Image

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പിണറായിയും കോടിയേരിയും കൂടിക്കാഴ്ച്ച നടത്തി

Published on 18 February, 2019
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പിണറായിയും കോടിയേരിയും കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച്ച. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്. തൃശ്ശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് എകെജി സെന്ററില്‍ എത്തിയ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.

അതേസമയം, പെരിയയില്‍ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും, മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും ആയിരുന്നു കോടിയേരിയുടെ പ്രതികരണം. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിപിഐഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടികള്‍ ഉറപ്പാണെന്നും കോടിയേരി പറഞ്ഞിരുന്നു.

എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ട് മേഖലാ ജാഥകളിലായി പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ കേരളം മുഴുവന്‍ സഞ്ചരിച്ച്‌ എതിരാളികള്‍ക്കെതിരെ വലിയ രാഷ്ട്രീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പെരിയയിലെ ഇരട്ടക്കൊല നടക്കുന്നത്. എല്‍ഡിഎഫ് ജാഥകള്‍ തന്നെ അതുകൊണ്ട് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടെ കൊലപാതകങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കിയതെന്ന് സിപിഐഎം കണക്കാക്കുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റുചെയ്യേണ്ടതും നേതൃത്വത്തിന് സംഭവത്തില്‍ പങ്കില്ല എന്നു സ്ഥാപിക്കേണ്ടതും ഈ ഘടത്തില്‍ സിപിഎമ്മിന്റെ കൂടി ആവശ്യമാണ്. കൊലപാതകങ്ങളെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയതും അതുകൊണ്ടുതന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക