Image

മസുദ് അസ്ഹറും ജയ്ഷെ മുഹമ്മദും; ഇന്ത്യയുടെ ഭീരുക്കളായ ശത്രുക്കള്‍

കല Published on 16 February, 2019
മസുദ് അസ്ഹറും ജയ്ഷെ മുഹമ്മദും; ഇന്ത്യയുടെ ഭീരുക്കളായ ശത്രുക്കള്‍

ഭീകരരാണെങ്കിലും വെറും ഭീരുക്കളാണവര്‍. എപ്പോഴും പതിയിരുന്ന് നെറികെട്ട അക്രമം നടത്താന്‍ മാത്രം കഴിയുന്നവര്‍. ഇന്ന് പാകിസ്ഥാനിലിരുന്നത് ഇന്ത്യന്‍ പട്ടാളത്തെ ആക്രമിക്കുന്നതിന് ആസൂത്രണം ചെയ്ത മസൂദ് അസ്ഹറും മറ്റൊരാളല്ല. പരാജിത രാഷ്ട്രമായ പാകിസ്ഥാനിലെ അരാജകത്വം മുതലെടുത്ത് ചെറുപ്പക്കാരെ ചാവേറുകളാക്കി മതംഭക്ഷിച്ച് ജീവിക്കുന്ന ഭീരുക്കളില്‍ ഒരാളാണ് മസൂദ് അസ്ഹറും. ഒരിക്കല്‍ ഇന്ത്യന്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഭീകരന്‍. പിന്നീട് കാണ്ടഹാര്‍ വിമാന റാഞ്ചല്‍ നടത്തി വിലപേശിയപ്പോള്‍ മറ്റൊരു വഴിയുമില്ലാതെ 189 യാത്രക്കാരുടെ ജീവന് പകരം ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്ന ഭീകരന്‍. ഇന്നലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് കാരണമായതും ഇതേ മസൂദ് അസ്ഹര്‍ തന്നെ. 
1999 ഡിസംബര്‍ 24ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് 189 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം അഞ്ച് പാക്ക് ഭീകരര്‍ ചേര്‍ന്ന് റാഞ്ചി. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലാണ് വിമാനം ഇറക്കിയത്. ഇന്ത്യയില്‍ തടവിലുള്ള മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള ഏതാനും ഭീകരരെ മോചിപ്പിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അന്ന് താലിബാനായിരുന്നു അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നയതന്ത്ര ഇടപെടലിന് സാധ്യതയില്ലായിരുന്ന ഇന്ത്യയ്ക്ക് അവസാനം ഭീകരുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നു. 189 യാത്രക്കാരുടെ ജീവന് പകരമായി മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സാഗര്‍ എന്നീ ഭീകരകെ ജയിലില്‍ നിന്നു മോചിപ്പിച്ച് റാഞ്ചികള്‍ക്ക് കൈമാറി. 
മസുദ് അസ്ഹര്‍ പിന്നീട് ജയ്ഷെ മുഹമ്മദ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ചൈനയുമായി ഇയാള്‍ക്കുള്ള ബന്ധം അന്താരാഷ്ട്ര തലത്തില്‍ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് തടസം നില്‍ക്കുന്നു. പാകിസ്ഥാനിലെ ചൈനീസ് താത്പര്യങ്ങള്‍ ഇയാള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നതിന് ചൈനയുടെ താത്പര്യത്തിന് കാരണമാണ് എന്ന ആരോപണവുമുണ്ട്. 
2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നിലും മസൂദ് അസ്ഹറായിരുന്നു. രാജ്യാന്തര സമര്‍ദ്ദത്തെ തുടര്‍ന്ന് അന്ന് പാകിസ്ഥാന്‍ ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ലാഹോര്‍ ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 
സര്‍ബെ മുഅമീന്‍ എന്ന പത്രം നടത്തിയാണ് അസ്ഹര്‍ ചെറുപ്പക്കാരെ ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ പാകിസ്ഥാന് ഇതുവരെയും കാര്യക്ഷമമായ നടപടികള്‍ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൈക്കൊണ്ടിട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക