Image

കൊട്ടിയൂര്‍ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത; വെറുതെ വിട്ടവര്‍ കുറ്റക്കാരല്ലെന്ന് നേരത്തെ വ്യക്തമായിരുന്നു

Published on 16 February, 2019
കൊട്ടിയൂര്‍ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത; വെറുതെ വിട്ടവര്‍ കുറ്റക്കാരല്ലെന്ന് നേരത്തെ വ്യക്തമായിരുന്നു

വയനാട്: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്കെതിരായ തലശേരി പോക്‌സോ കോടതിയുടെ വിധി സ്വാഗതം ചെയ്ത് അദ്ദേഹം ഉള്‍പ്പെട്ട മാനന്തവാടി രൂപത. ചൂഷണത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണ് സഭ നില്‍ക്കുന്നത്. ഫാ.റോബിന്‍ വടക്കുംചേരി കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കുകയും പൗരോഹിത്യ കടമകളില്‍ നിന്ന് സസ്‌പെന്റു ചെയ്യുകയുമായിരുന്നു. സഭാപരമായ നടപടികള്‍ നിയമാനുസൃതം പൂര്‍ത്തിയാക്കുമെന്നും മാനന്തവാടി രൂപത അറിയിച്ചു.

കോടതി വെറുതെ വിട്ടവര്‍ കുറ്റക്കാരല്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. വയനാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായിരുന്ന ഫാ.തോമസ് ജോസഫ് തേരകം, അംഗമായിരുന്ന സി.ബെറ്റി ജോസ് എന്നിവരെ ശരിയായ അന്വേഷണം നടത്താതെയും അര്‍ഹമായിരുന്ന നിയമപരിരക്ഷ നല്‍കാതെയും ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് സ്വാഭാവിക നീതിയുടെ നിഷേധമായിരുന്നുവെന്നും രൂപത പറയുന്നു. 

കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കുറ്റം ആരോപിച്ച് സമര്‍പ്പിതവൈദിക ജീവിതം നയിക്കുന്നവരെ മനുഷ്യത്വരഹിതമായി പൊതുസമൂഹത്തില്‍ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നുവെന്നും പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറക്കല്‍ ചൂണ്ടിക്കാട്ടി.


പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: 

കോടതിവിധി സ്വാഗതാര്‍ഹം

തിരുസ്സഭയുടെ ധാര്‍മ്മികമനസാക്ഷിയെ പൊതുസമൂഹത്തിനുമുമ്പില്‍ വിചാരണക്ക് വെച്ച കൊട്ടിയൂര്‍ കേസിലെ വിധിയെ മാനന്തവാടി രൂപത സ്വാഗതം ചെയ്യുന്നു. തികച്ചും അധാര്‍മ്മികമെന്ന് പൊതുമനസാക്ഷിയോടൊപ്പം തിരുസ്സഭയും വിലയിരുത്തിയ കുറ്റകൃത്യത്തില്‍ ചൂഷണവിധേയായ കുട്ടിയോടൊപ്പം തന്നെയാണ് തിരുസ്സഭ നിലപാടെടുക്കുന്നത്. കോടതി കുറ്റക്കാരനായി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത പ്രസ്തുത വൈദികന്‍ കുറ്റം ചെയ്തു എന്ന് പോലീസില്‍ നിന്ന് രൂപതാധികൃതര്‍ അറിഞ്ഞ ഉടനെ തന്നെ അദ്ദേഹത്തെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കുകയും പൗരോഹിത്യകടമകളില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സഭാപരമായ നടപടികള്‍ നിയമാനുസൃതം പൂര്‍ത്തിയാക്കുന്നതാണ്.

ആഗോളവ്യാപകമായി പൊതുസമൂഹത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ലൈംഗികചൂഷണത്തിന് തടയിടാന്‍ സിവില്‍ ഭരണാധികാരികളോടൊപ്പം തിരുസ്സഭയും കാലാകാലങ്ങളില്‍ പരിശ്രമിച്ചിട്ടുണ്ട്. ഭാരതസഭയുടെയും കേരളസഭയുടെയും ഇത്തരം വിഷയങ്ങളിലുള്ള വ്യത്യസ്ത പോളിസികള്‍ അതിനുദാഹരണങ്ങളാണ്. സഭയിലും പൊതുസമൂഹത്തിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനും അവയെക്കുറിച്ച് ബോധവത്കരണം നടത്താനും രാഷ്ട്രത്തോടൊപ്പം തിരുസ്സഭയും പ്രതിജ്ഞാബദ്ധമാണ്. കുട്ടികളും ചൂഷണവിധേയരാകാന്‍ സാധ്യതയുള്ളവരുമായ സകലരോടും പക്വവും മാന്യവുമായ പെരുമാറ്റം ജീവിതശൈലിയായി സ്വീകരിക്കുന്നതിന് പൊതുജീവിതം നയിക്കുന്നവര്‍ക്കും മറ്റെല്ലാവര്‍ക്കും ഈ വിധി പ്രേരണയായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സാഹചര്യത്തില്‍, പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഗൂഡാലോചനാക്കുറ്റം ആരോപിച്ച് സമര്‍പ്പിതവൈദികജീവിതം നയിക്കുന്നവരെ തികച്ചും മനുഷ്യത്വരഹിതമായ രീതിയില്‍ പൊതുസമൂഹത്തിനുമുമ്പില്‍ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നു. യാഥാര്‍ത്ഥ്യബോധത്തോടും സത്യമറിഞ്ഞും പ്രവര്‍ത്തിച്ചാല്‍ മാത്രമേ കാലഘട്ടത്തിന്റെ ധാര്‍മ്മികശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുകയുള്ളു. നിക്ഷിപ്തതാത്പര്യങ്ങളുള്ളവരുടെ ഗൂഡാലോചനയില്‍ രൂപംകൊണ്ട ഭാവനാകല്പിതമായ കഥയായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട ഗൂഡാലോചന എന്നത് കോടതി തിരിച്ചറിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും, വയനാട് ശിശുക്ഷേമസമിതിയുടെ ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം, അംഗമായിരുന്ന സി. ബെറ്റി ജോസ് എന്നിവരെ ശരിയായ അന്വേഷണം നടത്താതെയും അവര്‍ക്ക് അര്‍ഹമായിരുന്ന നിയമപരിരക്ഷ നല്കാതെയും ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്വാഭാവികനീതിയുടെ നിഷേധമായിരുന്നുവെന്നും രൂപത വിലയിരുത്തുകയും ചെയ്യുന്നു.

ഫാ. ജോസ് കൊച്ചറക്കല്‍പി.ആര്‍.ഓ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക