Image

ആറ്റുകാലമ്മയ്‌ക്ക് നൈവേദ്യമേകി ഭക്തസഹസ്രങ്ങള്‍, ഇനി കാത്തിരിപ്പ് അടുത്ത വര്‍ഷത്തിനായി

Published on 20 February, 2019
ആറ്റുകാലമ്മയ്‌ക്ക് നൈവേദ്യമേകി ഭക്തസഹസ്രങ്ങള്‍, ഇനി കാത്തിരിപ്പ് അടുത്ത വര്‍ഷത്തിനായി

തിരുവനന്തപുരം: ഭക്തിയുടെ നൈവേദ്യമരുളി ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദിച്ച്‌ ഭക്തസഹസ്രങ്ങള്‍. ഉച്ചയ്‌ക്ക് 2.15ന് നിവേദ്യമായതോടു കൂടി ഇനി അടുത്ത കുംഭച്ചൂടിലേക്കുള്ള കാത്തിരിപ്പ് മങ്കമാര്‍ തുടങ്ങുകയായി. രാവിലെ 10.15ന് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നു പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി വിഷ്ണു നമ്ബൂതിരി വലിയതിടപ്പള്ളിയിലേക്കും തുടര്‍ന്ന് സഹമേല്‍ശാന്തി പണ്ടാരയടുപ്പിലേക്കും പകര്‍ന്നതോടെ നാരീലക്ഷങ്ങളുടെ ദിവസങ്ങളായുള്ള പ്രാര്‍ത്ഥന നിരനിരയായ അടുപ്പുകളില്‍ നിറഞ്ഞുതൂവുകയായിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തിന് 10 കി.മീ അധികം ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെയാണ് വിവിധയിടങ്ങളില്‍ നിയോഗിച്ചിരുന്നത്. ഒരു ലക്ഷത്തിനമേല്‍ ഭക്തജനങ്ങള്‍ ഇത്തവണം പൊങ്കാലയ്‌ക്കെത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ കണക്കുകൂട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ, വിവിധ ട്രസ്റ്റുകളുടെയും, അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ പൊങ്കാലയിടാന്‍ എത്തിയവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍ക്കുത്ത് ആരംഭിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും കുത്തിയോട്ടക്കാരുടെയും അകമ്ബടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും. നാളെ രാത്രി 9.15 ന് കാപ്പഴിച്ച്‌ കുടിയിളക്കിയ ശേഷം രാത്രി 12.15 ന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക