Image

പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി. പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍: പുല്‍വാമ ആക്രമണ തലവന്‍ ജെയ്ഷെ മുഹമ്മദ് മസൂദ് അസറിന്റെ പശ്ചാത്തലമിങ്ങനെ

Published on 15 February, 2019
പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി. പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍: പുല്‍വാമ ആക്രമണ തലവന്‍ ജെയ്ഷെ മുഹമ്മദ് മസൂദ് അസറിന്റെ പശ്ചാത്തലമിങ്ങനെ

പുല്‍വാമയില്‍ 39 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ ആക്രമണം നടത്തിയ ഭീകരവാദ സംഘടന ജയ്ഷ്-ഇ-മുഹമ്മദിന്റെ തലവനാണ് മൗലാന മസൂദ് അസര്‍. ആക്രമണത്തിന് ശേഷം മസൂദ് അസറെ ഒരു ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ യു.എന്നുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇന്ത്യ. ആക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ ശിക്ഷ ഏറ്റുവാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കി. സുരക്ഷാ സേനയ്ക്ക് തിരിച്ചടിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1968ല്‍ പാക്കിസ്ഥാനിലെ പഞ്ചാബിലെ ബഹവല്‍പൂരിലാണ് മൗലാന മസൂദ് അസര്‍ ജനിച്ചത്.കറാച്ചിക്ക് സമീപത്തുള്ള ജാമിയ ഉലൂം-ഇ-ഇസ്ലാമിയില്‍ നിന്നും വിദ്യാഭ്യാസം ലഭിച്ച മൗലാന മസൂദ് നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതിയാണ്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തിലും മസൂദ് അസര്‍ പ്രതിയാണ്. കൂടാതെ പഠാന്‍കോട്ടില്‍ നടന്ന ഭീകര ആക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ് മസൂദ് അസര്‍.

പാക്കിസ്ഥാനോട് മസൂദിനെ ഇന്ത്യയ്ക്ക് നല്‍കണമെന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തെളിവുകള്‍ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ നടപടിയെടുത്തിട്ടില്ല.

അതേസമയം 1994ല്‍ മസൂദ് അസറിനെ ഇന്ത്യ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടപ്പോള്‍ യാത്രക്കാര്‍ക്ക് പകരമായി ഭീകരവാദികള്‍ മസൂദ് അസറിനെയായിരുന്നു ചോദിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യ മസൂദ് അസറിനെ വിട്ടയയ്ക്കുകയായിരുന്നു. മസൂദ് അസറിന്റെ സഹോദരന്‍ ഇബ്രാഹിമാണ് വിമാനം ഹൈജാക്ക് ചെയ്തതെന്ന് പറയപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക