Image

അര്‍ജുനനല്ലേ അഭിനന്ദന്‍? (പി.സി. മാത്യു)

പി.സി. മാത്യു Published on 02 March, 2019
അര്‍ജുനനല്ലേ അഭിനന്ദന്‍? (പി.സി. മാത്യു)
പട്ടാളക്കാരനെ പുച്ഛിച്ചു തള്ളിയ നാട്ടിലിപ്പോളത്ഭുതം  
പറയുവാനുണ്ടൊത്തിരി നാട്ടാര്‍ക്കു പത്രത്തില്‍ നോക്കി.
പലരും ചെറു കവിതകള്‍പോലും എഴുതിത്തുടങ്ങി... 
പരക്കെ അറിയുവാന്‍ തന്നുടെ രാജ്യ സ്‌നേഹം നാടെങ്ങും.  
തന്‍ മകന് പെണ്ണ് ചോദിച്ചെത്തിയ പട്ടാളക്കാരന്റച്ഛനും 
തലയില്‍ കൈവച്ചു തിരിച്ചുപോയൊരു കാലമില്ലായിരുന്നോ?
ഇന്നിതാ വീരനാം വര്‍ദ്ധനന്‍ മകന്‍ അഭിനന്ദനൊരു 
ഇതിഹാസമായി ഭാരതാംബയ്‌ക്കൊരു പൊട്ടുചാര്‍ത്തി
ചരിത്രം സൃഷ്ഠിച്ചു ചിലരുടെ ചിന്തകള്‍ തെറ്റിച്ചിന്‍ഡ്യന്‍  
ചരിത്രത്തിലൊരു പുതു അധ്യായമെഴുതിച്ചേര്‍ത്തിരിക്കുന്നു. 
അഭിനന്ദനെന്നു കേട്ടാലിനി തിളക്കണം സിരകളില്‍ നീ 
അറിയാതെ നിന്‍ രക്തം, മതം മറന്നൊറ്റക്കെട്ടാകണംമേലില്‍.
പേരിടാം നിന്‍ പേരക്കുട്ടികള്‍ക്ക് അഭിനന്ദനെന്നാദരവാല്‍  
പാടിക്കൊടുക്കാമൊരു പാരഡിഗാനമൊരു വീരഗാഥയായ്,
വളര്‍ത്താം  മക്കളെ രാജ്യ സ്‌നേഹം പഠിപ്പിച്ചു വീരരായ്,
വലിച്ചെറിയാം വിനാശമാം മത ഭ്രാന്തുകളെന്നേക്കുമായ്...
ജീവന്‍ പണയംവച്ചതിര്‍ത്ഥി കാക്കും ജവാന്മാര്‍ക്കൊപ്പം നാം 
ജയ് ഹിന്ദ് പാടാമോരായിരമാദരവോടെ, സല്യൂട്ട് ചൊല്ലാം 
ജീവരക്ഷക്കായ് പോരാടുമാവര്‍ തന്‍ അച്ഛനമ്മമാരെ പിന്നെ
ജീവ പങ്കാളിയെ പിന്നെ മക്കളെ കാണുമ്പോള്‍ മടിക്കാതെ.... 
വിഹായസ്സില്‍ തന്‍ ലക്ഷ്യം നിറവേറ്റാന്‍ ശത്രു തന്‍  വിഷ  
വിമാനത്തെ വെടിവച്ചു വീഴ്ത്തിയുന്നംതെറ്റാതെ വില്ലാളി  
വീരനാം അര്ജുനനെപ്പോലെ അഭിനന്ദനിന്നെന്‍ രാജ്യത്തിന്‍ 
വായുസേനക്ക് വീര്യം പകര്‍ന്നൊരു വില്ലാളിപട്ടു നേടിയതിനി
പാട്ടാകും, ചരിത്രത്തില്‍ വരും തലമുറക്കൊരു ബാലപാഠമാകും... 
പാകിസ്താനെന്ന അയല്‍ക്കാരനെ തെല്ലും ഭയമില്ലാതെ നമുക്കു 
സ്‌നേഹിക്കാനും കഴിയണമഭിനന്ദനെ തിരികെയയച്ച മാന്യ  
സ്‌നേഹത്തെ മറക്കാതിരിക്കണം രാജ്യ സ്‌നേഹികള്‍ നാം.
മതേതരത്വവും ചേരിചേരാ നയവുമാദര്‍ശമാക്കിയ ഭാരതാംബേ,  
മനുഷ്യ സ്‌നേഹത്തിനു വിലകൊടുക്കുമെന്‍ മാതൃ രാജ്യമേ,  
അഖിണ്ഡത  തകര്‍ക്കും ദുഷ്ടരെ നേരിടാന്‍ ശക്തി പകരട്ടെയീ 
അഖിലാണ്ഡം വാഴുമെന്‍ ജഗതീശന്‍ ഓരോരോ ജവാന്മാര്‍ക്കും.   

അര്‍ജുനനല്ലേ അഭിനന്ദന്‍? (പി.സി. മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക