Image

വിലക്കിയിട്ടും എഫ്. 16 ഉപയോഗിച്ചു , പാക്കിസ്ഥാനെ ഉപരോധിക്കാന്‍ അമേരിക്ക

Published on 28 February, 2019
വിലക്കിയിട്ടും എഫ്. 16 ഉപയോഗിച്ചു , പാക്കിസ്ഥാനെ ഉപരോധിക്കാന്‍ അമേരിക്ക

ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ യുദ്ധ സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ തളംകെട്ടി നില്‍ക്കുന്നത്. വ്യോമ മാര്‍ഗം അതിര്‍ത്തികള്‍ ലംഘിച്ച്‌ പടപൊരുതുകയാണ് ഇരു രാജ്യങ്ങളും. പലപ്പോഴും ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ക്ക് മുന്നില്‍ അടിപതറി നില്‍ക്കുന്ന പാക്ക് യുദ്ധ വിമാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പാക്കിസ്ഥാനില്‍ നിന്നും വരുന്നത്.

ശീതയുദ്ധത്തിന്റെ അവസാനസമയത്ത് അഫ്ഗാനിസ്ഥാനെ നേരിടാന്‍ സഹായിച്ചതിന്റെ പേരില്‍ അമേരിക്ക നല്‍കിയ എഫ് 16 വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നേരെ പൊരുതാന്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കുവാനായി അമേരിക്കന്‍ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം അമേരിക്ക നല്‍കിയിട്ടുണ്ട്. ഇക്കാര്യം ദേശീയ ചാനലുകളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അറുപഴഞ്ചനായ വിമാനങ്ങളും ദൗത്യങ്ങളില്‍ വിശ്വസിക്കാനാവാത്ത ചൈനീസ് വിമാനങ്ങള്‍ മാത്രമുള്ള പാകിസ്ഥാന് ഇന്ത്യന്‍ അതിര്‍ത്തികടന്ന് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിക്കാതെ മറ്റു വഴികളൊന്നും ഇല്ല.

ഇത് മനസിലാക്കിയാണ് നേരത്തെ തന്നെ തങ്ങളുടെ വിമാനങ്ങള്‍ ഉപയോഗിക്കരുതെന്ന് അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ത്യക്ക് മറുപടി നല്‍കാനെന്നോണം കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് മൂന്ന് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമം നടത്തിയത്. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന പാക്ക് വിമാന വ്യൂഹത്തില്‍ എഫ് 16 വിമാനങ്ങളും ചൈനീസ് നിര്‍മ്മിത വിമാനങ്ങളും ഉണ്ടായിരുന്നു. ഇതില്‍ അതിര്‍ത്തി ലംഘിച്ചത് മൂന്ന് എഫ് 16 വിമാനങ്ങളായികുന്നു.

എന്നാല്‍ അതീവ സുരക്ഷയിലായിരുന്ന ഇന്ത്യന്‍ വ്യോമസേന പാക്ക് വിമാനങ്ങളെ തുരത്തുകയും ഒരു എഫ് 16 വിമാനത്തെ വെടിവച്ചിടുകയും ചെയ്തു. ഇന്ത്യ പാക്ക് വിമാനങ്ങള്‍ മുഖാമുഖം വെടിവയ്പ്പ് നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ജമ്മുവിലെ രജൗരി ജില്ലയിലാണ് ഇരുവിമാനങ്ങളും ഏറ്റുമുട്ടിയത്. പാക്ക് വിമാനത്തെ തുരത്തുന്നതിനിടയില്‍ ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം തകരുകയും രക്ഷപ്പെടാനായി പാരച്യൂട്ട് വഴി ചാടിയ ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദ് പാക് സൈനികരുടെ പിടിയിലാവുകയും ചെയ്തു. അതിര്‍ത്തി പ്രദേശത്തായി രണ്ട് പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച്‌ രക്ഷപെട്ടതായി ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഇതിലൊന്ന് തകര്‍ന്ന പാക്ക് വിമാനത്തിന്റെ പൈലറ്റായിരുന്നു. എന്നാല്‍ ഇത് ഒളിപ്പിച്ച്‌ വച്ച പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ തകര്‍ത്തുവെന്നും രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടിച്ചു എന്നും ആദ്യം പ്രസ്താവന ഇറക്കുകയും പിന്നീട് തിരുത്തുകയും ചെയ്തു.

അതേസമയം ശക്തമായി വിലക്കിയിട്ടും എഫ് 16 വിമാനം ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച പാക്കിസ്ഥാനെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക