Image

മാപ്പ്‌ പറയില്ല; തെറ്റ്‌ ചെയ്‌തെന്ന്‌ അവര്‍ തെളിയിക്കട്ടെ; സിസ്റ്റര്‍ ലൂസി

Published on 16 February, 2019
മാപ്പ്‌ പറയില്ല; തെറ്റ്‌ ചെയ്‌തെന്ന്‌ അവര്‍ തെളിയിക്കട്ടെ; സിസ്റ്റര്‍ ലൂസി

തിരുവനന്തപുരം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ സമരം നടത്തിയ കന്യാസ്‌ത്രീകളെ പിന്തുണച്ചതിന്റെ പേരില്‍ മദര്‍ സുപ്പീരിയര്‍ ജനറല്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍.

ആദ്യം കൊടുത്ത വിശദീകരണം തൃപ്‌തിയല്ലെന്ന്‌ കാണിച്ചാണ്‌ വീണ്ടും നോട്ടീസ്‌ അയച്ചിരിക്കുന്നതെന്നും തനിക്ക്‌ പറ്റുന്ന പോലെയുള്ള വിശദീകരണം തന്നെയാണ്‌ നേരത്തെ നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കല്‍ പ്രതികരിച്ചു.

മാപ്പ്‌ പറയണമെന്നാണ്‌ അവരുടെ ആവശ്യമെന്നും എന്നാല്‍ താന്‍ തെറ്റ്‌ ചെയ്യാത്തതുകൊണ്ട്‌ തന്നെ മാപ്പ്‌ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലൂസി കളപ്പുരയ്‌ക്കല്‍ പ്രതികരിച്ചു.

''കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. ആദ്യം കൊടുത്ത വിശദീകരണം തൃപ്‌തിയല്ല എന്ന്‌ കാട്ടിയാണ്‌ വീണ്ടും നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

എനിക്ക്‌ പറ്റുന്ന പോലെയുള്ള വിശദീകരണം തന്നെയാണ്‌ ഞാന്‍ കൊടുത്തത്‌. മാപ്പ്‌ എഴുതി നല്‍കണമെന്നാണ്‌ ഇപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത്‌.

ഞാന്‍ ചെയ്‌തിരിക്കുന്നത്‌ ശരിയാണ്‌ എന്ന്‌ തന്നെയാണ്‌ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്‌. അപ്പോള്‍ പിന്നെ ചെയ്‌തത്‌ തെറ്റായിപ്പോയി എന്ന്‌ പറഞ്ഞ്‌ മാപ്പ്‌ പറയേണ്ട കാര്യമില്ലല്ലോ. അതിന്‌ എന്തായാലും ഉദ്ദേശിക്കുന്നില്ല. മാര്‍ച്ച്‌ 20 വരെയാണ്‌ സമയം തന്നത്‌. മറുപടി ഞാന്‍ നല്‍കും.


അവര്‍ പറയുന്ന പോലെയൊന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ തെറ്റ്‌ ചെയ്‌തു എന്ന്‌ അവര്‍ തെളിയിക്കട്ടേ. അതുവരെ ഞാന്‍ ഇവിടെയുണ്ടാകും ലൂസി കളപ്പുരയ്‌ക്കല്‍ പറഞ്ഞു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക