Image

മലങ്കര അതിഭദ്രാസനം: കുടുംബമേള 2019 ജൂലൈ 25 മുതല്‍ 28 വരെ ഡാളസില്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 28 February, 2019
മലങ്കര അതിഭദ്രാസനം: കുടുംബമേള 2019 ജൂലൈ 25 മുതല്‍ 28 വരെ ഡാളസില്‍
ന്യൂയോര്‍ക്ക്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്റെ 33ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2019 ജൂലൈ 25 വ്യാഴം മുതല്‍ 28 ഞായര്‍ വരെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് സഭാ വിശ്വാസികള്‍ പങ്കെടുക്കുന്ന കുടുംബമേള വന്‍ വിജയമാക്കാന്‍  ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ മേല്‍നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ വിപുലമായ ക്രമീകരങ്ങളാണ് നടത്തുന്നത്. വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ കോണ്‍ഫറന്‍സ് ഹാളുകള്‍, സുന്ദരമായ കിടപ്പുമുറികളും ഉള്‍പ്പെട്ട ഡാളസ് ഷെറാട്ടണ്‍ ഡി.എഫ്.ഡബ്ല്യു ഹോട്ടലാണ് ഈ വര്‍ഷത്തെ കുടുംബ മേളക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 

അഖില ലോക സഭാ കൗണ്‍സില്‍ മിഷന്‍ ഇവാഞ്ചലിസ്റ്റ് മോഡറേറ്റര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. "സമൃദ്ധമായ ജീവന്റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍ല്‍" എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. യാക്കബായ സഭയുടെ തന്നെ അങ്കമാലി ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ഡോ. ഫിലിപ്പ് മാമലാകിസ് കുടുംബം, വിവാഹം, സ്‌നേഹം, സാങ്കേതികവിദ്യയുടെ പൊതു കാലഘട്ടത്തില്‍ എങ്ങനെ കുട്ടികളെ വളര്‍ത്താം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ശില്പശാലകള്‍ നയിക്കും. റവ. ഫാ. സ്റ്റീഫന്‍ പോളി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പഠനങ്ങളും ധ്യാനങ്ങളും നയിക്കും. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ ഗൗരവമേറിയ വിഷയാവതരണം, ധ്യാനം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക യോഗങ്ങള്‍, വിശ്വാസ പ്രഖ്യാപനം, സംഗീത വിരുന്ന്, പൈതൃകം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികള്‍, വി.ബിഎസ്സിന്റെ  ഭാഗമായി ലെഗോലാന്‍ഡിലേക്കുള്ള പഠന വിനോദയാത്ര, ആത്മീയ സംഘടനകളുടെ യോഗങ്ങള്‍, സ്‌റ്റേജ് ഷോ തുടങ്ങി മറ്റനേകം പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു.

യാമ പ്രാര്‍ത്ഥനകളും വേദപുസ്തക ഗാനങ്ങളുമായി ആത്മീയ നിറവോടെ ജൂലൈ 28 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമ്മേളനം അവസാനിക്കുന്നതാണ്. ഡാളസ് ഡിഎഫ് ഡബ്ല്യു വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും ഉള്ള ഇടവകകളില്‍ നിന്ന് കുടുംബ സമ്മേളനത്തിന് പങ്കെടുക്കുന്നവര്‍ക്ക് www.malankara.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (973) 637 0757. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

മലങ്കര അതിഭദ്രാസനം: കുടുംബമേള 2019 ജൂലൈ 25 മുതല്‍ 28 വരെ ഡാളസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക