Image

നനുത്ത നിനവുകള്‍ (കവിത: ജയശ്രീ രാജേഷ്)

Published on 28 February, 2019
നനുത്ത നിനവുകള്‍ (കവിത: ജയശ്രീ രാജേഷ്)
മഞ്ഞിന്‍ കണമോലും
പുല്‍നാമ്പുകള്‍ തട്ടി
ചേലൊത്ത പാവാട
ത്തുമ്പൊന്നുയര്‍ത്തി
ഓടിക്കയറുന്നു ബാല്യത്തിന്‍
ഓര്‍മ്മകള്‍
ഒളിഞ്ഞു നോക്കുന്നൊരാ
മനസ്സിന്റെ ചെപ്പില്‍....

തുമ്പി പിടിച്ചതും
തുമ്പയിറുത്തതും
ഓര്‍മ്മയില്‍ വന്നങ്
പുഞ്ചിരി തൂകുന്നു....
പുഞ്ച വരമ്പത്തെ
പുന്നെല്ലിന്‍ മണമേറ്റ്
തെന്നി തെറിച്ചങ്ങ്
പോകുന്നിതെന്‍ മനം

കൊത്തങ്കല്ലാടുവാന്‍
കൈ ഒന്നു താളത്തില്‍
എങ്ങോ മുഴങ്ങുന്നു
അമ്മതന്‍ ശാസന
കല്ലാടും മുറ്റത്ത്
നെല്ലാടില്ലെന്നത്.....

തൊട്ടുകളിച്ചതും
കൊച്ചിക്കളിച്ചതും
കണ്ണാരം പൊത്തിയ
ങ്ങോടിയൊളിച്ചതും
മുറ്റത്തെ വൈക്കൂന
തന്‍ പ്രൗഢിയൊന്നതില്‍....

ഊഞ്ഞാലില്‍ ഉയരങ്ങള്‍
ചെന്നു തൊടുമ്പോഴോ
സഹ്യാദ്രി സാനുവില്‍
കയറിയോരഹന്തയും....
വാല്‍ക്കണ്ണെഴുതിയ
ചകോര പക്ഷിയുടെ
അഴകൊന്നു നുകര്‍ന്നതും
മുറ്റത്തെ മൈനക്ക്
കൂട്ടൊന്നു തേടിയും
ഇനിയൊന്നു കാണുവാ
നാകില്ലെന്നോര്‍മ്മയില്‍
അറിയാതെ വിങ്ങുന്നു
ഓര്‍മയില്‍ ബാല്യം....

പച്ചമാങ്ങ പൂളു
പങ്കിട്ടെടുത്തതും
ഇല്ലപറമ്പിലെ
നെല്ലിക്കെറിഞ്ഞതും
കശുമാവിന്‍ തോട്ടത്തില്‍
ചാഞ്ഞിടും കൊമ്പിലെ
പച്ചണ്ടി കീറി ബ്ലേഡോന്നൊളിപ്പിച്ചും
എങ്ങാനും ആരാനും
കണ്ടിരുന്നെങ്കിലോ
മാരത്തോണ്‍
 തോല്‍ക്കുമാ ഓട്ടമത്സരങ്ങളും....

കുന്നിന്‍ നെറുകിലെ
കണ്ണാന്തളി ചന്തം
നെല്ലോളം നുകരാന്‍
കുന്നൊന്നു കയറിയും..
നരിമാളന്‍ കുന്നിലെ
നരിമട കാണുവാന്‍
ആറ്റുനോറ്റൊന്നു കൂട്ടായിറങ്ങിടും
നരിയുണ്ട് പുലിയുണ്ട്
എന്നെല്ലാം ചൊല്ലാക്കി
കണ്ടിരുന്നതോ മട
മാത്രമെണെന്നെന്നും.....

പുതുശ്ശേരിക്കുണ്ടിലെ
പുല്ലാനി കാട്ടിലോ
പാടുന്ന പൂങ്കുയില്‍
താളത്തിനൊപ്പിച്ച്
പാട്ടൊന്നു മൂളുവാന്‍
കുഞ്ഞിന്‍ മനം പോലെ
 ഇന്നിതാ വീണ്ടും
ഉള്ളം കൊതിക്കുന്നു...

കാലത്തിന്‍ രഥചക്രം
ഓടിമറയുന്നു
നനു നനുത്തൊരാ
മഞ്ഞിന്‍ പുതപ്പിനാല്‍
ഇന്നിനെ വീണ്ടും ഓര്‍മ്മകളാക്കുവാന്‍....

തിരികെ നടന്നു
കയറാന്‍ കഴിയാതെ
കിതച്ചു നില്‍ക്കുന്നു
ഞാനുമാ പടവില്‍
കയ്യെത്തിപിടിക്കാന്‍
കഴിയാതെ പോയൊരാ
നിനവിലെ കനവായ് തീരുന്നതത്രയും.......

             

Join WhatsApp News
ഡോ.ശശിധരൻ 2019-03-02 17:33:44

ബാല്യകാലത്തെ വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ മായാത്ത മധുര സ്മരണകളുടെയും സ്നേഹത്തിന്റെയും  കനകരശ്മികൾ ഇന്നും ആത്മാവിൽ അണയാതെ നിന്ന് കൊണ്ട് ഒരു സ്വസ്ഥതയുടെ അസ്വസ്ഥത കെടാതെ പ്രകാശിച്ചു  പ്രസരിപ്പിക്കുവാൻ ജയശ്രീയുടെ ഈകവിതക്ക്  കഴിഞ്ഞിട്ടുണ്ട്.അകംകൃത സാഹിത്യത്തിന്റെ വൈകാരികമായ സ്ത്രൈണസൗന്ദര്യം പരത്തുക മാത്രമല്ല പുറംകൃത സാഹിത്യത്തിന്റെ വൈചാരിക മനോഹാരിതയിലേക്ക് ഈക്കവിത വെളിച്ചംവീശുകയും ചെയ്യുന്നുണ്ട് .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക