Image

കൊലക്കത്തികള്‍ വേട്ടയാടുമ്പോള്‍ ലോക്സഭയില്‍ പ്രതീക്ഷിക്കാനെന്തുണ്ട് സിപിഎമ്മിന്

കല Published on 25 February, 2019
കൊലക്കത്തികള്‍  വേട്ടയാടുമ്പോള്‍ ലോക്സഭയില്‍ പ്രതീക്ഷിക്കാനെന്തുണ്ട് സിപിഎമ്മിന്

പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്‍റിന് വിവിധ രംഗങ്ങളില്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്ക് ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട് എന്നത് വസ്തുതയാണ്. വിദ്യഭ്യാസ ആരോഗ്യ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനമെന്നത് യഥാര്‍ഥ്യമാണ് ഈ ഗവണ്‍മെന്‍റിനെ സംബന്ധിച്ചിടത്തോളം. കാര്‍ഷിക മേഖലയിലും സമഗ്രപുരോഗതി നേടുന്നുണ്ട് കേരളം. കേരളം നുറ്റാണ്ടിലെ ഏറ്റവും വലിയ കെടുതിയായ പ്രളയത്തെ നേരിടേണ്ടി വന്നപ്പോഴും സര്‍ക്കാര്‍ ശക്തമായി നിലയുറപ്പിച്ചു. കേരളത്തെ പ്രളയത്തില്‍ നിന്ന് കരകയറ്റി. പ്രളയം വിഴുങ്ങാതെ കേരളത്തെ പിടിച്ചു നിര്‍ത്തിയതില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെ കര്‍മ്മശേഷി എടുത്തു പറയേണ്ടത് തന്നെയാണ്. 
തൊട്ടു പിന്നാലെ ശബരിമല പ്രശ്നമെത്തുന്നു. കേരളത്തിലെ നായര്‍ സമുദായവും ബിജെപിയുമടക്കം വലിയ വിഭാഗം സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടും സുപ്രീംകോടതി വിധി നടപ്പാക്കണം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമെന്ന നിലയില്‍ തന്നെ നിന്നു. ശബരിമലയില്‍ പോലീസ് സഹായത്തില്‍ തന്നെ യുവതി പ്രവേശനം സാധ്യമാക്കുകയും ചെയ്തു. നവോത്ഥാന കേരളത്തെ പിന്നോട്ടു നടത്താന്‍ അനുവദിക്കില്ലെന്ന് ധീരമായി തീരുമാനമെടുത്ത പിണറായി വിജയന്‍ സിപിഎമ്മിന്‍റെ നേതാവില്‍ നിന്ന് ഒരു ജനകീയ നേതാവിന്‍റെ പരിവേഷത്തിലേക്ക് നടന്നു കയറിയത് മുഖ്യമന്ത്രിയായതിന് ശേഷമുള്ള നിലപാടുകളിലൂടെ തന്നെയായിരുന്നു. 
എന്നാല്‍ സകല നേട്ടങ്ങളും പാഴിലായത് കാസര്‍ഗോഡ് നിന്നായിരുന്നു. കേരളത്തെ നടുക്കി കളഞ്ഞ ഇരട്ടക്കൊലപാതകം സിപിഎമ്മിനെ കടപുഴക്കി നിലത്തടിക്കുക തന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍ കൃപേഷ് എന്നിവരെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ പീതാംബരന്‍ എന്നയാളുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തുമ്പോള്‍, ആ കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ അറിവോടെയും താത്പര്യത്തോടെയുമാണ് എന്ന് ആരോപണം വരുമ്പോള്‍, സിപിഎം പ്രതിസ്ഥാനത്താകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് ഒരു ഭരണകൂടത്തോടുള്ള വിശ്വാസം തന്നെയാണ്. 
കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും കൊലപാതകങ്ങള്‍ക്ക് കാരണം നാട്ടിലെ സ്കൂളില്‍ നടന്ന എസ്എഫ്ഐ കെഎസ്യു സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. എന്തൊക്കെയായാലും പറഞ്ഞു തീര്‍ക്കാം എന്നതിനപ്പുറം വലുതാകേണ്ട സംഘര്‍ഷങ്ങളൊന്നും അവിടെ നിലനിന്നിരുന്നില്ല എന്ന് മനസിലാക്കണം. എന്നാല്‍ സംഭവിച്ചതോ, ജീവിതം തുടങ്ങിയിട്ട് പോലുമില്ലാത്ത രണ്ട് കുട്ടികളുടെ അരുംകൊല. ഇപ്പോഴിതാ പതിവ് പോലെ കൊലയാളികളെ തള്ളിപ്പറഞ്ഞ് രഹസ്യമായി അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന സിപിഎം നാടകം നിര്‍ബോധമായി നടന്നു വരുന്നു. 
ഇതിന്‍റെ തുടര്‍ച്ചയായി സിപിഎമ്മിന് പൊതുസമൂഹത്തിലെ വിശ്വാസം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കേണ്ടതുണ്ട്. കൊലപാതകത്തെ രാഷ്ട്രീയമായി ന്യായീകരിക്കുക എന്ന പ്രവര്‍ത്തി സിപിഎമ്മിന്‍റെ നേതാക്കന്‍മാര്‍ എം.എല്‍.എമാര്‍ തന്നെ ചെയ്യുന്നു എന്നതുകൊണ്ടാണത്. 
സിപിഎമ്മിന്‍റെ ന്യായീകരണങ്ങള്‍ ഇങ്ങനെ പോകുന്നു... 
സിപിഎമ്മിന് അഞ്ചൂറിലധികം രക്തസാക്ഷികളുണ്ട്. അവരെയൊക്കെ കോണ്‍ഗ്രസും ആര്‍.എസ്.എസും മുസ്ലിം ലീഗും ഇസ്ലാമിസ്റ്റ് തീവ്രവാദികളുമൊക്കെ കൊലപ്പെടുത്തിയതാണ്. 
സിപിഎമ്മിനെ അടിക്കുമ്പോള്‍ പ്രതിരോധിക്കുകയാണ് സിപിഎം ചെയ്യുന്നത്. (പാടത്ത് പണിയെങ്കില്‍ വരമ്പത്ത് കൂലി കൊടുക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്.)
ഒരു കൊലപാതകത്തെ മറ്റൊരു കൊലപാതകം എടുത്തു കാട്ടി ന്യായീകരിക്കുകയാണ് ഇവിടെ സിപിഎം ചെയ്യുന്നത്. ഞങ്ങളുടെ ആളുകളെയും കൊന്നിട്ടുണ്ടല്ലോ, അപ്പോ പിന്നെ ഞങ്ങളൊന്ന് കൊന്നപ്പോ എന്തിനാ ഇത്ര വേവലാതി എന്ന മട്ടിലാണ് സിപിഎം നേതാക്കളുടെ ന്യായങ്ങള്‍. 
അശോകന്‍ ചെരുവിലിനെപ്പോലെയൊരു ഇടതുപക്ഷ സഹയാത്രികനായ  സാഹിത്യകാരന്‍, എം.സ്വരാജ്, എ.എന്‍ ഷംസീര്‍ തുടങ്ങിയ എംഎല്‍എമാര്‍ എന്നിവരൊക്കെ ഈ വിധത്തില്‍ ഞങ്ങളെക്കൊന്നപ്പോള്‍ നിങ്ങള്‍ മിണ്ടിയില്ല്ല്ലോ എന്ന് ചോദിക്കുന്നവരാണ്. 
ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത് എന്നതാണ് അത്ഭുതകരം. സിപിഎം ഒരു നുറ്റാണ്ട് പിന്നിലെ ഗോത്രവര്‍ഗക്കാരായി മാറുന്നത് ഇവിടെയാണ്. സിപിഎം പ്രവര്‍ത്തകന്‍ കൊലപ്പെട്ടപ്പോള്‍ ന്യൂസ് നൈറ്റ് ചര്‍ച്ച നടന്നില്ല എന്നത് സിപിഎമ്മിന് മറ്റൊരാളെ കൊല്ലാനുള്ള ലൈസന്‍സാകുന്നില്ല എന്ന് ഈ പമ്പര വിഡ്ഡികളോട് ആരാണ് പറഞ്ഞു കൊടുക്കുക. 
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രെണ്ടുകാര്‍ കൊലപ്പെടുത്തിയപ്പോള്‍ കേരളം ഒറ്റക്കെട്ടായി അഭിമന്യുവിന്‍റെ നീതിക്ക് വേണ്ടി നിലകൊണ്ടത് മറന്നു പോകാതിരിക്കുക. ഈ വിധത്തില്‍ സിപിഎമ്മിനൊപ്പം നിന്ന വലിയ പാരമ്പര്യം കേരളത്തിലെ പൊതുസമൂഹത്തിനുണ്ട് എന്ന് മറന്നു പോകരുത്. രക്തസാക്ഷികളുടെ കണക്ക് പറഞ്ഞ് തങ്ങള്‍ ചെയ്ത ക്രിമിനല്‍ ആക്ഷനെ ന്യായീകരിക്കുക എന്നത് ജനാധിപത്യ സമൂഹത്തില്‍ ഒരു തരത്തിലും ഭൂഷണമല്ല എന്ന് സ്വരാജും ഷംസീറും കോടിയേരി ബാലകൃഷ്ണനും മനസിലാക്കുക. 
ഈ കൊലപാതകങ്ങളും കേട്ടാല്‍ അറപ്പ് തോന്നുന്ന ന്യായീകരണങ്ങളും ഒരു ഇടതുപക്ഷ ഗവണ്‍മെന്‍റിനെയും ഇടുതപക്ഷ മുന്നണിയെയും ഏതാനും ദിവസം കൊണ്ട് ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ലോക്സഭയില്‍ ലഭിക്കുമായിരുന്ന ഒരു മൈലേജ് പെരിയയിലെ കൊലക്കത്തികള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. കൊലക്കത്തികളുടെ വേട്ടയാടുന്ന സിപിഎമ്മിനെ ജനം ഉടനെയൊന്നും ഇനി വിശ്വാസത്തിലെടുക്കുമെന്ന് കരുതുക വയ്യ. വരുന്ന തിരഞ്ഞെടുപ്പില്‍ കേരളീയ മനസാക്ഷി വലുതായൊന്നും സിപിഎമ്മിന് നീക്കിയിരുപ്പ് നല്‍കില്ല എന്ന് തന്നെയാണ് ഈ ദിവസങ്ങളിലെ ജനവികാരം വ്യക്തമാകുന്നത്. 
Join WhatsApp News
josecheripuram 2019-03-02 16:49:25
Why you communist Party in Kerala don't under stand? time has changed,there was a time when the workers were exploited,. it's not the time workers being exploited.Why Communist party failed in other countries? because The party was so  corrupted, the people who are with the party enjoyed all the benefits,the poor remained poor.Let me tell you one thing if you guys think that You can keep playing the trick,  again, like  alternating  ruling.All the time,  We  had only two option,now we have a Third option.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക