Image

കേരളത്തിന് സ്വന്തം വിമാനക്കമ്പനി, എയര്‍ കേരളയ്ക്ക് ചിറക് മുളയ്ക്കുന്നു

Published on 16 February, 2019
കേരളത്തിന് സ്വന്തം വിമാനക്കമ്പനി, എയര്‍ കേരളയ്ക്ക് ചിറക് മുളയ്ക്കുന്നു

ദുബായ്: കേരളത്തിന്റെ സ്വന്തം  വിമാനക്കമ്പനി എയര്‍കേരളയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. നേരത്തേ വേണ്ടെന്നു വച്ചിരുന്ന പദ്ധതി വീണ്ടും സജീവമാവുകയാണ്. എയര്‍കേരള ആലോചിക്കാവുന്ന തരത്തിലായിട്ടുണ്ടെന്നും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും ലോക കേരളസഭയുടെ പ്രതിനിധി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് എയര്‍കേരള.

കേരളാ ബാങ്ക് വലിയ ഷെഡ്യൂള്‍ ബാങ്കായി മാറുമ്ബോള്‍ പ്രവാസികള്‍ക്ക് മികച്ച സേവനം ലഭിക്കും. നാട്ടിലെ ഗ്രാമത്തിലേക്ക് പണമയയ്ക്കാന്‍ വിദേശത്ത് നിന്ന് പ്രത്യേക സൗകര്യമൊരുക്കും. ഇവിടത്തെ ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ പണം നിക്ഷേപിച്ചാല്‍ സഹകരണ ബാങ്കില്‍ പിറ്റേ ദിവസം പണമെത്തും. റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. കേരളത്തിന്റെ സ്വന്തം ബാങ്കായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള പ്രവാസികളുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍, എം.എല്‍.എമാരായ കെ.സി.ജോസഫ്, ടി.വി.ഇബ്രാഹിം, പി.കെ.ബഷീര്‍, വ്യവസായികളായ ഡോ.എം.എ.യൂസഫലി, ഡോ.രവിപിള്ള, ഡോ.ആസാദ്മൂപ്പന്‍, ആശാ ശരത് എന്നിവര്‍ പങ്കെടുത്തു.


ലോകകേരള സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്

==പ്രവാസികള്‍ക്ക് ഡോളറില്‍ നിക്ഷേപിക്കാന്‍ ഡോളര്‍ ബോണ്ട് ഇറക്കുന്നത് പരിഗണിക്കും.

സാധാരണ രൂപയിലാണ് ബോണ്ട് ഇറക്കുക. കിഫ്ബിയുടെ രണ്ടാംഘട്ടത്തില്‍ രണ്ടാം ഘട്ടത്തില്‍ ഡോളര്‍ നിക്ഷേപം വരും.

==നഷ്ടത്തിലോടുന്ന പൊതുമേഖലാ സഥാപനങ്ങളെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കാനുളള നിര്‍ദ്ദേശം നല്ലത്. ഇതിനൊപ്പം പുതിയ മേഖലകളില്‍ നിക്ഷേപത്തിനും അവസരമൊരുക്കും.

==എയിംസ് വേണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിക്കുന്ന പശ്ചാത്തലത്തില്‍, പ്രവസികളുടെ ശേഷി ഉപയോഗിച്ച്‌ എയിംസിന് മുകളിലുള്ള സ്ഥാപനം കേരളത്തില്‍ നിര്‍മ്മിക്കും.

==5ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികള്‍ക്കുള്ള ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിയില്‍ ചില സാങ്കേതിക പരിശോധനകള്‍ കൂടി മാത്രം. കാലതാമസമില്ലാതെ യാഥാര്‍ത്ഥ്യമാക്കും. പ്രവാസികള്‍ക്ക് ആശങ്ക വേണ്ട.

==ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും. കേരളത്തില്‍ എടുത്തുപറയത്തക്ക മികവുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ആ കുറവ് പരിഹരിക്കും. സര്‍വകലാശാലാ വൈസ്ചാന്‍സല‌ര്‍മാരുമായി ചര്‍ച്ചചെയ്യും. പ്രശസ്തമായ കലാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും.

==നൈപുണ്യവികസന ഏജന്‍സികളെ ഏകോപിപ്പിക്കും. കൂടുതല്‍ ഫിനിഷിംഗ് സ്കൂള്‍ വേണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴിയാക്കുന്നത് പരിഗണിക്കും.

പ്രവാസി സാംസ്കാരികോത്സവങ്ങളും പരിഗണനയിലുണ്ട്. നവോത്ഥാന കേരളം ആശയമാക്കിയുള്ള നൃത്തശില്‍പ്പം അവതരിപ്പിക്കും

==കുടുംബശ്രീ പോലെ വിവിധ രാജ്യങ്ങളിലെ സ്ത്രീകളുട കൂട്ടായ്മയുണ്ടാക്കും.

സൊസൈറ്റികളില്‍ പ്രവാസികള്‍ക്ക് നോമിനേഷന്‍ വരും. താമസം കേരളത്തിലാക്കിയാലേ പ്രവാസികള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കാനാവൂ. കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുന്ന തരത്തില്‍ പ്രവാസി ഇന്‍ഷ്വറന്‍സ് വിപുലീകരിക്കും.

==എന്‍.ആര്‍.ഐ ഇന്‍വെസ്റ്റിമെന്റ് കമ്ബനി വന്‍ സാദ്ധ്യതയുള്ള കമ്ബനിയാണ്. രൂപീകരണത്തിന് നടപടികള്‍ ഉടനുണ്ടാവും. പ്രവാസികള്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കും.

==വിദേശഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാന്‍ യുവാക്കള പ്രാപ്തരാക്കും

തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തും. കോഴ്സ് കഴിയുന്നതോടെ ജോലിയില്‍ പ്രവേശിക്കാന്‍ ഉതകുന്നതായിരിക്കും. വേറെ പരിശീലനം വേണ്ടിവരില്ല

==ജനറല്‍ നഴ്സിംഗിന് പൂ‌ര്‍ണമായി ഒഴിവാക്കില്ല, ബിഎസ്.സി നഴ്സിംഗ് ശക്തിപ്പെടുത്തും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിദേശ സര്‍വകലാശാലകളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ഗവേഷണ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക