അമ്പുകളെയ്താലും കാമദേവന്റെ ആവനാഴിയിലെ അമ്പുകള്‍ തീരുകയില്ല. ഒഴിയാത്ത ആവനാഴിയാണത്. തേനീച്ചകള്‍ ആര്‍ത്തിരക്കുന്ന കരിമ്പിന്റെ വില്ലുമായി, പച്ചതത്തയുടെ പുറത്തിരുന്ന് വീണയും പഞ്ചബാണങ്ങളുമേന്തി കാമദേവന്‍ സദാ സഞ്ചരിച്ച്‌കൊണ്ടിരിക്കുന്നു. വസന്തവും രതിദേവിയും എല്ലായിടത്തുമദ്ദേഹത്തിനു കൂട്ട് പോകുന്നു. അമ്പിന്റെ മുനകളില്‍ ഓരോ പുഷ്പമുകുളങ്ങള്‍ ഘടിപ്പിച്ച് മനുഷ്യമനസ്സുകളിലേക്ക് അവ എയ്തു വിടുന്നു. നമുക്ക് വയലാറിനെ ഓര്‍ക്കാം "എടുക്കുമ്പോള്‍ ഒന്നു തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ഒരു കോടി ഒരു കോടി, ഒളികണ്ണിലയോരിതള്‍തന്‍ മലരമ്പുകള്‍ വന്നു തറക്കാത്തൊരിടമില്ല എന്നില്‍ വന്നു തറക്കാത്തൊരിടമില്ല അവയൊക്കെ ഒന്നൊഴിയാതെ തിരിച്ച് നല്‍കാന്‍ പ്രണയിക്കുന്നവര്‍ മത്സരിക്കുമ്പോള്‍ പ്രപഞ്ച വീണയില്‍ പ്രേമസംഗീതം ഉണരുകയായി.

കാമദേവനു മാരന്‍ എന്ന് പേരു വരാന്‍ കാരണം അദ്ദേഹം എയ്തു വിടുന്ന അമ്പ് കൊണ്ടാല്‍ ആദ്യം സുഖവും പിന്നീട് വേദനയുമുണ്ടാകുന്നത് കൊണ്ടാണത്രെ. പ്രേമം അഭൗമമായ ഒരനുഭൂതിയാണെങ്കിലും അതിന്റെ സാക്ഷാത്കാരം വരെ ഹ്രുദയസ്പന്ദനങ്ങള്‍ ദ്രുതഗതിയിലാകുകയും കമിതാക്കള്‍ക്ക് ഉല്‍കണ്ഠയും വേദനയും അനുഭവപ്പെടാറുമുണ്ടല്ലോ? പ്രണയം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന പരിഭ്രമവും, അങ്കലാപ്പും അവര്‍ണ്ണനീയമാണു. കാളിദാസന്‍ അത്തരം ഒരു സംഭവം വിവരിക്കുന്നത് വായിക്കാം.പ്രഛന്നവേഷധാരിയായി ശിവന്‍ പാര്‍വതിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ശിവനെ പരിഹസിച്ച് സംസാരിക്കുന്നുണ്ട്. പാര്‍വതിയുടെ സ്‌നേഹം പരീക്ഷിക്കാനാണത്രെ. പരീക്ഷണത്തില്‍ പാര്‍വതി വിജയിക്കുമ്പോള്‍ ശിവന്‍ സ്വന്തം രൂപം പ്രകടിപ്പിക്കുന്നു. ആ രൂപം കണ്ടു നില്‍ക്കുന്ന പാര്‍വതിയുടെ അവസ്ഥകാളിദാസന്‍ വര്‍ണ്ണിക്കുന്നത് എന്‍.വി.ക്രുഷ്ണവാര്യര്‍ പരിഭാഷ ചെയ്യുന്നത് ഇങ്ങനെ.

അദ്ദേവനെസ്സപദിപാര്‍ത്തു വിയര്‍ത്തുകൊണ്ടു
നീങ്ങാനെടുത്തൊരടിയൂഴിയിലൂന്നിടാതെ
കുന്നില്‍ തടഞ്ഞ പുഴപോലെ കുഴങ്ങി മധ്യേ
നിന്നില്ല കന്നല്‍മിഴിയൊട്ടു നടന്നുമില്ല.

കരളില്‍ ഇത്രനാളും പ്രതിഷ്ഠിച്ചിരുന്ന ദേവനെ മുന്നില്‍ കണ്ടപ്പോള്‍് ദേഹമാസകലം വിയര്‍ത്ത് നനഞ്ഞ് പൊക്കിയ കാല്‍ നിലത്തൂന്നാതെ ആ നിലയില്‍ തന്നെ പിടിച്ച്‌കൊണ്ട് നിന്ന പാര്‍വതി വഴിമധ്യത്തില്‍ കുന്നില്‍ തട്ടിയ പുഴപോലെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി അവിടെ നിന്നുമില്ല അവിടെ നിന്നും നടന്നുമില്ല. ഹോ, ഈ പ്രണയം തൊട്ടാല്‍ എന്തൊരു അവസ്ഥ.



ഓരോരുത്തര്‍ക്കും അനുയോജ്യമായ വിധത്തിലാണു കാമദേവന്‍ അമ്പുകള്‍ തെരഞ്ഞെടുക്കുന്നത്. ക്രുഷിക്കാരന്റെ മനസ്സില്‍ പ്രേമം എന്ന വികാരം ഇളക്കിവിടാന്‍ ഒരമ്പ് മാത്രം മതിയെങ്കില്‍ കച്ചവടക്കാരനു രണ്ടെണ്ണവും, രാജാവിനു മൂന്നും, തത്വചിന്തകനു നാലും, യോഗിക്ക് അഞ്ചു ശരങ്ങളുംവേണ്ടി വരുന്നു. രാഗവ്രുന്ദ, അനംഗ (ശരീരമില്ലാത്തവന്‍) കന്ദര്‍പ്പന്‍ (സ്‌നേഹദേവന്‍) മന്മഥന്‍ (ഹ്രുദയങ്ങളെ കടയുന്നവന്‍) മനൊജ് (മനസ്സില്‍ നിന്നും ഉത്ഭവിക്കുന്നവന്‍) മദനന്‍ (മദിപ്പിക്കുന്നവന്‍) രതികാന്തന്‍ ("ുതുക്കളുടെ ദേവന്‍) പുഷ്പബാണന്‍ (പുഷ്പശരങ്ങള്‍ ഉള്ളവന്‍) ഇങ്ങനെ അനേകം പേരുകള്‍ കാമദേവനുണ്ടു.

ആരാധിക്കാതെ ആവശ്യപ്പെടാതെ മനുഷ്യരുടെയൊപ്പം എപ്പോഴും കൂടെയുള്ള ദേവനാണ് കാമദേവന്‍. ഭാരതത്തിലെ "ഷിമാരുടെ ചിന്തകളില്‍ അവര്‍ കണ്ടത് ആദ്യം സ്‌നേഹവും പിന്നെ ലോകവുമുണ്ടായി എന്നാണു്. മനുഷ്യനില്‍ ആദ്യമുണ്ടാകുന്ന വികാരം സ്‌നേഹമാണു. പിറന്ന് വീഴുന്ന കുട്ടിക്ക് അമ്മയോട് തോന്നുന്ന സ്‌നേഹമാണ് ആ കുട്ടിയിലുണ്ടാകുന്ന ആദ്യത്തെ ആനന്ദകരമായ അനുഭവം. അഥര്‍വ്വവേദത്തില്‍ കാമം എന്നു പറഞ്ഞാല്‍ ലൈംഗികത്രുഷ്ണയല്ല മറിച്ച് നല്ല സാധനങ്ങള്‍ കിട്ടാനുള്ള ആഗ്രഹമാണു.

നിത്യനിര്‍മ്മലവും നിതാന്തമോഹനവുമായ ജീവിതാരാമത്തെ താരും തളിരുമണിയിക്കുന്നത് അനുരാഗമാണ്. നിര്‍മ്മല രാഗത്തിന്റെ തുഷാര ബിന്ദുക്കള്‍ ഉരുകാന്‍ വെമ്പി നില്‍ക്കുന്ന കൗമാരം-യൗവ്വന കാലഘട്ടം മുതല്‍ മനുഷ്യരില്‍ അനുഭൂതി പകര്‍ന്നുകൊണ്ട് പ്രണയം നിലകൊള്ളുന്നു. ആ പ്രണയസുധ ആവോളം നുകര്‍ന്നുകൊണ്ട് ജീവിതത്തില്‍ അമരത്വം പ്രാപിക്കാനാണ് മനുഷ്യന്‍ ശ്രമിക്കേണ്ടത്്. പ്രേമിക്കാനറിയാത്തവര്‍ ജീവിതത്തെ ശുഷ്ക്കമാക്കുന്നു. പ്രസിദ്ധമായ ഒരു ചലച്ചിത്ര ഗാനമുണ്ട് " കിസ്സിസ്സെ പ്യാര്‍ കര്‍ക്കെ ദേഖിയേ, യേ ജിന്ദകി കിത്തനീ ഹസീന്‍ ഹെ (ആരെയെങ്കിലും പ്രേമിച്ച് നോക്കു അപ്പോളറിയാം ജീവിതം എത്ര മനോഹരമാണെന്ന്)

പ്രണയദിനത്തില്‍ പൂക്കളും, കേക്കും, ചോക്ലേറ്റും, ആശംസകാര്‍ഡുകളും പ്രണയ സന്ദേശങ്ങള്‍ക്ക് പ്രതീകങ്ങളാകുന്നു. ഈ സുപ്രധാന ദിവസം ഇപ്പോള്‍ വാണിജ്യ വല്‍ക്കരിക്കപ്പെട്ട് പോയത് കൊണ്ട്അതിന്റെ വിശുദ്ധിയും നഷ്ടപ്പെട്ടുപോയി. എന്നാലും ഇപ്പോഴും കന്യാമൗനങ്ങളില്‍ നിന്ന് സ്വപ്നങ്ങളുടെ ചിത്രശലഭങ്ങള്‍ പറന്ന് പോകുന്നുണ്ട്. നിശ്ശബ്ദ കടാക്ഷങ്ങളും, മുഗ്ദ്ധമായ മന്ദഹാസവും ഇന്നും പ്രേമനഭസ്സില്‍ മായാതെ മിന്നിപ്രകാശിക്കുന്നു. ആരാണ് പറഞ്ഞത് ഭൂമിയില്‍ കറയറ്റ സ്‌നേഹം വേരറ്റു പോയെന്ന്. രതിനിര്‍വ്വേദത്തില്‍ മാത്രം സ്‌നേഹത്തെ സങ്കുചിതമാക്കുമ്പോഴാണ് അതിന്റെ മൂല്യം കുറഞ്ഞുപോകുന്നത്.

മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെ കുളിരൊട്ടും പോയില്ലേ??

എന്ന് മൂളുന്ന ഒരു തലമുറ ഇപ്പോഴുമുണ്ട്. അവരുടെ രാഗാര്‍ദ്രഭാവങ്ങളില്‍, നിഷ്ക്കളങ്കതയില്‍ വിശ്വാസത്തിന്റെ കതിര്‍കുലകള്‍ വിളഞ്ഞ് കിടക്കുന്നു. സ്‌നേഹം കൊണ്ട് ദൈവികത്വം കൈവരിക്കുന്നു അവര്‍.

നിങ്ങളുടെ ഓരോ ദിവസവും സ്‌നേഹനിര്‍ഭരമാകട്ടെ.അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ. സ്‌നേഹത്തിന്റെ ദിവ്യസന്ദേശവുമായി പ്രതിവര്‍ഷം വന്നെത്തുന്ന ഈ സുദിനത്തില്‍ എല്ലാ വായനക്കാര്‍ക്കും ഹാര്‍ദ്ദമായ ആശംസകള്‍.

പ്രണയദിനത്തില്‍ ഓര്‍മ്മിക്കാന്‍.....

(പരിഭാഷ, സമാഹരണം ഃ സുധീര്‍ പണിക്കവീട്ടില്‍)

* വരൂ, എന്റെ ഹ്രുദയത്തില്‍ താമസിക്കു, വാടക തരേണ്ട
* സ്‌നേഹത്തെ മാറ്റികഴിഞ്ഞാല്‍ ഈ ഭൂമി വെറും ശ്മാശന തുല്ല്യമാണു.
* രണ്ട് പേര്‍ക്ക് കളിക്കാവുന്ന രണ്ട് പേര്‍ക്കും വിജയികളാവുന്ന കളിയാണു സ്‌നേഹം.
* സ്‌നേഹം സ്പര്‍ശിക്കുമ്പോള്‍ എല്ലാവരും കവികളാകുന്നു.
* സത്യമായ പ്രേമകഥകള്‍ക്ക് ഒരിക്കലും അവസാനമില്ല.
* കമിതാക്കളുടെ ചുണ്ടുകളില്‍ ആത്മാവ് ആത്മാവിനെ കണ്ടുമുട്ടുന്നു.
* കണ്ണിനു കാണാന്‍ കഴിയാത്തത്ഹ്രുദയം കാണുന്നു.
* ഒറ്റ ചിറകുള്ള മാലാഖമാരാണു സ്ര്തീയും പുരുഷനും, പരസ്പരം ആലിംഗനം ചെയ്യാതെ അവര്‍ക്ക് പറക്കാന്‍ കഴിയില്ല.

* കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നതല്ല, ഒരേ ദിശയിലേക്ക് ഒരുമിച്ച് നോക്കുന്നതാണ് സ്‌നേഹം.

* കാത്തിരിക്കുന്നവര്‍ക്ക് സമയം പോകുന്നില്ല. ഭയമുള്ളവര്‍ക്ക് സമയം പെട്ടെന്ന് പോകുന്നു. ദുഃഖിക്കുന്നവര്‍ക്ക് സമയം ദീര്‍ഘമായി തോന്നുന്നു. സന്തോഷിക്കുന്നവര്‍ക്ക് സമയം കുറവായി തോന്നുന്നു. സ്‌നേഹിക്കുന്നവര്‍ക്ക് സമയം അനാദ്യന്തമായി തോന്നുന്നു.

**************
Join WhatsApp News
Blessonhouston 2019-02-14 11:32:53
ഇപ്പോൾ ഇതെല്ലാം  വ്യവസായികരിക്കപ്പെട്ടുകഴിങ്ങു എന്നുവേണം പറയാൻ. ആശയപരമായ അവലോകനം ശ്രീ സുധീർ പണിക്കവീട്ടിൽ യിട്ടുണ്ട് ഈ ലേഖനത്തിൽ. വളരെ നല്ലതു     
മാത്യു ജോയ്‌സ് 2019-02-14 13:17:07
Good reminiscent on Love enriched Valentines Day
Tom abraham 2019-02-14 13:38:03
" if music be the food of LOVE , PLAY on. " What did Shakespeare
Mean ? Play on or have fun- more fun ? Where is the Puerto
Rican Miss I want to kiss, and play on ?

ചൊറിയാൻ 2019-02-15 01:46:59
പ്രണയത്തെ കുറിച്ച് എഴുതുന്ന ലേഖനങ്ങളെ അഭിനന്ദിക്കുമ്പോൾ ചൊറിയരുത് . തലോടുകയേ പാടുള്ളു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക