Image

കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കെ ഗാലറി തകര്‍ന്നു വീണു; ഇരുപതോളം പേര്‍ക്ക് പരിക്ക്

Published on 22 February, 2019
കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കെ ഗാലറി തകര്‍ന്നു വീണു; ഇരുപതോളം പേര്‍ക്ക് പരിക്ക്

കടലുണ്ടി: കോഴിക്കോട് കടലുണ്ടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കെ ഗാലറി തകര്‍ന്നുവീണ് ഇരുപതോളം പേര്‍ക്ക് പരിക്ക്. മത്സരത്തിനായി താത്കാലികമായി നിര്‍മിച്ച ഗാലറിയാണ് തകര്‍ന്നു വീണത്. മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ഏകദേശം ഒമ്പതരയോടെയാണ് അപകടമുണ്ടായത്. 

അപകടത്തില്‍പ്പെട്ടവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഫറോക്ക് പോലീസ് അറിയിച്ചു. നടുവിന് പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. 

ടീം കടലുണ്ടി സംഘടിപ്പിക്കുന്ന ബിജു ആനന്ദ് മെമ്മോറിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഡയമണ്ട് പരപ്പനങ്ങാടിയും ഉദയ പറമ്പില്‍ പീടികയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. കടലുണ്ടി പഞ്ചായത്ത് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 

തകര്‍ന്നുവീണ ഗാലറിയില്‍ ഇരുന്നൂറിലധികം ആളുകളുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. അപകടം നടന്ന പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങളെ പോലീസ് ഏറെ പണിപ്പെട്ടാണ് നീക്കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക