Image

യുദ്ധം (കവിത: അനില്‍ കുറ്റിച്ചിറ)

Published on 26 February, 2019
യുദ്ധം (കവിത: അനില്‍ കുറ്റിച്ചിറ)
ഞാന്‍ ഇടയ്ക്കിടെ എഫ്.ബിയില്‍ കവിതയെഴുതും
പറയത്തക്ക ജോലിയൊന്നുമില്ല. പുസ്തകം അച്ചടിച്ച് കൊടുക്കുന്ന ഇടപാടുണ്ട് മിക്കതും പണം വാങ്ങിയാണ് ചെയ്യുന്നത്.അതാണ് ഏക വരുമാനം.
കിട്ടുന്ന ലാഭം കൊണ്ട് ചിലരുടെ പു സ്തകങ്ങള്‍ അച്ചടിച്ചിറക്കും
അവക്ക് അതിനുള്ള അര്‍ഹതയുണ്ടന്നാണ് എന്റെ വിചാരം.
എന്റെ പരിസരത്ത് യുദ്ധമില്ല
പക്ഷേ യുദ്ധത്തിന്റെ ദൃശ്യങ്ങളും ഗന്ധവും ടീവീയിലൂടെ കാണുമ്പോഴേ ഭയക്കുന്ന
ഒരു ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്നതാണ് എന്റെ കുടുംബം.

വഴിയില്‍
അടിപിടിയുണ്ടാകുന്നതു കണ്ട്
തലകറങ്ങി വീണവളാണ്
ഭാര്യ.
ചോര വാര്‍ന്ന് വഴിയില്‍ കിടന്ന
അപരിചിതനാല്‍
ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടവരാണ്
മക്കള്‍.

ദേശീയത,
രാജ്യസ്‌നേഹം,
എന്തിന്റെ പേരിലായാലും,
യുദ്ധവും, ജീവനാശവും
എനിക്ക്
താങ്ങാവുന്നതിനപ്പുറമാണ്

ഇതിന്റെ
നിയമവശങ്ങളൊന്നും എനിക്കറിയില്ല
ഞാന്‍ പ്രശസ്തനായ
കവിയോ
പുസ്തക പ്രസാധകനോ അല്ല

എങ്കിലും
നാശം
നഷ്ടം
കൊലപാതകം
വിശപ്പ്
പട്ടിണി
ഇതൊക്കെ ഞാന്‍ വെറുക്കുന്ന വാക്കുകളാണ്.
കണ്ണടക്കുമ്പോള്‍
മാതാപിതാക്കളുടെ ഇടയില്‍
സ്വപ്നം കണ്ട്ചുരുണ്ടുറങ്ങുന്ന
കുഞ്ഞുങ്ങള്‍ക്കിടയിലേക്ക്
രാജ്യം കടം വാങ്ങിയ ആയുധങ്ങള്‍
ഒന്ന്
രണ്ട്
മൂന്ന്
എനിക്ക് നല്ല പേടിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക