Image

കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന്‍ മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല: അഡ്വ ജയശങ്കര്‍

Published on 26 February, 2019
കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന്‍ മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല: അഡ്വ ജയശങ്കര്‍

കൊച്ചി: എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റു മന്ത്രിമാരേയും പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്നു തന്നെയാണ് സിപിഎം നിലപാടെന്നും പാണക്കാട് തങ്ങളുടെയും പാലാ മെത്രാന്റെയും പെരുന്ന തമ്ബുരാന്റെയും ഓശാരത്തിലല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്ക്കുന്നതെന്നും ജയശങ്കര്‍ പരിഹസിച്ചു.

കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന്‍ മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല. സര്‍ക്കാര്‍ സഹായത്തോടെ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ്. കൂട്ടത്തില്‍ മുതലാളിയുടെ വീട്ടില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കുക മാത്രമാണ് ചെയ്തതെന്നും ജയശങ്കര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്നു തന്നെയാണ് സിപിഎം നിലപാട്. പാണക്കാട് തങ്ങളുടെയും പാലാ മെത്രാന്റെയും പെരുന്ന തമ്ബുരാന്റെയും ഓശാരത്തിലല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്ക്കുന്നത്.

കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയില്‍ പോയത് നടേശന്‍ മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല. സര്‍ക്കാര്‍ സഹായത്തോടെ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ്. കൂട്ടത്തില്‍ മുതലാളിയുടെ വീട്ടില്‍ നിന്ന് ഒരു കപ്പ് ചായ കുടിച്ചു. അത്രതന്നെ.

വെളളാപ്പളളി നടേശന്‍ വെറുമൊരു സമുദായ നേതാവല്ല. ആപല്‍ ബാന്ധവനാണ്, ഇടതുപക്ഷ മനസുളള ആളാണ്, മതനിരപേക്ഷ ചിന്താഗതിക്കാരനാണ്, സര്‍വോപരി നവോത്ഥാന നായകനാണ്. അദ്ദേഹത്തെ വീട്ടില്‍ച്ചെന്നു ദര്‍ശനം നടത്തുന്നത് പുണ്യമാണ്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എസ്‌എന്‍ഡിപി യോഗം നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുന:പരിശോധിക്കും. സിപിഎം നേതാക്കള്‍ വെളളാപ്പളളിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍, പ്രസ്താവനകള്‍, പ്രഖ്യാപനങ്ങള്‍ എല്ലാം പൂര്‍വകാല പ്രാബല്യത്തോടെ പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കും.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്തു വിട്ടുവീഴ്ച ചെയ്യാനും സര്‍ക്കാര്‍ സന്നദ്ധമാണ്. കണിച്ചുകുളങ്ങര ഭഗവതിയാണെ സത്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക