Image

തിരിച്ചടിച്ചത് രണ്ടാം ആക്രമണത്തിന് ഭീകരര്‍ തയ്യാറാകുന്നതിനിടെ; ഇന്ത്യ ആര്‍ക്കുമുന്നിലും തല കുനിക്കില്ല, രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി

Published on 26 February, 2019
തിരിച്ചടിച്ചത് രണ്ടാം ആക്രമണത്തിന് ഭീകരര്‍ തയ്യാറാകുന്നതിനിടെ; ഇന്ത്യ ആര്‍ക്കുമുന്നിലും തല കുനിക്കില്ല, രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:  ഇന്ത്യ ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്നും രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വ്യോമാക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വോട്ട് അഭ്യര്‍ത്ഥനയോടെയാണ് മോഡി പ്രസംഗം അവസാനിപ്പിച്ചത്. ഡെല്‍ഹിയില്‍ വേണ്ടത് ശക്തമായ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിച്ചു.അതേസമയം പുല്‍വാമയില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേര്‍ക്കു നടത്തിയ ആക്രമണത്തിന് നിയന്ത്രണരേഖ മറികടന്ന് അതിശക്തമായി തിരിച്ചടിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

പഠാന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കുള്ള പങ്കിന്റെ തെളിവുകള്‍ പലതവണ ഇന്ത്യ നല്‍കിയെങ്കിലും ശക്തമായ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയാറായില്ല. അതിനിടെ ജയ്‌ഷെ മുഹമ്മദ് വീണ്ടും ആക്രമണങ്ങള്‍ നടത്തുമെന്നു വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ബാലാകോട്ടിലെ ആക്രമണങ്ങള്‍ നിരവധി ഭീകരരെ ഇല്ലാതാക്കി. ഇവരില്‍ ജയ്‌ഷെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ടായിരുന്നു. ജയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് വ്യോമസേന തകര്‍ത്തത്. കൊടുംകാടിനു നടുവില്‍ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകള്‍ സ്ഥിതിചെയ്തിരുന്നത്. കൊല്ലപ്പെട്ടത് വന്‍ സംഘമാണ്. കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. 

സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരന്‍ യൂസഫ് ആയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് മുസഫറാബാദ്, ബാലാകോട്ട്, ചകോതി മേഖലകളിലെ ഭീകര ക്യാംപുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാംപുകള്‍ പൂര്‍ണമായി തകര്‍ത്തു. 1000 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇന്ത്യ വര്‍ഷിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക