Image

തലശ്ശേരി ദിലീപന്‍ വധക്കേസ്‌; 9 പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

Published on 16 February, 2019
തലശ്ശേരി ദിലീപന്‍ വധക്കേസ്‌; 9 പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

തലശ്ശേരി: സി പി എം പേരാവൂര്‍ ചാക്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന നരോത്ത്‌ ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ 9 പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരായ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവിനും മുപ്പതിനായിരം രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു.

തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്‌) ജഡ്‌ജ്‌ കെ എസ്‌ രാജീവാണ്‌ വിധി പ്രസ്‌താവിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. 2008 ആഗസ്‌ത്‌ 24 നായിരുന്നു കേസിനാസ്‌പദമായ സംഭവം.

പാര്‍ട്ടി പത്രത്തിന്റെ കാമ്പയിന്‍ പ്രവര്‍ത്തനം കഴിഞ്ഞ്‌ രാത്രി എട്ടരയോടെ സഹപ്രവര്‍ത്തകരായ പി കെ ഗിരീഷ്‌, കുറ്റേരി രാജന്‍ എന്നീ സുഹൃത്തുക്കളോടൊപ്പം ചാക്കാട്‌ പള്ളിക്കടുത്ത ഇടവഴിയിലൂടെ വീട്ടിലേക്ക്‌ നടന്നു പോകുന്ന വഴിയില്‍ ഹംസയുടെ തെങ്ങിന്‍ പറമ്പിലെത്തിയപ്പോഴാണ്‌ അക്രമിസംഘം വാളും മഴുവുമായി ചാടി വീണ്‌ വെട്ടിയത്‌.

തലയ്‌ക്കും ദേഹമാസകലവും വെട്ടേറ്റ യുവാവിനെ വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസ്‌ ജീപ്പില്‍ ഇരിട്ടിയിലെ സ്വകാര്യ സ്‌പത്രിയിലും അവിടെ നിന്നും തലശ്ശേരി സഹകരണ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

കേസിലുള്‍പ്പെട്ട 16 പ്രതികളില്‍ 7 പേരെ കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെ വിട്ടു. ഒന്നു മുതല്‍ അഞ്ച്‌ വരെ പ്രതിസ്ഥാനത്തുള്ള എസ്‌ ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരായ മുഴക്കുന്ന്‌ ചാക്കാട്ടെ ഷഫീന മല്‍സിലില്‍ പി കെ ലത്തീഫ്‌ (33), ചക്കാട്ടെ ഉളിയില്‍ കുന്നേല്‍ വീട്ടില്‍ യു കെ സിദ്ധീക്ക്‌ (33), മുഴക്കുന്ന്‌ ഹാജി റോഡില്‍ ഫാത്തിമ മന്‍സിലില്‍ യു കെ ഫൈസല്‍ (35), മുഴക്കുന്ന്‌ ചാക്കാട്ടെ വേലിക്കോത്ത്‌ വീട്ടില്‍ വി കെ ഉനൈസ്‌ (30), പുതിയ പുരയില്‍ പി പി ഫൈസല്‍ (30), ഏഴ്‌ മുതല്‍ ഒമ്പത്‌ വരെയുള്ള പ്രതികളായ പോപ്പുലര്‍ ഫ്രണ്ട്‌ ജില്ലാ പ്രസിഡണ്ട്‌, കീഴൂര്‍ മീത്തലെ പുന്നാട്ടെ വയ്യപ്രത്ത്‌ ഹൗസില്‍ വി മുഹമ്മദ്‌ ബഷീര്‍ എന്ന കരാട്ടെ ബഷീര്‍(35), പായം താന്തോട്‌ നസീമ മന്‍സിലില്‍ തണലോട്ട്‌ യാക്കൂബ്‌ (39), കീഴുര്‍ ദാറുല്‍ റഹ്മയില്‍ പി കെ മുഹമ്മദ്‌ ഫാറൂഖ്‌ (45), പതിനാലാം പ്രതി വിളക്കോട്‌ പാനേരി ഹൗസില്‍ കെ അബ്ദുള്‍ ഗഫൂര്‍ (40) എന്നിവരെയാണ്‌ കോടതി ശിക്ഷിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക