Image

പുരോഹിതരുടെ പീഡനം: വത്തിക്കാന്‍ സിനഡിന് ഇന്ന് തുടക്കം; ഫ്രാങ്കോയും റോബിനുമടക്കം അഞ്ചു മലയാളികള്‍ പോപ്പിന്റെ ഹിറ്റ്‌ലിസ്റ്റില്‍

Published on 21 February, 2019
പുരോഹിതരുടെ പീഡനം: വത്തിക്കാന്‍ സിനഡിന് ഇന്ന് തുടക്കം; ഫ്രാങ്കോയും റോബിനുമടക്കം അഞ്ചു മലയാളികള്‍ പോപ്പിന്റെ ഹിറ്റ്‌ലിസ്റ്റില്‍

കോട്ടയം: കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക ചൂഷണവും അതു നേരിടുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നതിനുള്ള അസാധാരണ സിനഡിന് ഇന്ന് തുടക്കം. ഞായറാഴ്ച വരെ ചേരുന്ന സിനഡില്‍ കേരളത്തില്‍ നിന്നുള്ള അഞ്ചു പുരോഹിതരുടെ ലൈംഗിക ചൂഷണം ചര്‍ച്ചയ്ക്ക് വരുമെന്ന് സൂചന. ഇതിനകം നിയമത്തിന്റെ പിടിയിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ.റോബിന്‍ വടക്കുഞ്ചേരി എന്നിവരാണ് ഇവരില്‍ പ്രധാനികള്‍.

കാനഡ, യു.എസ്.എ എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്ന മൂന്നു മലയാളി വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും സിനഡ് പരിഗണിക്കും. കാനഡയിലെ വൈദികന്റെ ബാലപീഡനത്തിനെതിരെ അവിടുത്തെ കര്‍ദ്ദിനാളിന് ലഭിച്ച പരാതി ഇതിനകം പോലീസിന് കൈമാറിക്കഴിഞ്ഞു.

വിവിധ പൗരസ്ത്യസഭകളിലെ 14 പാര്‍ത്രിയാര്‍ക്കീസുമാര്‍, മേജര്‍ ആര്‍ച്ച്ബിഷപ്പുമാര്‍ അടക്കം 190 പ്രതിനിധികളാണ് സിനഡില്‍ പങ്കെടുക്കുന്നത്. 22 പേപ്പര്‍ സന്യാസ സഭാ തലവന്മാര്‍, സന്യാസിനി സഭാ മേലധ്യക്ഷമാര്‍, വത്തിക്കാനിലെ 10 അംഗ തിരുസംഘാധ്യക്ഷന്മാര്‍, എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സില്‍ പെടാത്ത 15 മെത്രാന്മാര്‍, 115 കര്‍ദ്ദിനാള്‍മാര്‍, 13 സ്ത്രീകളടങ്ങിയ പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെയാണ് സിനഡ് അംഗങ്ങളുടെ പട്ടിക.

ഇന്ത്യയില്‍ നിന്നും സി.ബി.സി.ഐ അധ്യക്ഷനും സിനഡിനായി മാര്‍പാപ്പ നിയോഗിച്ചിരിക്കുന്ന നാലംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗവുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിനഡില്‍ പ്രബന്ധവും അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കര്‍ദ്ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ബസേലിയോസ് ക്ലിമ്മീസിനുമാണ് സിനഡിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി മാര്‍ ജോര്‍ജ് ആലഞ്ചേരി യാത്ര ഒഴിവാക്കി.

ശനിയാഴ്ച വൈകിട്ട് സഭയിലെ വൈദികരുടെ ലൈംഗിക പാപങ്ങള്‍ക്കുള്ള പരിഹാര ബലി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കും. ഞായറാഴ്ച മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന കുര്‍ബാനയോടെ സിനഡ് സമാപിക്കും. സിനഡ് തീരുമാനങ്ങളിലെ തുടര്‍ നടപടി വരും മാസങ്ങളില്‍ വത്തിക്കാനില്‍ നിന്നുമുണ്ടാകും. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും വരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക