Image

തീ വിഴുങ്ങിയ ചെരുപ്പ്‌ ഗോഡൗണ്‍ പൊളിച്ചുമാറ്റണം; സുരക്ഷിതമല്ലെന്ന്‌ അഗ്‌നിശമന സേന

Published on 21 February, 2019
തീ വിഴുങ്ങിയ ചെരുപ്പ്‌ ഗോഡൗണ്‍ പൊളിച്ചുമാറ്റണം; സുരക്ഷിതമല്ലെന്ന്‌ അഗ്‌നിശമന സേന
കൊച്ചി: എറണാകുളം നഗരമദ്ധ്യത്തില്‍ തീ വിഴുങ്ങിയ ചെരുപ്പ്‌ ഗോഡൗണ്‍ കെട്ടിടം സുരക്ഷിതമല്ലെന്നും ഉടന്‍ പൊളിച്ച്‌ നീക്കണമെന്നും അഗ്‌നി രക്ഷാസേന.

കടുത്ത തീചൂടില്‍ വെന്തമര്‍ന്ന കോണ്‍ക്രീറ്റ്‌ കെട്ടിടത്തിന്റെ മുകളിലെ നാലും അഞ്ചും നിലകളിലെ ഭിത്തിയും പില്ലറുകളും പൊട്ടി വിണ്ടുകീറിയതായും എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന്‌ വീഴാന്‍ സാധ്യതയുണ്ടെന്നും സേന നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ആറു നില കെട്ടിടത്തിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിരുന്നു. സുരക്ഷയ്‌ക്കായി ഒരു യൂണിറ്റ്‌ സ്ഥലത്തുണ്ട്‌.


അഞ്ച്‌ മണിക്കൂറോളം നിന്ന്‌ കത്തിയ കെട്ടിടത്തിന്‌ വലിയ ബലക്ഷയമുണ്ടായതായി ജില്ലാ ഫയര്‍ ഓഫീസര്‍എ എസ്‌ ജോജി പറഞ്ഞു.

കനത്ത തീച്ചൂടില്‍ കോണ്‍ക്രീറ്റിലടക്കം വിള്ളല്‍ വീണു. മുറികളില്‍ നിലയൊരുക്കാന്‍ സ്ഥാപിച്ച ഇരുമ്‌ബ്‌ ബീമുകള്‍ തീച്ചൂടില്‍ പഴുത്ത്‌ വളഞ്ഞു.
ചുടുകട്ടകൊണ്ട്‌ നിര്‍മിച്ച ഭിത്തികളിലെ സിമന്റ്‌ തേപ്പ്‌ പലയിടത്തും അടര്‍ന്നു വീണു.

തീയണയ്‌ക്കാന്‍ ധാരാളം വെള്ളം കെട്ടിടത്തിലേക്ക്‌ അതിശക്തമായി പമ്‌ബ്‌ ചെയ്‌തതും ബലക്ഷയത്തിന്‌ ഇടയാക്കി.

സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ്‌ കമ്മീഷണറുടെ ചുമതലയുള്ള ഡോ. ജെ ഹിമേന്ദ്രനാഥ്‌ പറഞ്ഞു.

ഗോഡൗണ്‍ ഉടമകളില്‍ നിന്നും മൊഴിയെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ പത്ത്‌ കോടിയുടെ നഷ്ടമാണ്‌ കണ്ടെത്തിയിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക