Image

ബട്ടര്‍ഫ്‌ളെ സാംഗ്ച്വറിയിലൂടെ അതിര്‍ത്തി മതില്‍ കടന്ന് പോകുമോ? (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 15 February, 2019
ബട്ടര്‍ഫ്‌ളെ സാംഗ്ച്വറിയിലൂടെ അതിര്‍ത്തി മതില്‍  കടന്ന് പോകുമോ? (എബ്രഹാം തോമസ്)
മിഷന്‍, ടെക്‌സസ്: കഴിഞ്ഞ ഒരു വര്‍ഷമായി ടെക്‌സസിലെ ഈ ചെറിയ പട്ടണവും നാഷ്ണല്‍ ബട്ടര്‍ഫ്‌ളൈ സെന്ററും പ്രതിഷേധത്തിലാണ്. 2018 മാര്‍ച്ചില്‍ യു.എസ്. കോണ്‍ഗ്രസ് പാസാക്കിയ  നിയമം നാഷ്ണല്‍ ബട്ടര്‍ഫ്‌ളൈ സെന്ററിന്റെ മധ്യത്തിലൂടെ യു.എസ്.-മെക്‌സിക്കോ അതിര്‍ത്തി ഫെന്‍സ് കടന്നുപോകാന്‍ അനുവദിച്ചു. ഇപ്പോള്‍ വലിയ യന്ത്രസാമഗ്രികളും നിര്‍മ്മാണ തൊഴിലാളികളും കോണ്‍ട്രാക്ടര്‍മാരും ചിത്രശലഭങ്ങളുടെ അഭയകേന്ദ്രമായി സംരക്ഷിച്ചുവരുന്ന സെന്ററില്‍ തമ്പടിച്ചിരിക്കുകയാണ്. ഇതിനെതിരെ സെന്ററിന്റെ അഭിഭാഷകര്‍ വാഷിംഗ്ടണിലെ യു.എസ്. ഡിസ്ട്രിക്ട് കോടതിയില്‍ ഒരു മോഷന്‍ ഫയല്‍ ചെയ്തതായി സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിയാന ട്രെവിനോ റൈറ്റഅ പറഞ്ഞു.

സെന്ററിന്റെ സ്ഥലത്ത് കൂടി ഫെന്‍സ് നിര്‍മ്മാണത്തിനോ സമാനമായ ആവശ്യങ്ങള്‍ക്കോ യന്ത്രങ്ങളോ വാഹനങ്ങളോ ജീവനക്കാരോ കടക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കോടതി വാദം  കേള്‍ക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല.
ബട്ടര്‍ഫ്‌ളൈ സെന്ററിലൂടെ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുവാന്‍ ആരംഭിക്കുമെന്ന് യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പറഞ്ഞു. 2001 ലെ 9/11  ആക്രമണത്തിന് ശേഷം ഫെഡറല്‍ പരിസ്ഥിതി നിയമങ്ങള്‍ മറികടക്കുവാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി പറയുന്നു. ഈ അധികാരം യു.എസ്.- മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുവാനും അനുവാദം നല്‍കുന്നു.

ഡസന്‍ കണക്കിന് പാരിസ്ഥിതിക, ആരോഗ്യ, സുരക്ഷ നിയമങ്ങള്‍ ലംഘിച്ച് ത്വരിതഗതിയില്‍ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനെതിരെ അനവധി കേസുകള്‍ നിലവിലുണ്ട്.

നാഷ്ണല്‍ ബട്ടര്‍ഫ്‌ളൈ സെന്ററിനൊപ്പം ലോവര്‍ റിയോ ഗ്രാന്‍ഡ് വാലി, നാഷ്ണല്‍ വൈല്‍ഡ് ലൈഫ് റെഫ്യൂജ്, ബെന്റ്‌സന്‍ റിയോ ഗ്രാന്‍ഡ് സ്‌റ്റേറ്റ് പാര്‍ക്ക്, ചില സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവയിലൂടെയും മതില്‍ കടന്നുപോകാന്‍ ടെക്‌സസ് വെയ് വേഴ്‌സ് അനുവദിക്കുന്നു. കേസുകള്‍ തുടരുന്നു.

ബട്ടര്‍ ഫ്‌ളൈ സാംഗ്ച്ച്വറി പ്രശ്‌നവും നിലവിലെ അതിര്‍ത്തി പ്രതിസന്ധി ചര്‍ച്ചകളും നിയമപരമായ ചെല്വുകള്‍ക്ക് 80,000 ല്‍ അധികം ഡോളര്‍ ഗോ ഫണ്ട് മി ദാതാക്കളിലൂടെ ശേഖരിക്കുവാന്‍ സഹായിച്ചു. സഹായഹസ്തവുമായി 1,800 ല്‍ അധികം ദാതാക്കള്‍ മുന്നോട്ട് വന്നു.

ബട്ടര്‍ഫ്‌ളൈ സെന്ററിലൂടെ ഫെന്‍സ് നിര്‍മ്മിക്കുന്നതും അതിര്‍ത്തി മതില്‍ പ്രശ്‌നങ്ങളുമായി നേരിട്ട് ബന്ധമില്ല. പ്രസിഡന്റ് ട്രമ്പിന്റെ ആവശ്യം മതില്‍ നിര്‍മ്മിക്കുവാന്‍ 5.7 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ്. കഴിഞ്ഞ മാര്‍ച്ചില്‍ റിയോ ഗ്രാന്‍ഡ് വാലിയില്‍ 33 മൈല്‍ ദൈര്‍ഘ്യമുള്ള വേലി നിര്‍മ്മിക്കുവാന്‍ കോണ്‍ഗ്രസ് 600 മില്യന്‍ ഡോളര്‍ അനുവദിച്ചിരുന്നു.

തന്റെ ധനാഭ്യര്‍ത്ഥന മുഴുവനും(5.7 ബില്യണ്‍ ഡോളര്‍) പാസാക്കത്തതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഭാഗിക ഭരണസ്തംഭനം ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ വീണ്ടും സ്തംഭനം ഉണ്ടാവും എന്ന് ഭീഷണിപ്പെടുത്തിയെങ്കിലും തല്‍ക്കാലത്തേയ്ക്ക് അയവ് വരുത്തിയിരിക്കുകയാണ്. തന്റെ മുന്നില്‍ എത്തിയിരിക്കുന്ന ഒത്തുതീര്‍പ്പ് പദ്ധതിയില്‍ തികച്ചും സംതൃപ്തനല്ലെങ്കിലും അത് പഠിക്കുവാന്‍ കൂടുതല്‍ സമയം വേണമെന്ന് ട്രമ്പ് പറഞ്ഞു. അതോടൊപ്പം അതിര്‍ത്തി മതില്‍ പണിയാന്‍ ധനം കണ്ടെത്താന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തും എന്നും വെളിപ്പെടുത്തി. മറ്റ് ചെലവുകള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുകകള്‍ വകമാറ്റി മതില്‍നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചും ട്രമ്പ് സൂചനകള്‍ നല്‍കി. ഏതായാലും ഭരണസ്തംഭന പ്രതിസന്ധി തല്‍ക്കാലം ഒഴിഞ്ഞിരിക്കുകയാണ്.

ബട്ടര്‍ഫ്‌ളെ സാംഗ്ച്വറിയിലൂടെ അതിര്‍ത്തി മതില്‍  കടന്ന് പോകുമോ? (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക