Image

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം ആഘോഷിച്ചു

രവികുമാര്‍ Published on 27 February, 2019
ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍ പൊങ്കാല  മഹോത്സവം ആഘോഷിച്ചു
ഡാലസ്സ്  : ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തിലെ  പൊങ്കാല മഹോത്സവത്തില്‍ അനേകം ഭക്തര്‍, പൊങ്കാല നൈവേദ്യം തയ്യാറാക്കി പ്രപഞ്ച മാതൃ സങ്കല്പത്തില്‍ നിലകൊള്ളുന്ന ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹം നേടി. രാവിലെ ആരംഭിച്ച ദേവീപൂജയുടെ ഭാഗമായ ലളിതാ സഹസ്രനാമജപത്തിനുശേഷം,ദേവീസന്നിധിയില്‍ നിന്നും പൊങ്കാലയില്‍ പാചകം ചെയ്യാനുള്ള ഭക്ഷ്യ വസ്തുക്കള്‍ ഓരോ താലത്തിലാക്കി, വാദ്യമേള ഘോഷയാത്രയോടെ ക്ഷേത്രത്തിലെ സ്പിരിച്ചല്‍ ഹാളില്‍ എത്തിച്ചു. ഗണപതി പൂജക്ക്  ശേഷം, ക്ഷേത്ര പൂജാരി വിനയന്‍ നീലമന, പണ്ടാര അടുപ്പില്‍ തീ കത്തിച്ച്  പൊങ്കാല ഇടലിന്  ആരംഭം കുറിച്ചു. പിന്നീട്,  മറ്റുള്ള അടുപ്പുകളില്‍  പൊങ്കാല അര്‍പ്പിക്കാനെത്തിയ സ്ത്രീ ജനങ്ങള്‍  പ്രസാദം തയ്യാറാക്കി.  പൊങ്കാല കലങ്ങളില്‍ തിളച്ച് തൂകിയ ശര്‍ക്കരപായസം,  ദേവീപൂജയുടെ സമാപനത്തില്‍ പൂജാരി തീര്‍ത്ഥം തളിച്ച് ഭഗവതിക്ക്  സമര്‍പ്പിച്ചു. പൊങ്കാല പൂജാദികര്‍മ്മങ്ങള്‍ സമാപിച്ചപ്പോള്‍  എല്ലാ ഭക്തകളും സങ്കടങ്ങള്‍  ദേവിക്ക് സമര്‍പ്പിച്ച്  ആഗ്രഹ സഫലീകരണത്തിനായി  പ്രാര്‍ത്ഥിച്ച്   ധന്യതയോടെ സ്വഭവനത്തിലേക്ക്  മടങ്ങി. അമേരിക്കയിലെ പരിമിതമായ സാഹചര്യങ്ങള്‍ക്കനുസരിച്ച്,  പൊങ്കാല പൂജകള്‍ അതീവ ഭക്തിപുരസ്സരം നടത്താന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്  സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും അറിയിച്ചു.

ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍  ക്ഷേത്രത്തില്‍ പൊങ്കാല  മഹോത്സവം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക