Image

മഞ്ചേശ്വരത്ത്‌ ഇനിയുംമത്സരിക്കാനില്ല; തെരഞ്ഞെടുപ്പ്‌ കേസ്‌ പിന്‍വലിക്കാന്‍ അനുമതി തേടി കെ.സുരേന്ദ്രന്‍

Published on 17 February, 2019
 മഞ്ചേശ്വരത്ത്‌ ഇനിയുംമത്സരിക്കാനില്ല; തെരഞ്ഞെടുപ്പ്‌ കേസ്‌ പിന്‍വലിക്കാന്‍ അനുമതി തേടി കെ.സുരേന്ദ്രന്‍
തിരുവനന്തപുരം:മഞ്ചേശ്വരത്ത്‌ ഇനി മത്സരിക്കാനില്ലെന്ന്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ്‌ കേസ്‌ പിന്‍വലിക്കാന്‍ അനുമതി തേടി സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.

മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനിടെയാണ്‌ പിന്‍മാറ്റം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട്‌ 89 വോട്ടിന്‌ സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ റസാഖിന്റെ വിജയം കള്ളവോട്ട്‌ മൂലമാണെന്നും തെരഞ്ഞെടുപ്പ്‌ റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട്‌ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ 259 പേര്‍ കള്ളവോട്ടു ചെയ്‌തു എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അബ്ദുല്‍ റസാഖ്‌ മരിച്ചതിന്‌ ശേഷവും കേസ്‌ പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല.

നിലവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിക്കാമെന്ന പ്രതീക്ഷയിലാണ്‌ സുരേന്ദ്രന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക