Image

കശ്മീരില്‍ കൂട്ട അറസ്റ്റ്; സാധനങ്ങള്‍ വാങ്ങിക്കൂട്ടി ജനങ്ങള്‍, ബന്ദ് ആഹ്വാനം ചെയ്ത് വിഘടനവാദികള്‍

Published on 24 February, 2019
കശ്മീരില്‍ കൂട്ട അറസ്റ്റ്; സാധനങ്ങള്‍ വാങ്ങിക്കൂട്ടി ജനങ്ങള്‍, ബന്ദ് ആഹ്വാനം ചെയ്ത് വിഘടനവാദികള്‍

ശ്രീനഗര്‍: കശ്മീരിലെ ജനജീവിതം ദുസ്സഹമാകുന്നു. രാഷ്ട്രീയ-മത നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തതോടെ ജനങ്ങള്‍ തീര്‍ത്തുംവലഞ്ഞു. ഞായറാഴ്ച തുച്ഛം കടകള്‍ മാത്രമാണ് തുറന്നത്. അവിടെ വന്‍ തിരക്കായിരുന്നു. ഇനിയും പ്രശ്‌നങ്ങളുണ്ടാകാമെന്ന് കരുതി ജനങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്.

നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് വിഘടനവാദികള്‍ ബന്ദ് ആഹ്വാനം ചെയ്തത്. കൂടാതെ കശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 35എ വകുപ്പ് ഭേദഗതി ചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സൈന്യത്തെ കൂടുതല്‍ വിന്യസിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണെന്നും കരുതല്‍ കസ്റ്റഡി മുന്‍കാലങ്ങളില്‍ സ്വീകരിച്ചത് പോലുള്ള നടപടിയാണെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് അഭ്യര്‍ഥിച്ചു.

ശനിയാഴ്ച രാത്രി ജംഇയ്യത്ത് അഹ്ലെ ഹദീസിന്റെ ചില നേതാക്കളെ അറസ്റ്റ് ചെയ്തു. തെക്കന്‍ കശ്മീരില്‍ ഇപ്പോഴും അറസ്റ്റ് തുടരുകയാണ്. ഇതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. എന്നാല്‍ ഇത്തരം അറസ്റ്റില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

ബന്ദ് ആഹ്വാനം ചെയ്തതോടെ നഗരങ്ങള്‍ വിജനമായിരിക്കുകയാണ്. മിക്ക കടകളും തുറന്നില്ല. മരുന്ന് കടകളും ചില അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്. ഇവിടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. റോഡുകളില്‍ ആളുകള്‍ ഇറങ്ങിയില്ല. വിഘടനവാദികളുടെ ബന്ദ് ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് മനസിലാകുന്നത്. സംഘര്‍ഷങ്ങള്‍ തടയുന്നതിനും സമാധാനം നിലനില്‍ത്തുന്നതിനും വേണ്ടിയാണ് അറസ്റ്റും കൂടുതല്‍ സൈനികരെ വിന്യസിച്ചതുമെന്ന് പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക