Image

ഇവിടെ രക്തപുഷ്പങ്ങള്‍ വിരിയുന്നു(എഴുതാപ്പുറങ്ങള്‍-35- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 26 February, 2019
ഇവിടെ രക്തപുഷ്പങ്ങള്‍ വിരിയുന്നു(എഴുതാപ്പുറങ്ങള്‍-35- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
അച്ഛനെ അന്വേഷിച്ച് വാവിട്ടു കരയുന്ന കുഞ്ഞുങ്ങളുടെ രോദനം കാതുകളില്‍ മുഴങ്ങുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ മാറോടണച്ച് കെട്ടിപ്പുണര്‍ന്നു തകര്‍ന്നുടഞ്ഞ ഹൃദയവുമായി സ്ത്രീകളുടെ അടക്കിപ്പിടിച്ച കണ്ണീര്‍ തടാകങ്ങള്‍ കവിഞ്ഞൊഴുകുന്നു. ചിറകറ്റുവീണ കുഞ്ഞിക്കിളിയെ നോക്കി തലതല്ലി കരയുന്ന അമ്മക്കിളിയെപ്പോള്‍ പെറ്റമ്മ കരയുന്നു. തെറ്റാണോ ശരിയാണോ താന്‍ ചെയ്തത് എന്നറിയാതെ കടിച്ചമര്‍ത്തിയ വേദനയുമായി  ഉറ്റവരെ എന്ത് പറഞ്ഞു ആശ്വസിപ്പിയ്ക്കും എന്നറിയാതെ പിതാവ് നിര്‍ജ്ജീവമായി നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒന്ന് എത്തിനോക്കി, നോക്കി നില്‍ക്കാന്‍ അശക്തരായി കണ്ണും തുടച്ച് നാട്ടുകാര്‍ പിരിഞ്ഞുപോകുന്നു. ഇത്തരം സാഹചര്യം ഒരു കുടുംബത്തിലല്ല.  രാജ്യത്തിനുവേണ്ടി തന്റെ ജീവന്റെ ഒരംശം പറിച്ചുകൊടുത്ത ഒരുപ്പാട് അമ്മമാര്‍ക്ക് അവരുടെ മകനെ നഷ്ടപ്പെട്ടിരിയ്ക്കുന്നു.  തിരതല്ലുന്ന ജീവിത കടലില്‍ അമര്‍ത്തിപിടിച്ച കരുത്താര്‍ന്ന കൈകള്‍ തന്നെ വിട്ടുപോകുമ്പോള്‍  അമ്പരന്നു കരയുന്ന ഒരുപാട് മക്കള്‍ക്ക് അവരുടെ അച്ഛനെ നഷ്ടപ്പെട്ടിരിയ്ക്കുന്നു. അവസാന തവണ അവധിയ്ക്കു വന്നപ്പോള്‍  തന്റെ കാതില്‍ മന്ത്രിച്ച ജീവിത സ്വപ്നങ്ങള്‍ വിരിയാതെ കൊഴിഞ്ഞുപോയ നൊമ്പരവും നല്‍കി ഒരുപാട് സ്ത്രീകളുടെ സീമന്ത രേഖയിലെ  കുംങ്കുമം മാച്ച് കളയപ്പെട്ടിരിയ്ക്കുന്നു. മക്കളുടെ ബാല്യവും കൗമാരവും മനസ്സിലിട്ട് താലോലിച്ച് വളര്‍ത്തിയ   മക്കള്‍ രാഷ്ട്രത്തിനുവേണ്ടി  സേവനം ചെയ്യുന്നു എന്ന് അഭിമാനിച്ച ഒരുപാട് പിതാക്കള്‍ക്ക് അവരുടെ പൊന്നുമകനെ നഷ്ടപ്പെട്ടിരിയ്ക്കുന്നു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഇന്ത്യയ്ക്ക് സമ്മാനിച്ച ഒരു സ്ഥിതിവിശേഷമാണിത്. രാഷ്ട്രം ഇവരെ എന്ത് പറഞ്ഞാശ്വസിപ്പിയ്ക്കും ഇവരുടെ ജീവിതത്തില്‍ അവശേഷിയ്ക്കപ്പെട്ട ചോദ്യചിഹ്നങ്ങള്‍ക്ക് എന്ത് ഉത്തരം നല്‍കും?  

പുല്‍വാമയിലെ ഫെബ്രുവരി 14ലെ സ്ഥിതിവിശേഷങ്ങള്‍ മുംബൈ പോലുള്ള മഹാനഗരത്തില്‍ ഒരു നടുക്കം സൃഷ്ടിച്ചിരിയ്ക്കുന്നു  കാരണം ഇന്ത്യയിലെ ആണവ റിസര്‍ച് കേന്ദ്രവും, ഷെയര്‍ മാര്‍ക്കാറ്റും നിലനില്‍ക്കുന്ന  ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ കാപ്പിറ്റല്‍   സിറ്റിയായ  മുംബൈ എന്നും തീവ്രവാദികളുടെ ലക്ഷ്യമാണ്. അത് മാത്രമല്ല   2005ല്‍, ജൂലൈ 11  മുംബൈ നഗരത്തെ നടുക്കിയ ഭീകരാക്രമണത്തെകുറിച്ചാണ് ഓര്‍മ്മവന്നത്. വെറും 11 മിനിട്ടു നേരംകൊണ്ട് 7 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ നടന്ന ബോംബാക്രമണത്തില്‍ 499 നിരപരാധികളായ സാധാരണ  ജനങ്ങളുടെ ശവശരീരമാണ്  ചിന്നിച്ചിതറിയത്.  അതുപോലെത്തന്നെ 2008 ല്‍ മുംബൈ താജ് ഹോട്ടലില്‍ നിന്നും തുടങ്ങിയ ഭീകരാക്രമണത്തില്‍  സാധാരണ ജനങ്ങളും, ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരും അടങ്ങുന്ന   ഏകദേശം 166 ജീവനാണ് ഭീകരവാദികള്‍ അപഹരിയ്ക്കപ്പെട്ടത്. ഇതെല്ലാം രാജ്യം നേരിട്ട നിരവധി സംഭവങ്ങളില്‍ ചിലതുമാത്രം. സാധാരണ ജനങളുടെ ജനജീവിതം താറുമാറാക്കുന്ന ഈ ഭീകരാക്രമങ്ങള്‍ ഇന്ത്യയില്‍ ജനിച്ചു വീണിട്ട് വര്‍ഷങ്ങളോളമായി. ഇത്തരം സംഭവങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ ഓരോ ജനങ്ങളും ഓര്‍മ്മിയ്‌ക്കേണ്ടത് ഒന്നാണ് ഈ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈരാഗ്യം ഉടലെടുത്തത്, എല്ലാവരും മഹത്തായത് ഞങ്ങളുടേതെന്നു പറഞ്ഞു പരസ്പരം മത്സരിയ്ക്കുന്ന മതം തന്നെയാണ്.   ജാതിവിവേചനങ്ങളും, മതവൈരാഗ്യങ്ങളും മൂര്‍ഛിച്ച് നില്‍ക്കുന്ന സ്ഥിതിവിശേഷത്തില്‍ ഈസ്‌റ് ഇന്ത്യ കമ്പനി അടിമപ്പെടുത്തി ഭരിച്ച ഭാരതം, 1947 നു അവരില്‍ നിന്നും സ്വാതന്ത്രമായപ്പോള്‍ ആദ്യമായി നടന്നത് മതത്തിന്റെ പേരിലുള്ള ഭാരതത്തിന്റെ വിഭജനമായിരുന്നു. പാക്കിസ്ഥാനെന്ന  മുസ്‌ളീം രാഷ്ട്രത്തിന്റെ പിറവിയും, മത സഹിഷ്ണുതയോടെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയവുമായി ഇന്ത്യയും മാറി. ഈ ഒരു വിഭജനം ആവശ്യമായിരുന്നുവോ എന്നത് ഇന്നും ഉത്തരം കിട്ടാത്ത  സമസ്യയാണ്      വിഭജന സമയത്ത് ജമ്മു ആന്റ് കാശ്മീര്‍ എന്ന വലിയ നാട്ടുരാജ്യം ഭരിച്ചിരുന്ന ഹിന്ദു രാജാവ് ഹരി സിംഗ് , ഇന്ത്യയോടുകൂടിയോ പാക്കിസ്ഥാനോട് കൂടിയോ ചേരാതെ സ്വതന്ത്ര രാജ്യമായി നിലകൊള്ളാന്‍ ആഗ്രഹിച്ചു.  കാരണം മുസ്ലിം ഭുരിപക്ഷമുണ്ടായിരുന്ന തന്റെ രാജ്യം ഇന്ത്യയോട് ചേര്‍ന്നാല്‍ അത് അവര്‍ക്കും പാക്കിസ്ഥാനോട് ചേര്‍ന്നാല്‍ ഹിന്ദു സിക്ക് മതക്കാര്‍ക്കും പ്രിയങ്കരമാകില്ലെന്നു അദ്ദേഹം വിശ്വസിച്ചു. മുഹമ്മദ് ആലി ജിന്ന ജമ്മു കാശ്മീര്‍ പാക്കിസ്ഥാനോട് ചേരണമെന്ന്  രാജാവിനോട് അഭ്യര്‍ത്ഥിച്ചതായി ചരിത്രകാരന്മാര്‍ വിശ്വസിയ്ക്കുന്നു ഭൂരിപക്ഷം കാശ്മീരികള്‍ പാക്കിസ്ഥാനുമായി ചേരാന്‍ ആഗ്രഹിച്ചുവെങ്കിലും  രാജ ഹരി സിംഗ് കാശ്മീറിനെ സ്വതന്ത്രമാക്കി നിര്‍ത്താന്‍ ശ്രമിച്ചു.  എന്നാല്‍ മുസ്‌ളീമുകള്‍ അക്ഷമരാകുകയും പടിഞ്ഞാറേ അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാന്‍ പാഷ്ടൂണ്‍ (ുമവെ ഠൗച) വിഭാഗക്കാര്‍ ദേശവാസികളുടെ സഹായത്തോടെ  ആസാദ് ജമ്മുവിന്റെ ഭാഗങ്ങള്‍ കയ്യടക്കുകയും ചെയ്തു. രാജാ ഹരി സിംഗ് ആ സമയം ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയോട് ചേര്‍ന്നാല്‍ സഹായിയ്ക്കാമെന്നു ഇന്ത്യയുടെ വാഗ്ദാനപ്രകാരം കാശ് മീര്‍  ഇന്ത്യന്‍  യൂണിയനോട്  ചേര്‍ക്കുകയും ചെയ്തു.  ഇന്ത്യന്‍  പട്ടാളം പാക്കിസ്ഥാന്‍ കയ്യടക്കിയ ഭാഗങ്ങള്‍ വീണ്ടെടുത്തു. ഇത്തരം സാഹചര്യങ്ങള്‍ ഇതുവരെ ഉണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള  പ്രശ്‌നങ്ങള്‍ക്ക് നാന്ദി കുറിച്ചു. മതത്തിന്റെ പേരില്‍ വേര്‍പിരിഞ്ഞിട്ടും ഇന്ത്യയെ നിരന്തരം ആക്രമിച്ചുകൊണ്ടിരിയ്ക്കുന്ന പാക്കിസ്ഥാന്റെ മനോഭാവം   മാറ്റേണ്ടത് പ്രശ്‌നപരിഹാരത്തിന് ആവശ്യമാണ്. അതുപോലെ തന്നെ വിഭജന കാലം മുതല്‍ക്കേ കാശ്മീര്‍ നിവാസികള്‍ക്ക് ഇന്ത്യക്കാരോടല്ല അവര്‍ക്ക് ഇന്ത്യന്‍ പട്ടാളത്തോടാണ് ശത്രുത. കാരണം ഇന്ത്യന്‍ പട്ടാളക്കാരില്‍ നിന്നും ഏതൊക്കെയോ  സാഹചര്യത്തില്‍ അവര്‍ക്കുണ്ടായ ദുരനുഭവം  അവരുടെ മനസ്സില്‍  ഉണങ്ങാത്ത മുറിവായി ഇന്നും അവശേഷിയ്ക്കുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ കാശ്മീര്‍ നിവാസികളോടുള്ള മര്യാദപൂര്‍വ്വമായ പെരുമാറ്റത്തില്‍ ഈ മുറിവുകള്‍ ഉണക്കാന്‍ കഴിയുന്നതോടെ ഇന്ന് നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചെറുതായെങ്കിലും പരിഹാരമാകും  എന്നത്  പല മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ പെട്ടിരിയ്ക്കുന്നു. ഇത്തരത്തിലൊരു പരിഹാരം കാണാന്‍ കഴിയാത്തതുകൊണ്ട്  'കാശ് മീര്‍ ആര്‍ക്ക്' എന്ന ചോദ്യം    ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് മൂര്‍ച്ച കൂടുകയും   ഒരു യുദ്ധത്തില്‍ തന്നെ കലാശിയ്ക്കുമോ എന്ന സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുകയുമാണ്. പുഷ്പിണിയായി നില്‍ക്കുന്ന കാശ്മീരിലെ വിരിഞ്ഞു കൊഴിയുന്ന പൂക്കള്‍ക്ക് ഇന്ന് ഓരോ ദിവസവും ഇവിടെ മൃതിയടയുന്നവരുടെ രക്തത്തിന്റെ മണമായിരിയ്ക്കുന്നു. 

ഗുരുതരമായ ഈ പ്രശ്‌നത്തിന് പെട്ടെന്ന് ഒരു  പരിഹാരം കാണാന്‍ കഴിയുമോ എന്ന പ്രത്യാശ ഇന്നും വിദൂരത്താണ്.  ഒന്നുകില്‍  വര്ഷങ്ങളായി ഇന്ത്യപാക്കിസ്ഥാനിടയില്‍ നിലനില്‍ക്കുന്ന ഈ പ്രശ്‌നങ്ങള്‍ ഒരു യുദ്ധത്തില്‍ അവസാനിപ്പിയ്ക്കുക . അല്ലെങ്കില്‍ പകരം ചോദിയ്ക്കാതെ എന്തിനെയും ചെറുത്തു നില്‍ക്കാനുള്ള ശക്തി കൈവരിയ്ക്കുക. ഇതില്‍ ഒരു യുദ്ധം അല്ലെങ്കില്‍ പകരം  വീട്ടല്‍ തുടങ്ങി വയ്ക്കാന്‍ എളുപ്പമായേയ്ക്കാം. എന്നാല്‍  അതിന്റെ പര്യവസാനം ഒരുപാട് നിരപരാധികളുടെ ജീവന്‍ ബലിയര്‍പ്പിച്ചും, സാമ്പത്തിക ഭദ്രത തട്ടിയുടച്ചും ഉള്ളതാകാം. അതിനാല്‍ ഒന്നിനും അവസരം നല്‍കാതെ ചെറുത്തു നില്‍ക്കുക എന്നതായിരിയ്ക്കും അഭികാമ്യം..  അതിനാല്‍ ഒരു  ജാതിയ്‌ക്കോ, മതത്തിനോ രാഷ്ട്രീയത്തിനോ ഒന്നും തകര്‍ക്കാനാകാത്ത ഒരു കൂട്ടായ്മ, 'ഞാന്‍ ഇന്ത്യക്കാരന്‍', 'എന്റെ ഇന്ത്യ'  എന്ന ഒരു കെട്ടുറപ്പ് പടുത്തുയര്‍ത്തണം . അതിനായി ഇപ്പോഴുള്ള തലമുറയിലും, വരാനിരിയ്ക്കുന്ന തലമുറയിലും മാതൃരാജ്യ സ്‌നേഹം ഉളവാക്കണം. അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും 
എന്തിനൊക്കെയോ പരസ്പരം മത്സരിച്ചാലും മാതൃസ്‌നേഹം എന്ന ഒരു വികാരം എല്ലാ ഇന്ത്യക്കാരനിലും  ഒന്നായിരിയ്ക്കണം.

 ചെറുത്തു നില്‍പ്പ് കൂടാതെ മറ്റൊന്നാണ് അവസരങ്ങള്‍ ഒരുക്കികൊടുക്കാതിരിയ്ക്കുക എന്നതാണ്.  കൂടുതല്‍ ജനങ്ങള്‍ ഒത്തുകൂടുന്ന സാഹചര്യത്തിലും, മതപരമായതും, രാഷ്ട്രീയപരമായതുമായ കൂട്ടായ്മകള്‍ ഒരുങ്ങുമ്പോഴും, പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരായിരിയ്‌ക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. അതുപോലെ തന്നെ വളരുന്ന തലമുറയ്ക്ക് സുരക്ഷിതത്വത്തെ കുറിച്ചും, അത്യാഹിത സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനെക്കുറിച്ചും വേണ്ട അറിവ് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്.  സ്‌കൂള്‍ തലത്തിനലും ജനങ്ങള്‍ക്കിടയിലും അത്യാഹിത ഘട്ടങ്ങളെ തരണം ചെയ്യേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള പരിശീലങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഇനിയും വളരെ ഗൗരവമായി തന്നെ ജനങ്ങളെ ആക്രമണ സാധ്യതയുള്ള സാഹചര്യങ്ങളെ മനസ്സിലാക്കാനും, മുന്‍കൂട്ടി ശ്രദ്ധിയ്ക്കാനും ബോധവാന്മാരാക്കണം. 

ഇത്തരത്തിലുള്ള പല ആക്രമണങ്ങള്‍ നടന്നു കഴിയുമ്പോഴും പലപ്പോഴും ശ്രദ്ധിയ്ക്കപ്പെടുന്ന ഒന്ന് ഇവര്‍ക്ക് അവസരം ഒരുക്കികൊടുക്കുന്നതില്‍ ചെറിയ ഒരു പങ്ക് നമ്മളില്‍  പലര്‍ക്കും തന്നെയാണ് എന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും ഉരുത്തിരിയുന്നത് വ്യക്തിവൈരാഗ്യങ്ങള്‍, പരസ്പര അവകാശ വാദങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരങ്ങള്‍,  പകതീര്‍ക്കല്‍, അധികാര മോഹങ്ങള്‍, അതിമോഹങ്ങള്‍ എന്നിവയില്‍ നിന്നുമാണ്. ഇവിടെ വിജയം കൈവരിയ്‌ക്കേണ്ടത് സ്വന്തം മാതൃരാജ്യത്തെ ഒറ്റികൊടുത്തു കൊണ്ടല്ല എന്ന ബോധം ഓരോ ഇന്ത്യക്കാരനിലും വേണം. വളര്‍ന്നു വരുന്ന തലമുറയ്ക്ക് തന്റെ മാതൃരാജ്യത്തോടുള്ള സ്‌നേഹം എന്തെന്ന് മനസ്സിലാക്കികൊടുക്കണം. ജീവന്‍ വെടിഞ്ഞാലും മാതൃ രാജ്യം ഒറ്റികൊടുക്കില്ല എന്നതായിരിയ്ക്കണം അവരെടുക്കേണ്ട തീരുമാനം.   അതിനാല്‍ ശക്തമായ ചെറുത്തുനില്‍ക്കലിലൂടെയും, ജാഗരൂകതയിലൂടെയും, മാതൃരാജ്യസ്‌നേഹത്തിലൂടെയും നമ്മുടെ ഇന്ത്യയെ രക്ഷിയ്ക്കാന്‍ ഓരോ ചുവടും നമുക്കൊന്നായി ചവിട്ടാം.

ഇവിടെ ഒരമ്മയ്ക്കും മകനെ നഷ്ടപ്പെടരുത്, ഒരു സുമംഗലിയും വിധവയാകരുത്, ഒരു കുട്ടിയും അനാഥയാകരുത്. നഷ്ടങ്ങളുടെയും, നേട്ടങ്ങളുടെയും ആകെത്തുക ഹിന്ദുവിന്റെയോ, മുസ്ലീമിന്റേയോ ക്രിസ്താനിയുടെയോ, ഭരണപക്ഷത്തിന്റെയോ, പ്രതിപക്ഷങ്ങളുടെയോ ആകരുത്, അത് നമ്മള്‍ ഇന്ത്യക്കാരുടെ ആണെന്ന ബോധം ഓരോ ഇന്ത്യക്കാരനിലും ഇനിയും വളരട്ടെ 
ജയ് ഹിന്ദ് ....

Join WhatsApp News
sudhir panikkaveetil 2019-02-26 09:46:57
മതസംഹിതകളെ തെറ്റായി വ്യാഖ്യാനിച്ച് 
ഒരു വിഭാഗം ധനികരാകുമ്പോൾ അത് സമൂഹത്തിൽ 
അശാന്തി നിറയ്ക്കുന്നു. മതങ്ങൾ പെരുകുന്നു മനുഷ്യർ തമ്മിലടിക്കുന്നു.
യുദ്ധമല്ല പരിഹാരം ജനങ്ങളെ 
ബോധവത്കരിക്കയാണെന്ന ശ്രീമതി 
ജ്യോതിലക്ഷ്മിയുടെ അഭിപ്രായം ശരിയാണ്. 
മതങ്ങളും, ആരാധനാലയങ്ങളും, പുരോഹിതന്മാരും 
ഇല്ലാത്ത ഒരു ലോകം സ്വപനം കാണാം. 
അന്ന് ഭൂമിയിൽ ശാന്തിയുണ്ടാകും. നല്ല ലേഖനം ശ്രീമതി നമ്പ്യാർ.

P R Girish Nair 2019-02-26 11:15:13
പുൽവാമ ഭീകരാക്രമണത്തിൾ സുരക്ഷാവീഴ്ച ഉണ്ടായി എന്നതാണ് വാസ്തവം. ഭീകരവാദികളുടെ പരിശീലകരെ ഇന്ത്യയിലേക്ക് അയച്ചതിനെകുറിച്ച് വാർത്തകളുണ്ടായിരുന്നു. കാശ്മീരിൽ യുവാക്കൾ കൂടുതലായി ഭീകരവാദത്തിലേക്ക് തിരിയുന്നു എന്ന് നമ്മുടെസേന തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. യുവാക്കൾ വഴിതെറ്റുന്നത് കൃത്യമായി നിരീക്ഷിക്കാനും അതിനെതിരെ പ്രവർത്തിക്കാനും സർക്കാരിൾനിന്നും ഒരുനടപടിയും ഉണ്ടാകുന്നില്ല. 

നമ്മുടെ കുട്ടികൾ മത പഠനത്തിന്റെ മറവിൽ എന്തു ചെയ്യുന്നു എന്ന് മാതാപിതാക്കൾ പോലും അന്യേഷികുന്നില്ല. രാജ്യ സ്നേഹം ഒരു മത പാഠശാലയിൽ നിന്നല്ലാതെ മാതാപിതാക്കളിൽ നിന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.

കാശ്മീരിലെ ബിജെപി പിഡിപി സർക്കാർ വീണതോടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഉടലെടുത്തു. ഇതെല്ലാം വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതാണ് എന്ന് എതു കഴുതക്കും മനസ്സിലാക്കാവുന്നതാണ്.

വായനക്കാരെ ബോധവത്കരിക്കുന്ന ഒരു ലേഖനത്തിന് ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം.
ജി .പുത്തൻകുരിശ് 2019-02-26 11:31:22
A very good article

സുധീർ പണിക്കവീട്ടിലിന്റെ ചിന്തകളോട് ചേർന്ന് നിന്ന് കൊണ്ട്, ജോൺ ലെനണിന്റെ പ്രശസ്തമായ ഗാനത്തിന്റെ ഭാഷാന്തരം 



സ്വർഗ്ഗം എന്ന് ഒന്നില്ലെന്ന് സങ്കൽപ്പിക്കുക 
അതിന് ശ്രമിക്കുമെങ്കിൽ അത് സാദ്ധ്യമാണ് 
നമ്മൾക്ക് കീഴിൽ നരകമെന്നൊന്നില്ല
മുകളിൽ ആകാശം മാത്രം  
അങ്ങനെ സങ്കല്പിച്ചാലും! മനുഷ്യരെല്ലാം 
ഇന്നിനായി  ജീവിക്കുന്നു എന്ന്. 

രാജ്യങ്ങൾ എന്നൊന്ന് ഇല്ലെന്ന്  സങ്കൽപ്പിച്ചാലും
അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല 
ഒന്നിനെയും കൊല്ലാനും, 
ഒന്നിനും വേണ്ടി മരിക്കാനില്ലെന്നും, 
മതങ്ങൾ ഇല്ലാത്ത ലോകം  സങ്കല്പിച്ചാലും '
ജനങ്ങൾ എല്ലാം സമാധാനത്തിനായി 
ജീവിക്കുന്നു എന്ന് സങ്കല്പിച്ചാലും !

നിങ്ങൾ പറയുമാറിയിരിക്കും 
ഞാൻ ഒരു സ്വപ്നാടകനാണെന്ന്;
എന്നാൽ ഞാൻ മാത്രമല്ല , 
നിങ്ങളും എന്നോടൊപ്പം ഒരു ദിവസം 
ചേരുമെന്ന് ഞാൻ  പ്രത്യാശിക്കുന്നു; 

കൈ അടക്കി വയ്ക്കാൻ ഒന്നും ഇല്ലാത്ത;
ഞാൻ ശങ്കിക്കുന്നു അതിന് കഴിയുമോ എന്ന്; 
ആർത്തിയും പട്ടിണിയുമില്ലാത്ത, 
സാഹോദര്യം മാത്രമുള്ള ലോകം;
എല്ലാവരും തുല്യമായി പങ്കിടുന്ന ലോകം;  
അങ്ങനെയൊന്നു സങ്കല്പിച്ചാലും  

(Imagine
John Lennon

Imagine there's no heaven
It's easy if you try
No hell below us
Above us only sky
Imagine all the people
Living for today (ah ah ah)
Imagine there's no countries
It isn't hard to do
Nothing to kill or die for
And no religion, too
Imagine all the people
Living life in peace
You may say that I'm a dreamer
But I'm not the only one
I hope someday you'll join us
And the world will be as one
Imagine no possessions
I wonder if you can
No need…)

Easow Mathew 2019-02-26 19:53:34
Jyothylakshmy has written a good article based on the recent terrorist attack on Indian soldiers at Pulvama. She has rightly pointed out a very relevant question here; Why don't we learn from our past similar experiences of suffering; why don't we still take sufficient precautions to avoid such terrible attacks? Easow Mathew
Das 2019-02-27 00:55:42

Hello  Jyoti ma’m,  Your endeavour to highlight the growing - global - terror strikes; thereby affecting humanities are indeed noteworthy !  Moreover, the message that you relayed through this column is very loud and clear of the patriotic and heroic nature !  Come what may, it’s high time to unite & ensure that ‘Peace’ remains the ultimate goal or weapon available on this planet in the highly volatile and truly challenging days ahead… Best wishes.


jyothylakshmy Nambiar 2019-02-27 12:38:47
വിലപ്പെട്ട സമയം തന്ന് അഭിപ്രായം എഴുതി പ്രോത്സാഹിപ്പിച്ച ശ്രീ സുധീർ പണിയ്ക്കവീട്ടിലിനും, ശ്രീ ഗിരീഷ് നായർക്കും, ശ്രി ദാസിനും,  ശ്രീ ജി പുത്തൻകുരിശിനും, ശ്രി ഈശോ മാത്യുവിനും, ശ്രീ ആണ്ട്രൂസിനും എന്റെ കൃതജ്ഞത അറിയിയ്ക്കട്ടെ
Submit-Sublimation 2019-02-27 06:47:08
Sublimate into the Cosmos, then you become part of the ultimate.
Then you have no Birth, no Death. You are in eternity.
realization of your Nothingness is the key to Wisdom and to the Eternal Journey of Nirvana- 
Nirvana the ever-evolving ever revolving Cosmic Dance
For the Cosmos, it is Eternal Serenity, no dance, no moments just simple existence.
Once you can realize these simple but secret paths, 
you won't try to conceive god & imprison Him in your brain.
You sublimate yourself into the Eternity like Fragrance of a flower.
Be that flower, claiming nothing, but fill the Cosmos with your fragrance.
Ha! then you don't need a coffin, clergy, cemetery or tombstones.
just disappear like a Mushroom. andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക