Image

ഓര്‍മയിലെ പൊട്ടാപ്പടക്കങ്ങള്‍

അഷ്ടമൂര്‍ത്തി Published on 17 April, 2012
ഓര്‍മയിലെ പൊട്ടാപ്പടക്കങ്ങള്‍
കൃഷ്‌ണന്‍കുട്ടി അയല്‍പക്കത്തെ വേലിക്കരികില്‍ ചെന്നുനില്‍പാണ്‌. അവിടെ ശേഖരന്‍ ദുബൈയില്‍നിന്നെത്തിയിട്ടുണ്ട്‌. മേശപ്പൂവും മാലപ്പടക്കവും ആറ്റംബോംബുംകൊണ്ട്‌ തിമിര്‍ക്കുകയാണ്‌ അവിടത്തെ വിഷു. കൃഷ്‌ണന്‍കുട്ടിയുടെ വീട്ടില്‍ അയാളുടെ അച്ഛന്റെ കീശയില്‍ ശമ്പളത്തിലെ ബാക്കിയായുള്ളത്‌ പത്തുറുപ്പിക. മാധവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ അഞ്ചര ഉറുപ്പികക്ക്‌ ഒരു പാക്കറ്റ്‌ കമ്പിത്തിരിയും ഓലപ്പടക്കവും കുറച്ച്‌ മാലപ്പടക്കവും രണ്ടു പൂക്കുറ്റികളും നാലു മത്താപ്പും വാങ്ങി. എല്ലാം വെയിലുകൊള്ളിച്ചുവെങ്കിലും വിഷുപ്പുലരിയില്‍ അവയൊന്നും ശരിക്കു പൊട്ടിയില്ല. പരാതിയുമായി ചെന്നപ്പോള്‍ കടക്കാരന്‍ അയാളെ പുച്ഛിക്കുകയാണുണ്ടായത്‌. ദരിദ്രന്റെ പടക്കങ്ങള്‍ പൊട്ടണമെന്ന്‌ നിര്‍ബന്ധമില്ലെന്നു മനസ്സിലാക്കിയ അയാള്‍ അപമാനിതനായി മടങ്ങി. സമ്പന്നര്‍ക്കു മാത്രമേ വിഷുവിന്‌ അവകാശമുള്ളൂവെന്നും അയാള്‍ക്കു മനസ്സിലാവുന്നു.

ഓരോ വിഷു വരുമ്പോഴും ഇ. ഹരികുമാറിന്റെ 'വിഷു' എന്ന ഈ കഥ ഞാന്‍ ഓര്‍മിക്കാറുണ്ട്‌. അമ്പതു വയസ്സിനു മുകളിലുള്ളവര്‍ ഇന്ന്‌ ഈ കഥ വായിക്കുമ്പോള്‍ അവര്‍ക്കൊക്കെ ഇത്‌ സ്വന്തം കഥയാണെന്നു തോന്നാന്‍ വഴിയുണ്ട്‌. കാരണം അറുപതുകളിലും എഴുപതുകളിലുമുള്ള കേരളത്തിലെ മിക്കവാറും എല്ലാ ഇടത്തരം കുടുംബക്കാരുടേയും കഥ ഇതുതന്നെയായിരുന്നു.

ഓണത്തേക്കാള്‍ എനിക്കിഷ്ടം വിഷുവായിരുന്നു. വേനലവധിയുടെ തുടക്കം. പ്ലാവും മാവും കശുമാവും നിറഞ്ഞുനില്‍ക്കുന്ന കാലം. പകല്‍നേരമൊക്കെ അവയുടെ ചുവട്ടിലാവും. അതിനിടക്ക്‌ മേടത്തിന്റെ വരവറിയിച്ച്‌ വിഷുപ്പക്ഷിയുടെ 'കുക്കുക്കുക്കു' എന്ന പാട്ട്‌.

വിഷുവിന്‌ നാലുദിവസം മുമ്പുതന്നെ അടുത്തുനിന്നും അകലെനിന്നുമായി കുറേശ്ശ പടക്കങ്ങള്‍ പൊട്ടിത്തുടങ്ങും. ഹൃദയമിടിപ്പുകളോടെയാണ്‌ ഞാനതു കേള്‍ക്കാറുള്ളത്‌. ഉത്‌കണ്‌ഠയുടെ ദിവസങ്ങളാണത്‌. ഇക്കൊല്ലം പടക്കം വാങ്ങുമോ അച്ഛന്‍? മാതൃഭൂമിയുടെ ഏജന്റിന്‌ പടക്കത്തിന്റെ കച്ചവടവുമുണ്ടായിരുന്നു. പത്രത്തിന്റെ പേരെഴുതിക്കഴിഞ്ഞ ബാക്കി ഒഴിഞ്ഞ സ്ഥലത്ത്‌ ഏപ്രില്‍ ആദ്യം മുതലേ 'പടക്കം: ചന്ദ്രികാ സ്‌റ്റോഴ്‌സ്‌, കരുവന്നൂര്‍' എന്ന റബര്‍ സീല്‍ കണ്ടു തുടങ്ങും. പത്രക്കാരനോടു പറഞ്ഞാല്‍ മതി, അയാള്‍ പൊതിക്കെട്ട്‌ വീട്ടിലെത്തിക്കും. പക്ഷേ, അത്‌ അച്ഛനോടു പറയാന്‍ മടി. അങ്ങനെയിരിക്കുമ്പോള്‍ പത്രക്കാരന്‍തന്നെ അച്ഛനോടു ചോദിക്കുന്നു: 'പടക്കം വേണ്ടേ മാഷേ?' വേണമെന്ന്‌ അച്ഛന്റെ മറുപടി. എത്ര രൂപക്കുവേണം എന്ന അന്വേഷണത്തിന്‌ ഒരുറുപ്പികക്കെന്ന്‌ അച്ഛന്റെ മറുപടി. അത്ര കുറച്ചു മതിയോ എന്ന്‌ പത്രക്കാരന്‌ അദ്‌ഭുതം. ഓലപ്പടക്കം മാത്രം മതിയെന്ന്‌ അച്ഛന്റെ തീര്‍പ്പ്‌. ഒരുറുപ്പികക്ക്‌ നൂറ്‌ ഓലപ്പടക്കങ്ങള്‍ കിട്ടുന്ന കാലമാണ്‌. മത്താപ്പും കമ്പിത്തിരിയും മേശപ്പൂവും നിലച്ചക്രവും തലച്ചക്രവും ഒക്കെ വെറും സ്വപ്‌നമായല്ലോയെന്ന്‌ സങ്കടപ്പെട്ടു. ഏതായാലും ഓലപ്പടക്കവും സ്വപ്‌നം മാത്രമായി. പത്രക്കാരന്‍ പടക്കം കൊണ്ടുവന്നില്ല. അങ്ങനെ അക്കൊല്ലം പടക്കം കൂടാതെയുള്ള വിഷുവായി ഞങ്ങള്‍ക്ക്‌.

അക്കൊല്ലം എന്നു പറഞ്ഞെന്നേയുള്ളൂ. എല്ലാകൊല്ലവും അങ്ങനെത്തന്നെയായിരുന്നു. ഒരു കൊല്ലം എന്തെല്ലാമോ സാധനങ്ങള്‍ വാങ്ങാന്‍ അച്ഛനെന്നെ പീടികയിലേക്കയച്ചു. ആവശ്യത്തിലും കുറച്ചധികം പണമുണ്ടായിരുന്നു. കുറച്ചു പടക്കം വാങ്ങട്ടെയെന്ന്‌ പേടിച്ചു പേടിച്ച്‌ അച്ഛനോടു ചോദിച്ചു. അച്ഛന്‍ ഒന്നു മൂളിയെന്നു തോന്നി. സാധനങ്ങള്‍ വാങ്ങിയപ്പോള്‍ നാലര ഉറുപ്പിക ബാക്കി. പടക്കക്കടയില്‍ ചെന്നു. അവിടത്തെ വിഭവങ്ങള്‍ കണ്ട്‌ അന്തംവിട്ടുനിന്നു. തലച്ചക്രം, നിലച്ചക്രം, കമ്പിത്തിരി, മത്താപ്പ്‌, ഒരു മാലപ്പടക്കം, കുറച്ച്‌ ഓലപ്പടക്കം നാലുറുപ്പികയായി. എട്ടണയെങ്കിലും അച്ഛനു മടക്കിക്കൊടുക്കണ്ടേ?

പണം മടക്കിയേല്‍പിക്കുമ്പോള്‍ അച്ഛന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ, അമ്മയോടു പറഞ്ഞു. അയാള്‍ക്ക്‌ പണത്തിന്റെ ബുദ്ധിമുട്ടൊന്നും അറിയില്ല. പിന്നെ നാടുവിടുന്നതുവരെ ഞാന്‍ പടക്കം വാങ്ങിയില്ല.

പണത്തിന്റെ പുളപ്പ്‌ എന്തെന്നറിയുന്നത്‌ ബോംബെയിലെത്തിയപ്പോഴാണ്‌. പടക്കത്തിന്റെ കാര്യത്തിലുമതെ. ബോംബെയില്‍ വിഷുവില്ലെങ്കിലും ദീപാവലിയുണ്ട്‌. ഒരാഴ്‌ചത്തേക്ക്‌ കണ്ണുംകാതും കേള്‍ക്കില്ല. കെട്ടിടങ്ങള്‍ക്കിടയിലിട്ടു പൊട്ടിക്കുന്നതുകൊണ്ട്‌ മുഴക്കം കൂടും. രാത്രിയും പകലും പടക്കംതന്നെ. എങ്ങനെയെങ്കിലും ദീപാവലി കഴിഞ്ഞുകിട്ടിയാല്‍ മതിയെന്നാവും. രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ പറ്റില്ല. അതുകൊണ്ട്‌ അത്താഴം കഴിഞ്ഞ്‌ നടക്കാനിറങ്ങും. മുന്നിലും പിന്നിലും ഇടത്തും വലത്തും പടക്കം പൊട്ടുകയാണ്‌. അന്തരീക്ഷത്തില്‍ വെടിമരുന്നു മണം മാത്രം. അങ്ങനെ നടക്കുമ്പോഴൊരിക്കല്‍ ഒരാള്‍ വളരെവലിയൊരു കടലാസുപെട്ടി താങ്ങിപ്പിടിച്ച്‌ നിസ്സഹായനായി നില്‍ക്കുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ ദയനീയമായി നോക്കി. എന്താണ്‌ വിഷമമെന്ന്‌ ഞങ്ങള്‍ ചോദിച്ചു. അപ്പോഴാണ്‌ അയാള്‍ കൈയിലെ പെട്ടി തുറന്നത്‌. മാലപ്പടക്കത്തിന്റെ വലിയ ഒരുകെട്ട്‌. അത്‌ ഒറ്റക്കു പൊട്ടിക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ട്‌ പരുങ്ങി നില്‍ക്കുകയാണ്‌ അയാള്‍. ഞങ്ങള്‍ അയാളെ സഹായിക്കാന്‍ തീരുമാനിച്ചു. പെട്ടി നിലത്തുവെച്ച്‌ ചുരുള്‍ നിവര്‍ത്താന്‍ തുടങ്ങി. ഏകദേശം അരകിലോമീറ്റര്‍ നീളം! കഴിയുന്നത്ര ആളുകളെ വിളിച്ചുകൂട്ടി ഞങ്ങള്‍ ആഘോഷമായി അതിനു തിരികൊളുത്തി. എനിക്കു മറക്കാനാവാത്ത രാത്രിയായിരുന്നു അത്‌. ഒരു ജീവിതത്തില്‍ ആകാവുന്നത്ര പടക്കം മുഴുവന്‍ പൊട്ടിച്ചുതീര്‍ന്നുവെന്ന്‌ എനിക്കു തോന്നി.

ഒരു വ്യാഴവട്ടത്തിനുശേഷം നാട്ടില്‍ തിരിച്ചു താമസമാക്കിയപ്പോഴാവട്ടെ പടക്കത്തോടുള്ള ആര്‍ത്തി നഷ്ടപ്പെട്ടിരുന്നു. അല്ലെങ്കിലും കുട്ടിക്കാലത്തെ വര്‍ണങ്ങളൊന്നും പിന്നീട്‌ ഒന്നിലും അനുഭവപ്പെട്ടിട്ടില്ല. വിഷുവാകട്ടെ ഇന്ന്‌ പണ്ടത്തേക്കാളൊക്കെ ഉച്ചത്തിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌. നഗരത്തിലെ പടക്ക സ്റ്റാളുകളിലൊക്കെ വലിയ തിരക്കാണ്‌. നേരത്തേ ഹാജരായില്ലെങ്കില്‍ പടക്കം കിട്ടിയെന്നു വരില്ല. വീട്ടുമുറ്റങ്ങള്‍ ഉത്സവപ്പറമ്പുകള്‍ പോലെയാണ്‌. പണ്ടത്തേക്കാളും ഇനങ്ങളുമുണ്ട്‌. കുട്ടികള്‍ ഉത്സാഹത്തോടെ സ്വന്തം വീട്ടുമുറ്റങ്ങളില്‍ത്തന്നെയുണ്ട്‌. ഹരികുമാറിന്റെ കഥയിലെ കൃഷ്‌ണന്‍കുട്ടിയേപ്പോലെ അവര്‍ക്കിന്ന്‌ അയല്‍പക്കത്തെ വേലിക്കരികില്‍ പോയി നില്‍ക്കേണ്ട ഗതികേടില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ചില കാര്യങ്ങളിലെങ്കിലും കേരളം മാറിയിട്ടുണ്ട്‌. കാട്ടിക്കൂട്ടലാവാം. എന്നാലും സമ്പന്നത അതിലൊന്നാണ്‌. അതിന്റെ കപട പടക്കങ്ങള്‍ നമുക്കുചുറ്റും നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്‌.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക