Image

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്‌ചയെന്ന്‌ ഗവര്‍ണര്‍

Published on 15 February, 2019
പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്‌ചയെന്ന്‌  ഗവര്‍ണര്‍
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്‌ചയെന്ന്‌ ഗവര്‍ണര്‍ സത്യപാല്‍ മാലിക്‌.

വന്‍ തോതില്‍ സ്‌ഫോടകവസ്‌തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ആക്രമണത്തിനു പിന്നിലുള്ള ആരെയും വെറുതെ വിടില്ല. സംസ്ഥാനത്തു നിന്ന്‌ ഭീകരവാദത്തിന്റെ ഓരോ അടയാളവും ഇല്ലാതാക്കും. ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ വിജയം കാണുന്നതിന്റെ നിരാശ കാരണമാണു ഭീകരാക്രമണം ഉണ്ടായത്‌.

അഫ്‌ഗാനില്‍ നടത്തുന്നതിനു സമാനമായ ആക്രമണമാണ്‌ കശ്‌മീരില്‍ ഉണ്ടായത്‌. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീകര സംഘടനകളിലേക്ക്‌ ഒരാള്‍ പോലും പോയിട്ടില്ല. കല്ലേറും അവസാനിച്ചു.

ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ കരസേന, സിആര്‍പിഎഫ്‌, ബിഎസ്‌എഫ്‌, കശ്‌മീര്‍ പോലീസ്‌ നേതൃത്വങ്ങള്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. പുല്‍വാമ ആക്രമണം ഭീകരരെ പിന്തുണച്ചു സംസാരിക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ ലെത്‌പോറയില്‍ വ്യാഴാഴ്‌ച വൈകിട്ട്‌ മൂന്ന്‌ മണിയോടെയായിരുന്നു ആക്രമണം നടന്നത്‌.

സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി ജമ്മുശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാര്‍ സാധാരണ ബസുകളിലായിരുന്നു.

സൈന്യം പട്രോളിംഗ്‌ നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്‌ബോള്‍ ഐ.ഇ.ഡി ബോംബുകള്‍ നിറച്ച എസ്‌.യു.വി ചാവേര്‍ ഭീകരന്‍ സൈന്യത്തിന്റെ ബസിലേക്ക്‌ ഇടിച്ചു കയറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക