Image

പാകിസ്ഥാനെ ഇന്ത്യ 'വളയുന്നു', യാത്രാ മദ്ധ്യേ സുഷമ സ്വരാജ് ഇറാനില്‍: നയതന്ത്ര നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

Published on 17 February, 2019
പാകിസ്ഥാനെ ഇന്ത്യ 'വളയുന്നു', യാത്രാ മദ്ധ്യേ സുഷമ സ്വരാജ് ഇറാനില്‍: നയതന്ത്ര നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. വിദേശ പര്യടനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി. ബള്‍ഗേറിയയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഇറങ്ങിയ സുഷമ ഇറാന്‍ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അര്‍ഗാച്ചിയുമായി ചര്‍ച്ച നടത്തി. മേഖലയില്‍ നിലനില്‍ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുന്നതിനായി ഇന്ത്യയും ഇറാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന പ്രഖ്യാപനമുണ്ടായി.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ ആദില്‍ എന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തില്‍ ഇറാന്റെ 27 സൈനിക‌ര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ബലൂച് വിഘടനവാദികളും ഇറാന്‍ സേനയും നിരന്തരമായി ഏറ്റുമുട്ടല്‍ നടത്തുന്ന പ്രദേശത്തായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇറാന്‍ അത് നടപ്പാക്കുമെന്ന് ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജാഫരി പറഞ്ഞിരുന്നു.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചപ്പോഴാണ് സമാനമായ അവസ്ഥയില്‍ ഇറാനും പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തേക്ക് വന്നത്. ഇതിന് പിന്നാലെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. ലോകശക്തികളില്‍ നിന്നും പാകിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. മേഖലയിലെ തീവ്രവാദശക്തികളെ തുടച്ചു നീക്കാന്‍ ഇരുരാജ്യങ്ങളും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍ വിദേശകാര്യമന്ത്രി ഇത്തരം സംഭവങ്ങള്‍ ഇനി വച്ചു പൊറുപ്പിക്കില്ലെന്നും കടുത്ത ഭാഷയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക